X

‘9737091370, ഒരു വിളിക്കപ്പുറം’: ബിജെപിയെ ചെറുക്കാൻ മമതയുടെ ഹെൽ‌പ്പ്‌ലൈൻ

ബംഗാളിനെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ പദ്ധതികൾ വലിയ വിജയം കണ്ടിരുന്നു.

മുഖ്യമന്ത്രി മമതാ ബാനർജിയുമായി ജനങ്ങൾക്ക് നേരിട്ട് പരാതികൾ പങ്കുവെക്കാൻ ഹെൽപ്പ്‌ലൈൻ സംവിധാനമൊരുങ്ങി. ഇതോടൊപ്പം മമതയുമായി ജനങ്ങൾക്ക് നേരിൽ കാണാനുള്ള സംവിധാനവും തയ്യാറാകുന്നുണ്ട്. ‘ദീദി കെ ബോലോ’ എന്നാണ് ഈ പരിപാടിയുടെ പേര്. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ‘ദീദിയോട് പറയാം’ പരിപാടി നടക്കും. നൂറ് ദിവസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2021ലെ അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പായി ബൂത്ത് തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് മമത ആഹ്വാനം ചെയ്തിരുന്നു. ഇതിനായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം മമത തേടിയതായി റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ പദ്ധതികൾ മമത നടപ്പാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബംഗാളിലുടനീളമുള്ളവർക്ക് സോഷ്യൽ മീഡിയയിലൂടെയും മമതയെ സമീപിക്കാവുന്നതാണ്. ടെക്സ്റ്റ് മെസ്സേജോ വോയ്സ് മെസ്സേജോ അയയ്ക്കാം. ഇവയ്ക്കെല്ലാം കൃത്യമായി മറുപടി ലഭിക്കും. പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പ്രശ്നങ്ങളിൽ ഇടപെടണമെന്നാണ് മമതയുടെ ആഹ്വാനം. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ നടത്തണമെന്നും അവർ ആഹ്വാനം ചെയ്യുകയുണ്ടായി.

ഓഗസ്റ്റ് 9ന് തൃണമൂൽ കോൺഗ്രസ്സ് ബിജെപിക്കെതിരെ മറ്റൊരു പ്രചാരണത്തിനു കൂടി തുടക്കമിടുന്നുണ്ട്. ‘ഭാരത് ഛാരോ ആന്ദോളൻ’ എന്നാണ് ഈ പരിപാടിയുടെ പേര്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് ലഭിച്ച വൻ തിരിച്ചടിയാണ് ബിജെപിയെ ലാക്കാക്കിയുള്ള പ്രചാരണങ്ങളുടെ കാരണം. ആകെ 42 സീറ്റിൽ 22 സീറ്റുകൾ മാത്രമാണ് തൃണമൂലിന് ലഭിച്ചത്. 34 സീറ്റിൽ നിന്നുള്ള ഈ വീഴ്ച പാർട്ടിക്ക് വലിയ ആഘാതമായിട്ടുണ്ട്. ബിജെപിയാകട്ടെ രണ്ട് സീറ്റിൽ നിന്ന് 18 സീറ്റിലേക്ക് വളരുകയും ചെയ്തു.

ബംഗാളിനെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ പദ്ധതികൾ വലിയ വിജയം കണ്ടിരുന്നു. ‘ജയ് ശ്രീരാം’ വിളികളുയർത്തിയുള്ള ബിജെപി പ്രവർത്തകരുടെ ആക്രാമകമായ നീക്കങ്ങൾ ബിജെപിക്ക് ഗുണമാണ് സംസ്ഥാനത്ത് ചെയ്തത്. ജയ് ശ്രീരാം വിളിക്കെതിരെ മമതയെടുത്ത കടുത്ത നിലപാടുകൾ ബിജെപി മുതലെടുക്കുകയും ചെയ്തു.

This post was last modified on July 29, 2019 7:09 pm