കഴിഞ്ഞ 44 മാസത്തിനിടെ ഇത് രണ്ടാമത്തെ അഭിമുഖത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നുകൊടുത്തത്. ബിജെപി അനുകൂല വാര്‍ത്താ ചാനലായ സീ ന്യൂസ് മോദിയുടെ എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യു ശനിയാഴ്ച സംപ്രേഷണം ചെയ്തു. ചീഫ് എഡിറ്റര്‍ സുധീര്‍ ചൗധരിയാണ് മോദിയെ ഇന്റര്‍വ്യൂ ചെയ്തത്. സുധീര്‍ ചൗധരിയുടെ കരിയര്‍ വളരെ പ്രത്യേകതയുള്ളതാണ്. ഏറെ കുപ്രസിദ്ധി നേടിയതും. അതേക്കുറിച്ചാണ് അനീഷ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
2007ല്‍ സുധീര്‍ ചൗധരി ജന്മത് എന്ന ചാനലിന്റെ മേധാവിയായിരുന്നു. സുധീര്‍ ചൗധരി ഒരു വ്യാജ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് ഈ ചാനല്‍ അടച്ചുപൂട്ടേണ്ടി വന്നു. ഒരു സ്‌കൂള്‍ അധ്യാപിക സെക്‌സ് റാക്കറ്റ് നടത്തുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ഒളിക്യാമറ സ്‌റ്റോറി. അധ്യാപിക ഇതിനെതിരെ കോടതിയെ സമീപിക്കുകയും വ്യാജ വാര്‍ത്തയാണ് സംഭവമെന്ന് തെളിയുകയുമുണ്ടായി. ഒരു ബിസിനസുകാരന്‍ ഈ അധ്യാപികയോടുള്ള വൈരം സുധീര്‍ ചൗധരിയെ ഉപയോഗിച്ച് തീര്‍ക്കുകയായിരുന്നു.
2012ല്‍ സീ ന്യൂസ് എഡിറ്റര്‍മാരായിരുന്ന സുധീര്‍ ചൗധരിയേയും സമീര്‍ അലുവാലിയയേയും പൊലീസ് അറസ്റ്റ് ചെയ്തു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ലാന്റ് ലിമിറ്റഡിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. തങ്ങളെക്കുറിച്ച് മോശം വാര്‍ത്ത കൊടുക്കാതിരിക്കാനായി സീ ന്യൂസ് 100 കോടി രൂപ ആവശ്യപ്പെട്ടു എന്ന് ജിന്‍ഡാല്‍ ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. 100 കോടി രൂപ ഇവര്‍ ആവശ്യപ്പെടുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. സുധീര്‍ ചൗധരിയും സമീര്‍ അലുവാലിയയും 20 ദിവസം തിഹാര്‍ ജയിലില്‍ കിടന്നു. ഈ കേസുകള്‍ ഇപ്പോളും തുടരുകയാണ്.
2013ല്‍ സുധീര്‍ ചൗധരിയുടെ പേരില്‍ മറ്റൊരു കേസ് വന്നു. 2012 ഡിസംബറില്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ (നിര്‍ഭയ) പേര് പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. കുറ്റകൃത്യത്തിന് സാക്ഷിയും അക്രമത്തിന് ഇരയുമായ ആണ്‍ സുഹൃത്തിന്റെ ഇന്റര്‍വ്യൂവിലാണ് ഇത് വന്നത്.
വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന തന്റെ ഇന്റര്‍വ്യൂവിന് മോദിക്ക് ഇങ്ങനെയൊരാളെയാണ് കിട്ടിയത് എന്നത് ശ്രദ്ധേയം. വാര്‍ത്താസമ്മേളനങ്ങള്‍ ഏതായാലും മോദിക്ക് അലര്‍ജിയാണ്. ആരായിരിക്കും മോദിയുടെ അടുത്ത ഇന്റര്‍വ്യൂവര്‍ എന്നാണ് ഇനി അറിയാനുള്ളത്.
This post was last modified on January 21, 2018 6:10 pm
Leave a Comment