X

ആൽവാർ കൂട്ടബലാൽസംഗം: മായാവതി എന്തുകൊണ്ടാണ് ഇപ്പോഴും രാജസ്ഥാൻ സർക്കാരിന് പിന്തുണ നൽകുന്നതെന്ന് മോദി

രാജസ്ഥാനിലെ ദളിത് യുവതിക്കു നേരെ നടന്ന പീഡനം ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് മോദി.

രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധമറിയിച്ച മായാവതിയുടേത് മുതലക്കണ്ണീരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അശോക് ഗെലോട്ട് നയിക്കുന്ന രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനെ മായാവതി പിന്തുണയ്ക്കുന്നുണ്ടെന്ന് മോദി ആരോപിച്ചു. ഇത് മറച്ചുവെച്ച് ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ മുതലക്കണ്ണീരൊഴുക്കുകയാണ് മായാവതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ കോൺഗ്രസ്സ് മറിച്ചിട്ടിരുന്നു. സംസ്ഥാനത്ത് രണ്ട് സീറ്റുകൾ നേടിയ മായാവതിയുടെ ബിഎസ്പി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സ് സർക്കാരിനാണ് ഇവിടെ പിന്തുണ നൽകിയിരിക്കുന്നത്.

രാജസ്ഥാനിലെ 25 ലോകസഭാ സീറ്റുകളില്‍ വോട്ടെടുപ്പ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ വരാനിരിക്കുന്ന വോട്ടെടുപ്പുകള്‍ക്കു മുമ്പായി രാജസ്ഥാനിലെ ദളിത് യുവതിക്കു നേരെ നടന്ന പീഡനം ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് മോദി.

“ഇന്ന് ഉത്തർപ്രദേശിന്റെ പെൺമക്കൾ‌ ബഹൻജിയോടു ചോദിക്കുന്നത് നിങ്ങളല്ലേ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനെ പിന്തുണയ്ക്കുന്നത് എന്നാണ്. ഒരു ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് രാജസ്ഥാൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാത്തത് എന്നാണ് അവർ ചോദിക്കുന്നത്.” -മോദി ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞു. കോൺഗ്രസ്സ് സർക്കാരിന് ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നെങ്കിൽ പീഡന വാർത്ത മൂടിവെക്കാൻ അവർ ശ്രമിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു.

ഏപ്രിൽ 26നാണ് പെൺകുട്ടി കൂട്ടബലാൽസംഗം ചെയ്യപ്പെട്ടത്. ഏപ്രിൽ 30ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. എന്നാൽ ഏപ്രിൽ 29നും മെയ് 6നും നടക്കാനിരുന്ന വോട്ടെടുപ്പുകൾ കഴിയുംവരെ പൊലീസ് പരാതിയിന്മേൽ നടപടിയെടുക്കുകയുണ്ടായില്ല. ഇത് സർക്കാരിന്റെ ഇടപെടൽ മൂലമണെന്നാണഅ ആരോപിക്കപ്പെടുന്നത്.

പരാതിയിൽ കേസ്സെടുക്കാൻ ഇത്രയും വൈകിയതിൽ ശക്തമായ വിമർശനവുമായി മായാവതി രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിപ്പോകരുതെന്ന് ഇരയുടെ കുടുംബത്തെ കോൺഗ്രസ്സുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും മായാവതി പറയുകയുണ്ടായി.

This post was last modified on May 12, 2019 4:58 pm