X

‘പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളാണ്’; കുമ്പളങ്ങിയിലെ ബേബിയെ തള്ളി ഒരു ഫേസ്ബുക്ക് പോസ്റ്റ്

പൊളിറ്റിക്കൽ കറക്റ്റ് ബുദ്ധിജീവി നാട്യക്കാർ ദയവായി ഒഴിഞ്ഞു നിൽക്കുക എന്ന ആമുഖത്തോടെയാണ് മനോജ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

മധു സി നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ കുമ്പളങ്ങി നെറ്സ് എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിലൊന്നായിരുന്നു ഷമ്മിയുടേയും ബോബി മോളുടേയും സംഭാഷണം.ഞാന്‍ ഒറ്റതന്തയ്ക്ക് പിറന്നതാണ് അല്ലാതെ അവന്മാരെ പോലെ പല തന്തയ്ക്കുണ്ടായതല്ല എന്ന് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിന് മറുപടിയായി ബേബി മോള്‍ പറയുന്നത്. പല തന്തയ്ക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിളല്ല എന്നാണ്. എന്നാല്‍ കുമ്പളങ്ങിയിലെ ബേബിയെ തള്ളി മനോജ് ബറൈറ്റ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതൊരു സിനിമാ നിരൂപണ പോസ്റ്റല്ലെന്നും വിഷയം ജൈവശാസ്ത്രമാണ്. പൊളിറ്റിക്കൽ കറക്റ്റ് ബുദ്ധിജീവി നാട്യക്കാർ ദയവായി ഒഴിഞ്ഞു നിൽക്കുക എന്ന ആമുഖത്തോടെയാണ് മനോജ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഫേയ്‌സ്ബുക്കിലെ കുറിപ്പ്.

പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളാണ്.

ശ്രദ്ധിക്കുക: ഇതൊരു സിനിമാ നിരൂപണ പോസ്റ്റല്ല.വിഷയം ജൈവശാസ്ത്രമാണ്. പൊളിറ്റിക്കൽ കറക്റ്റ് ബുദ്ധിജീവി നാട്യക്കാർ ദയവായി ഒഴിഞ്ഞു നിൽക്കുക.

ആദ്യമായി Heteropaternal superfecundation പരിചയപ്പെടാം. പേര് സൂചിപ്പിക്കുന്നപോലെതന്നെ വ്യത്യസ്ത്ഥ പിതാക്കന്മാരിൽ ഉണ്ടാകുന്ന കുട്ടികൾ എന്നർത്ഥം. ഒരു ആണിന്റെ രണ്ടു ബീജങ്ങൾ പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിച്ച്‌ ഉണ്ടാകുന്ന ഇരട്ട സന്താനങ്ങളെ വിജാതീയ ഇരട്ടങ്ങൾ (fraternal twins) എന്നാണ് വിളിക്കുന്നത്. ഇതേപോലെ ഒരു പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി രണ്ടു വ്യത്യസ്ത ആണുങ്ങളുടെ ബീജങ്ങളുമായി സംയോജിക്കാൻ ഇടവന്നാലും രണ്ട് സന്തതികളുണ്ടാകാം . ഒറ്റനോട്ടത്തിൽ വിജാതീയ ഇരട്ടകൾ എന്ന് തോന്നാമെങ്കിലും ഇവർ ശരിക്കും അർദ്ധ സഹോദരങ്ങളായിരിക്കും. (വിജാതീയ ഇരട്ടകളിൽ രണ്ടുപേരുടെയും അച്ഛൻ ഒരാളാണെങ്കിൽ ഇവിടെ രണ്ടു പേരുടെയും അച്ഛന്മാർ രണ്ടുപേരായിരിക്കും.) അടുത്തടുത്ത സമയങ്ങളിൽ രണ്ട് ആണുങ്ങളുമായി ബന്ധം പുലർത്തിയാലോ, കൃത്രിമ മാർഗ്ഗങ്ങളിലൂടെയോ ഇത്തരത്തിൽ ഗർഭിണിയാകാം.

ഇനി കൈമേര (Chimera) എന്ന പ്രതിഭാസം നോക്കാം. ബീജസങ്കലനത്തിനു ശേഷം ഭ്രൂണം രണ്ടായി വിഭജിച്ച് ഓരോന്നും ഓരോ സന്താനങ്ങളായി മാറുന്നതിനെയാണ് സജാതീയ ഇരട്ടകൾ (identical twins) എന്ന് പറയുന്നത്. ഇതിന്റെ വിപരീതവും സംഭവിക്കാം.സാധാരണ ഗതിയിൽ വിജാതീയ ഇരട്ടങ്ങൾ (fraternal twins) ആകുമായിരുന്ന രണ്ടു ഭ്രൂണങ്ങൾ കൂടിച്ചേർന്ന് ഒരൊറ്റ സന്താനമായി മാറാം. ഇത്തരം സന്താനങ്ങളെയാണ് കൈമേര (Chimera) എന്ന് വിളിക്കുന്നത്.

ഇനി ഈ രണ്ടു പ്രതിഭാസങ്ങളും ഒരേ സമയത്ത് സംഭവിച്ചാൽ രണ്ട് അച്ഛന്മാരുള്ള സന്താനം സാധ്യമാണ്. A Chimera from Heteropaternal superfecundation അതായത് പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളായ കാര്യമാണ്.