X

പ്രതിപക്ഷ നേതാക്കൾ ഒത്തുചേരുന്നത് ഇത് ഏഴാംതവണ: മഹാസഖ്യം ശക്തിപ്പെടുന്നുവോ?

ഏറ്റവുമൊടുവിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എൻ ചന്ദ്രബാബു നായിഡു ഡൽഹിയിൽ നടത്തിയ ധർണയിലാണ് പ്രതിപക്ഷത്തിന്റെ ഐക്യം പ്രകടമായത്.

ബിജെപിക്കെതിരായ പ്രതിപക്ഷ വിശാല ഐക്യം കൂടുതൽ ശക്തിപ്പെടുന്നുവെന്ന് കരുതാവുന്ന ലക്ഷണങ്ങളാണ് കഴിഞ്ഞ കുറച്ചാഴ്ചകളായി കാണുന്നത്. ബിജെപി ദേശീയാധ്യക്ഷൻ ‘സംസ്ഥാന നേതാക്കൾ’ എന്ന് വിശേഷിപ്പിക്കുന്ന വിശാല ഐക്യത്തിലെ നേതാക്കളോരോരുത്തരും ഓരോ ഘട്ടത്തിലും പരസ്പര സഹകരണത്തിന്റെ രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിവിരുദ്ധ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ തുടക്കത്തിൽ ഈ നേതാക്കളോടെല്ലാം ഒരൽപം അകലം പാലിച്ച് നിന്നിരുന്നതാണ്. അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന് വലിയ മാറ്റം വന്നിരിക്കുന്നു എന്നതിന് ഇന്ന് ഡൽഹിയിൽ നടക്കുന്ന റാലി തന്നെ ഉദാഹരണമാണ്. ഇത് ഏഴാമത്തെ തവണയാണ് പ്രതിപക്ഷ നേതാക്കൾ ഇത്തരത്തിൽ ഒരുമിച്ചു കൂടുന്നതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ കക്ഷികളിൽ ഇത്തരമൊരു സ്ഥിരത വന്നിരിക്കുന്നതു തന്നെ ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷ മഹാ ഐക്യം യാഥാർത്ഥ്യമായേക്കും എന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

2018 മാർച്ച് മാസത്തിൽ അന്നത്തെ യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി തന്റെ വസതിയിൽ സംഘടിപ്പിച്ച അത്താഴ വിരുന്നോടെയാണ് പ്രതിപക്ഷ മഹാസഖ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മൂർത്തമായ രാഷ്ട്രീയ നീക്കം വരുന്നത്. ജെഡിഎസ്, തൃണമൂൽ, ആർ‌ജെഡി, സമാജ്‌വാദി പാർട്ടി, ബിഎസ്പി, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ കക്ഷികളെല്ലാം ഈ യോഗത്തിലേക്ക് തങ്ങളുടെ നേതാക്കളെ പറഞ്ഞയച്ചു. ശരത് പവാർ, രാംഗോപാൽയാദവ്, സതീഷ് ചന്ദ്ര മിശ്ര, ഒമർ അബ്ദുള്ള, ബാബുലാൽ മറാൻഡി, ഹേമന്ത് സോറൻ, ജിതൻ റാം മഞ്ചി തുടങ്ങിയ പ്രമുഖ നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. മാർച്ച് 13നാണ് യോഗം നടന്നത്. മാർച്ച് 16നാണ് തെലുഗുദേശം പാർട്ടി എൻഡിഎ വിട്ടുപോരുന്നത്. തെലുഗുദേശം പാർട്ടി പിന്നീട് പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യ സംഘാടകരിലൊരാളായി മാറി.

മൻമോഹൻ സിങ്, ആന്റണി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളെല്ലാം ചേർന്ന് അതിഥികളെ സ്വീകരിച്ച ഈ അത്താഴവിരുന്നാണ് ഇന്നത്തെ നിലയിലേക്ക് വളർന്നിരിക്കുന്നത്. ചെറിയ സംശയം പുലർത്തി നീങ്ങി നിന്നിരുന്ന പല പാർട്ടികളും ഇപ്പോൾ മഹാസഖ്യത്തെക്കുറിച്ച് ഏറിയ പ്രതീക്ഷയും ആത്മവിശ്വാസവും പുലർത്തുന്നുണ്ട്.

കർണാടകത്തിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യ സർക്കാർ അധികാരത്തിലേറുന്ന ദിവസം പ്രതിപക്ഷ ഐക്യത്തിന്റെ രണ്ടാമത്തെ പ്രകടനമായി മാറി. ശരത് പവാർ മുതൽ കമൽ ഹാസൻ വരെയുള്ള നേതാക്കൾ പ്രതിപക്ഷ പ്രകടനമായി മാറിയ അധികാരമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമായേക്കാമെന്ന സൂചനകൾ ആദ്യം നല്‍കുന്നത് ഈ ചടങ്ങാണ്.

2018 ഡിസംബർ മാസത്തിൽ രാഹുൽ ഗാന്ധിയുടെ നേത‍ൃത്വത്തിൽ നടന്ന ഒരു പ്രകടനമാണ് മറ്റൊന്ന്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് മിന്നുന്ന പ്രകടനം കാഴ്ച വെച്ച സന്ദർഭമായിരുന്നു അത്. രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെയെല്ലാം കൂട്ടി ഒരു ബസ്സിൽ യാത്ര ചെയ്തു രാഹുല്‍.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പുകൾ സംബന്ധിച്ച് ആരോപണങ്ങൾ വ്യാപകമായതോടെ 21 ബിജെപിയിതര കക്ഷികൾ ഒരുമിച്ച് രംഗത്തെത്തി. അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീൻ തട്ടിപ്പ് സംബന്ധിച്ച ചില വ്യക്തമായ സൂചനകൾ രാഷ്ട്രീയ കക്ഷികൾക്ക് ലഭിച്ചിരുന്നു.

മമതാ ബാനർജി കൊൽക്കത്തയിലെ ബ്രി‌ഗേഡ് മൈതാനത്തിൽ സംഘടിപ്പിച്ച ‘ജനാധിപത്യത്തെ കാക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ മഹാറാലിയാണ് പ്രതിപക്ഷത്തിന്റെ ശക്തി തെളിയിച്ച, ഇതുവരെ നടന്നതിൽ വെച്ചേറ്റവും വലിയ പ്രകടനം. ഇതിൽ കോൺഗ്രസ്സ് അടക്കമുള്ള ഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ചു കൊണ്ടുവരാൻ മമതയ്ക്ക് സാധിച്ചു.

ഏറ്റവുമൊടുവിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എൻ ചന്ദ്രബാബു നായിഡു ഡൽഹിയിൽ നടത്തിയ ധർണയിലാണ് പ്രതിപക്ഷത്തിന്റെ ഐക്യം പ്രകടമായത്. ഏതാണ്ടെല്ലാം നേതാക്കളും നായിഡുവിനെ നേരിൽ വന്നു കണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇന്ന് എഎപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ റാലിയും സമാനമായ ഐക്യപ്രകടനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേതാക്കളെല്ലാം ഡൽഹിയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.