X

വിശദീകരണവുമായി മംമ്ത; കാലം സത്യത്തെ പുറത്തുകാട്ടും; നമുക്കും മധ്യേഷ്യൻ രാജ്യങ്ങളെപ്പോലെയാകണം

വിമൻ ഇൻ സിനിമാ കളക്ടീവിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മംമ്ത നടത്തിയ പരാമര്‍ശങ്ങൾ വിവാദമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് താൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി വളച്ചൊടിക്കപ്പെട്ടെന്ന് നടി മംമ്ത മോഹൻദാസ്. ശരിയായ ബോധത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയും മറ്റൊരു സ്ത്രീ/കുട്ടി ബലാൽ‌സംഗം ചെയ്യപ്പെടുന്നത് അംഗീകരിക്കില്ലെന്ന് മംമ്ത പറഞ്ഞു. ഈ വിഷയത്തിൽ കുറ്റം ചാർത്തപ്പെട്ടയാളും ഇരയും സഹപ്രവർത്തകർ എന്നതിലുപരി തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണെന്നും മംമ്ത കൂട്ടിച്ചേർത്തു.

ഹീനമായ കുറ്റകൃത്യം ചെയ്തവരോട് തനിക്ക് യാതൊരു അനുതാപവുമില്ലെന്നും അവർക്ക് മറ്റൊരു അവസരം കിട്ടാത്ത വിധത്തിൽ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും മമത പറഞ്ഞു. രാജ്യത്തെ ജുഡീഷ്യറി തെറ്റുകാർക്കൊപ്പം നിൽക്കുകയാണ് പലപ്പോഴും സംഭവിക്കാറുള്ളതെന്നും താൻ ജനിച്ചു വളർന്ന മധ്യേഷ്യൻ രാജ്യങ്ങളെപ്പോലെ നമുക്കും ആകേണ്ടേയെന്നും മമത ചോദിച്ചു. കാലം സത്യത്തെ പുറത്തു കൊണ്ടുവരുമെന്നും അവർ പ്രത്യാശിക്കുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മംമ്ത നടത്തിയ പരാമര്‍ശങ്ങൾ വിവാദമായിരുന്നു. നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ നടനെ പിന്തുണയ്ക്കുകയാണ് മംമ്തയെന്ന വിമർശനമുയർന്നു. സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്ന പരാമര്‍ശത്തിനെതിരെ നടി റിമാ കല്ലിങ്ങലും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി മംമ്ത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

വിമൻ ഇൻ സിനിമാ കളക്ടീവിന് സ്ത്രീകൾക്കു വേണ്ടി ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് ആശംസിച്ച മംമ്ത പക്ഷെ, താൻ ഇതുവരെ സംഘടനയുടെ ഭാഗമായിട്ടില്ലെന്നും അറിയിച്ചു. സംഘടന രൂപീകരിക്കപ്പെട്ട സമയത്തും നടിക്കെതിരെ ആക്രമണം നടന്ന സമയത്തും താൻ സ്ഥലത്തുണ്ടായിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

This post was last modified on July 21, 2018 9:14 am

Related Post
Leave a Comment