X

മോദി പരിഷ്‌കാരിയൊന്നുമല്ല, വെറും ഷോവനിസ്റ്റ്: രൂക്ഷ വിമര്‍ശനവുമായി ദ എക്കണോമിസ്റ്റ്

തീവ്രദേശീയതയും വര്‍ഗീയതയും ഇളക്കിവിട്ട് ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ഒരു ഷോവനിസ്റ്റ്

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പിന്നിലാണെന്ന് ദി എക്കണോമിസ്റ്റ് മാഗസിന്‍. പലരും ചിത്രീകരിക്കുന്നത് പോലെ മോദി അത്ര സാമ്പത്തിക പരിഷ്‌കാരിയൊന്നും അല്ലെന്നും തീവ്രദേശീയതയും വര്‍ഗീയതയും ഇളക്കിവിട്ട് ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ഒരു ഷോവനിസ്റ്റ് മാത്രമാണെന്നും എക്കണോമിസ്റ്റ് വിലയിരുത്തുന്നു. മോദിയുടെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ദുര്‍ബലമാണെന്നും ഫലപ്രദമായി അത് നടപ്പാക്കുന്നില്ലെന്നും പറഞ്ഞ് വിമര്‍ശനം ഉയര്‍ത്തുന്ന എക്കണോമിസ്റ്റ് വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ സമീപനത്തെയും വിമര്‍ശിക്കുന്നുണ്ട്.

രാജ്യത്തെ ബാങ്കുകള്‍ സ്വകാര്യവത്കരിക്കണമെന്ന് എക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു. തൊഴിലുടമകളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ, നിലവിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം. ഭൂമി വാങ്ങലും ഇടപാടുകളും എളുപ്പമാക്കണം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമ്പത്തിക വളര്‍ച്ച പിന്നോക്കം പോകുമ്പോളും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി സ്വന്തം ആധിപത്യം നിലനിര്‍ത്താനാണ് മോദി ശ്രമിക്കുന്നത്. കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന്റെ പേരില്‍ ബീഫ് കയറ്റുമതി അടക്കമുള്ള അനുബന്ധ വ്യവസായങ്ങളില്‍ മോദിയും സംഘവും സൃഷ്ടിച്ച പ്രതിസന്ധി എക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സാമുദായിക സംഘര്‍ഷങ്ങളുടേയും വെറുപ്പ് സൃഷ്ടിക്കുന്ന വര്‍ഗീയ പ്രസംഗങ്ങളുടേയും പേരില്‍ കുപ്രസിദ്ധി നേടിയ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1990കളില്‍ ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതും പറയുന്നു. 2002ല്‍ ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത വര്‍ഗീയ കലാപത്തെ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ഇന്നേവരെ അപലപിക്കുകയോ അത് തടയുന്നതില്‍ അദ്ദേഹത്തിന്റ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുകയോ ഉണ്ടായിട്ടില്ല.

ഹിന്ദു തീവ്രവാദികള്‍ ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളെ റെയ്ഡുകള്‍ നടത്തിയും മറ്റും ഭീഷണിപ്പെടുത്തി വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും എന്‍ഡിടിവിയുടെ പേരെടുത്ത് പറയാതെ എക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. മോദിയുടെ നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. വ്യക്തിപൂജയും ആത്മരതിയും ആഘോഷിക്കുന്ന ഒരു സൈക്കോഫാന്റിക് അവസ്ഥയിലാണ് മോദി. തിരഞ്ഞെടുപ്പുകള്‍ ജയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇത്തരം സമീപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ വലിയ നാശമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത നേതാവായിട്ടാണ് അദ്ദേഹത്തെ ആരാധകര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചരിത്രം മോദിയെ വിലയിരുത്താന്‍ പോകുന്നത് ഇന്ത്യയുടെ വളര്‍ച്ചയും സുസ്ഥിര വികസനവും തടഞ്ഞ നേതാവായിട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്ന അവസ്ഥയാണുള്ളത്.

കൂടുതല്‍ വായനയ്ക്ക്‌: https://goo.gl/LNGQK4

This post was last modified on June 23, 2017 1:07 pm