ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി ബില്ല് ലോക്സഭ പാസ്സാക്കി. ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ താൽപര്യങ്ങളെയും ലക്ഷ്യം വെക്കുന്ന ഭീകരാക്രമണങ്ങളെ അന്വേഷിക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. ഇതുവഴി വിദേശത്തുള്ള ഇന്ത്യാക്കാർക്കെതിരെയും ഭീകരത സംബന്ധിച്ച അന്വേഷണം നടത്താൻ എൻഐഎക്ക് സാധിക്കും. ഈ നിയമഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഒന്നാണെന്നും നരേന്ദ്രമോദി സർക്കാർ അതിനെ ദുരുപയോഗം ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് അമിത് ഷാ സംസാരിക്കാനായി എഴുന്നേറ്റത്. ബിജെപിയുടെ സത്യപാൽ സിങ് തങ്ങളെ സംബന്ധിച്ച് ഉന്നയിച്ച ആരോപണത്തിനെതിരെ ഹൈദരാബാദ് എംപിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ ഒവൈസി എഴുന്നേറ്റ സന്ദർഭത്തിലായിരുന്നു ഇത്. ഹൈദരാബാദ് പൊലീസിനെതിരെ തങ്ങളുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ടായെന്ന ആരോപണത്തെ പ്രതിരോധിക്കാൻ അസദുദ്ദീൻ ഒവൈസി എഴുന്നേറ്റു. എന്നാൽ, പ്രതിപക്ഷം സംസാരിക്കുമ്പോൾ തങ്ങൾ ഇടപെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഷാ. തങ്ങൾ ഒരിക്കലും എൻഐഎയെ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒവൈസിക്കു നേരെ വിരൽചൂണ്ടിയായിരുന്നു അമിത് ഷായുടെ സംസാരം.
ഇതെത്തുടർന്ന് ഒവൈസിയും ഷായും തമ്മിൽ ശക്തമായ വാഗ്വാദം നടന്നു. താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഉവൈസി തുറന്നടിച്ചു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു.
ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് ആഭ്യന്തരസഹമന്ത്രി ജി കൃഷ്ണൻ റെഡ്ഢി പറഞ്ഞു.
രാജ്യത്ത് പൊലീസ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
This post was last modified on July 15, 2019 6:38 pm
Leave a Comment