X

വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ അമ്മമാരെ ഉമർ ഖാലിദ് തട്ടിക്കൊണ്ടു പോയെന്ന് മാധ്യമങ്ങളിൽ വ്യാജ വാർത്ത

മാധ്യമങ്ങളെ വിളിച്ചുകൂട്ടിയാണ് പൊലീസ് സെപ്തംബർ 21ന് ഏറ്റുമുട്ടൽ സംഘടിപ്പിച്ചത്.

ഉത്തർപ്രദേശിൽ സെപ്തംബർ 21ന് പൊലീസ് നടത്തിയ ഒരു ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ സത്യമറിയാൻ കൊല്ലപ്പെട്ടവരുടെ വീട്ടിൽ‌ച്ചെന്ന ഉമർ‌ ഖാലിദിനും മറ്റ് സാമൂഹ്യപ്രവർത്തകർ‌ക്കുമെതിരെ വ്യാജവാർത്തകൾ ചമച്ച് ദേശീയ മാധ്യമങ്ങൾ. കൊല്ലപ്പെട്ട മുസ്താഖീം, നൗഷാദ് എന്നിവരുടെ അമ്മമാരെ ഉമർ ഖാലിദും കൂട്ടരും തട്ടിക്കൊണ്ടു പോയെന്നാണ് വാർത്തകൾ വന്നത്. ദൈനിക് ജാഗരൺ, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഉടമസ്ഥതയിലുള്ള ജൻസട്ട, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. പൊലീസ് നൽകിയ വാർത്തയെ കൂടുതൽ അന്വേഷണങ്ങൾക്ക് മുതിരാതെ അതേപടി പ്രസിദ്ധീകരിച്ച് മറ്റ് മാധ്യമങ്ങളും ഈ വ്യാജ പ്രചാരണത്തിന് ആക്കം കൂട്ടി.

അലിഗഢ് സർവ്വകലാശാല, ജെഎൻയു എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി നേതാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുസ്താഖീം, നൗഷാദ് എന്നിവരുടെ വീട് സന്ദർശിച്ചത്. ഇരുവരെയും പൊലീസ് വീടുകളിൽ നിന്നും പിടികൂടിയതാണെന്നും അത് ഏറ്റുമുട്ടൽ കൊല അല്ലെന്നുമുള്ള വിവരമറിഞ്ഞതോടെയാണ് ഇവർ‌ വീടുകളിലെത്തിയത്. ഇവിടെ നിന്നും ഇരുവരുടെയും അമ്മമാരെ ദില്ലിയിലെത്തിച്ച് വാർത്താ സമ്മേളനം നടത്തുകയായിരുന്നു ഉമർ ഖാലിദും കൂട്ടരും ചെയ്തത്.

എന്നാൽ ഈ സമയത്തിനിടെ അമ്മയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് മുസ്താഖീമിന്റെ ഭാര്യ ഹീന പരാതി നൽകിയതായി വാർത്തകൾ വന്നു. ഹീനയുടെ വിരലടയാളം നിർബന്ധിതമായി എടുക്കുകയായിരുന്നുവെന്നും അത്തരമൊരു പരാതി ഹീനയ്ക്കില്ലെന്നും വിദ്യാര്‍ത്ഥി നേതാക്കളായ ഉസ്മാനിയും ഹസനും പറഞ്ഞു.

മുഷ്താഖീമിന്റെ അമ്മ ഷബാനയും നൗഷാദിന്റെ അമ്മ ഷഹീനും ഇത് സ്ഥിരീകരിച്ചു. തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കണമെന്നും അവർ വ്യക്തമാക്കി. അതെസമയം ഹീന പരാതി നൽകിയെന്ന് അവകാശപ്പെടുന്ന അത്രോലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പറയുന്നത് ഷബാനയും ഷഹീനും എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ്. ഇക്കാരണത്താലാണ് തട്ടിക്കൊണ്ടു പോയെന്ന കേസെടുത്തത്.

മാധ്യമങ്ങളെ വിളിച്ചുകൂട്ടിയാണ് പൊലീസ് സെപ്തംബർ 21ന് ഏറ്റുമുട്ടൽ സംഘടിപ്പിച്ചത്. അതെസമയം കൊല നടക്കുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ ലഭ്യമല്ല. മറിച്ച് പൊലീസുകാർ തോക്കുമായി നീങ്ങുന്നതും മറ്റുമാണ് കാണുന്നത്. താഴെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ അമ്മമാർ ഉമർ ഖാലിദിനൊപ്പം മാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ കാണാം.