X

ദൂരദർശൻ ക്യാമറാമാനെ കൊന്നതിൽ മാവോയിസ്റ്റ് പാർട്ടി ദുഖം പ്രകടിപ്പിച്ചു; മാധ്യമപ്രവർത്തകർ ഏറ്റുമുട്ടൽ കേന്ദ്രങ്ങളിലേക്ക് വരരുതെന്ന് അപേക്ഷ

സിപിഐ മാവോയിസ്റ്റ് ദർഭ ഡിവിഷണൽ കമ്മറ്റി സെക്രട്ടറി സായിനാഥാണ് കുറിപ്പെഴുതിയിരിക്കുന്നത്.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ തങ്ങളുടെ വെടിയേറ്റ് ദൂരദർശൻ ക്യാമറാമാൻ കൊല്ലപ്പെട്ടതിൽ ദുഖം പ്രകടിപ്പിച്ച് സിപിഐ മാവോയിസ്റ്റ് പാർട്ടി. ഒക്ടോബർ 30ന് ഛത്തീസ്ഗഢിലെ ദാന്തെവാഡയിൽ നടന്ന ഏറ്റുമുട്ടലിലാണ് അച്യുതാനന്ദ സാഹു എന്ന ക്യാമറാമാൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കൊല്ലുക തങ്ങളുടെ ഉദ്ദേശ്യത്തിൽ പെട്ടതായിരുന്നില്ലെന്ന് പാർട്ടി വിശദീകരിച്ചു.

കൈകൊണ്ടെഴുതിയ ഒരു കുറിപ്പിലൂടെയാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സൈന്യത്തിനൊപ്പം ദൂരദർശൻ ടീം ഉള്ള കാര്യം തങ്ങൾക്ക് അറിയുമായിരുന്നില്ലെന്ന് കുറിപ്പ് പറയുന്നു. സിപിഐ മാവോയിസ്റ്റ് ദർഭ ഡിവിഷണൽ കമ്മറ്റി സെക്രട്ടറി സായിനാഥാണ് കുറിപ്പെഴുതിയിരിക്കുന്നത്.

തങ്ങൾ ദൂരദർശൻ സംഘത്തെ മനപ്പൂർവ്വം ആക്രമിച്ചതാണെന്ന തെറ്റായ പ്രചാരണം ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി അവാസ്തിയും നടത്തുന്നതായി കുറിപ്പിൽ പറയുന്നു. മാധ്യമപ്രവര്‍ത്തകർ തങ്ങളുടെ സുഹൃത്തുക്കളാണെന്നും ശത്രുക്കളല്ലെന്നും സായിനാഥ് വ്യക്തമാക്കി. ഏറ്റുമുട്ടൽ സ്ഥലങ്ങളിലേക്ക് മാധ്യമപ്രവർത്തകർ പൊലീസിനൊപ്പം വരരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. ഇലക്ഷൻ ഉദ്യോഗസ്ഥരും ഇതേ സുരക്ഷാ കരുതലുകൾ സ്വീകരിക്കണം.

ഗ്രാമവാസികള്‍ക്കെതിരെ പൊലീസ് നടത്തുന്ന അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒക്ടോബർ മുപ്പതാം തിയ്യതി നടത്തിയ ആക്രമണത്തിലൂടെ തങ്ങളെന്ന് സായിനാഥ് പറഞ്ഞു. പൊലീസിനു പിന്നാലെ ബൈക്കുകളിൽ മാധ്യമപ്രവർത്തകരും സഞ്ചരിക്കുന്നുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Related Post
Leave a Comment