X

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

കേരള മെഡിക്കൽ ജേണലിന്റെ മുൻ ചീഫ് എഡിറ്ററും, കേരള ഹെൽത്ത് സർവീസ് കൺസൾട്ടന്റുമായ ഡോക്ടർ സുൽഫി നൂഹിന്റെ ഹൃദയഹാരിയായ ഫെയ്സ്ബൂക് കുറിപ്പ്

പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറുടെ മരണം കേരള സമൂഹത്തിനും സംഗീത പ്രേമികൾക്കും വലിയ ആഘാതം ആണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരം യുണിവേഴിസിറ്റി കോളേജിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ബാലഭാസ്കറിന്റെ മൃതദേഹം ഒരു നോക്ക് കാണാൻ നൂറു കണക്കിനാളുകളാണ് ഓടിയെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ്, സംഗീത സംവിധയകാൻ എം ജയചന്ദ്രൻ തുടങ്ങിയ രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

കേരള മെഡിക്കൽ ജേണലിന്റെ മുൻ ചീഫ് എഡിറ്ററും, കേരള ഹെൽത്ത് സർവീസ് കൺസൾട്ടന്റുമായ ഡോക്ടർ സുൽഫി നൂഹിന്റെ ഹൃദയഹാരിയായ ഫെയ്സ്ബൂക് കുറിപ്പ്

പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.! അവയവ ദാനത്തിലൂടെ!

പ്രിയ ബാലഭാസ്‌കര്‍, ആദരാഞ്ജലികൾ!!!

പാട്ട് പാടാന്‍ തീരെ അറിയില്ലെങ്കിലും ഞാന്‍ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകള്‍ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.

ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍, കാറോടിക്കുമ്പോൾ മാത്രം പാടുന്ന പാട്ടുകാരൻ ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ,അത് ഉറക്കെ പാടണം എന്ന് താങ്കൾ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.താങ്കള്‍ക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്

അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും നിരന്തരം വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കൾ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാല്‍ തന്നെ തീര്‍ത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങൾ വ്യസന സമേതം മനസിലാക്കിയിരുന്നു. താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിര്‍ത്തി കൊണ്ട് തന്നെ താങ്കൾ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.

അതുകൊണ്ട് തന്നെ താങ്കളുടെ അവയവങ്ങള്‍ മരണാന്തരം അഞ്ച് ജീവനുകളില്‍ തുടിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു, അതിന് വേണ്ടി ഒരു പക്ഷേ മരണം സംഭവിച്ചാല്‍ താങ്കളുടെ അവയവങ്ങള്‍ അവരിലെത്തിക്കാന്‍ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.

താങ്കളുടെ അവയവങ്ങള്‍ക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീര്‍ണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവദാതാവ് ആകില്ല താങ്കൾ എങ്കിലും, ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കില്‍ അത് കേരളത്തിലെ 2020 രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം ഉണ്ടാക്കുമെന്നും ഞങ്ങൾ കരുതി.

അവയയ ദാനത്തിനെ കുറിച്‌ സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന തെറ്റിദ്ധാരണകൾ മാറാൻ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി. മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ലോകത്തു നിലവിലുള്ള നിയമങ്ങളിൽ ഏറ്റവും സങ്കീര്‍ണ്ണമായ നിയമമാണ് കേരളത്തിൽ നിലവിലുള്ളത് .

മസ്തിഷ്ക മരണം സ്ഥിരീകരിക്കുവാൻ ഡോക്ടർമാർ ഭയക്കുന്ന, കേസുകളിൽ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവിൽ ഉള്ളത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ അവയവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത്, താങ്കൾ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്.

അവയവങ്ങള്‍ ലഭിക്കുന്നവര്‍ താങ്കളെ പോലെ വയലിന്‍ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കൾ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവരിലൂടെ ജീവിക്കുമ്പോള്‍് എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു.

ഇല്ല താങ്കൾ ഞങ്ങളുടെ മനസില്‍ നിന്നും മരിക്കില്ല.

എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതില്‍ കൂടി ഞങ്ങൾക്ക് ദുഖമുണ്ട്. പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബാലഭാസ്കറും യാത്രയാകുമ്പോൾ; ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം; മുരളീ തുമ്മാരുകുടി എഴുതുന്നു

സ്‌കൂള്‍ കലോല്‍സവത്തില്‍ ‘ഒട്ടകത്തെ തട്ടിക്കൊ’യില്‍ വിജയത്തുടക്കം; റഹ്മാനെതേടി 9ാം ക്ലാസുകാരന്റെ മദ്രാസ് യാത്ര

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

This post was last modified on October 2, 2018 3:15 pm