X

ബീഫ് സൂപ്പ് കുടിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്ലിം യുവാവിന് തമിഴ്നാട്ടിൽ മർദ്ദനം; ‘ഹിന്ദു മുന്നണി’ക്കെതിരെ പ്രതിഷേധം; ട്വിറ്ററിൽ Beef4Life ഹാഷ്ടാഗ് ട്രെൻഡ്

ഹിന്ദു മുന്നണി പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഫൈസാൻ മാധ്യമങ്ങളോട് പറഞ്ഞു.

ബീഫ് സൂപ്പ് കുടിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്ലിം യുവാവിന് ക്രൂരമർദ്ദനം. തമിഴ്നാട്ടിലെ നാഗപട്ടിനത്താണ് സംഭവം. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗപട്ടിനത്തെ കീവലൂരില്‍ പെരുമാൾ കോയിൽ തെരുവിലെ താമസക്കാരനാണ് ഫൈസാൻ.

മൊഹമ്മദ് ഫൈസാൻ എന്ന 24കാരനാണ് ഹിന്ദുത്വവാദികളുടെ മർദ്ദനമേറ്റത്. ഇവർ ഫൈസാനിന്റെ വീട്ടിലേക്ക് നേരിട്ട് പോകുകയായിരുന്നു. രാത്രിയിൽ വീട്ടിൽ കയറിച്ചെന്ന അക്രമികൾ മർദ്ദിക്കുകയായിരുന്നെന്ന് ഫൈസാൻ പൊലീസിന് മൊഴി നൽകി.

ഫൈസാൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദിനേഷ് കുമാർ (28), അഗതിയൻ (29), ഗണേഷ്കുമാർ (27), മോഹൻകുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിനാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

ഒരു പാത്രത്തിൽ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നര മണിക്കായിരുന്നു. ‘നിങ്ങൾക്ക് ആയിരം കാര്യങ്ങൾ പറയാനുണ്ടാകും, പക്ഷെ ബീഫ് കറി ബീഫ് കറിയാണ്’ എന്നായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്. തികച്ചും നിർദ്ദോഷകമായ ഈ പോസ്റ്റിന്റെ പേരിൽ തനിക്ക് തല്ല് കൊള്ളേണ്ടി വരുമെന്ന് ഫൈസാൻ കരുതുകയുണ്ടായില്ല.

കത്തി കൊണ്ട് കുത്തുകയും ഇരുമ്പുവടികൾ കൊണ്ട് അടിക്കുകയും ചെയ്തു അക്രമികൾ. ഹിന്ദു മുന്നണി പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഫൈസാൻ മാധ്യമങ്ങളോട് പറഞ്ഞു.

#WeLoveBeef, #BeefForLife, Beef4Life എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡാണ് ഇപ്പോൾ. പതിനായിരക്കണക്കിന് ട്വീറ്റുകളാണ് ഇവയിൽ വന്നുകൊണ്ടിരിക്കുന്നത്.

This post was last modified on July 13, 2019 8:27 am