X

‘ചുവന്ന പരവതാനിയിലൂടെ, എസ്‌പിജി സുരക്ഷയിൽ തപസ്സനുഷ്ഠിക്കാൻ‌ പോകുന്ന യോഗീവര്യൻ’: മോദിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം

വാർത്താ ഏജൻസിയായ എഎൻഐ അരമണിക്കൂർ മുമ്പെ പുറപ്പെട്ടതും സോഷ്യൽ മീഡിയയിക്ക് ആഘോഷമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചതും ശേഷം ഒരു ഗുഹയിൽ തപസ്സിനിരിക്കുന്നതുമാണ് ഇന്നത്തെ സോഷ്യൽ മീഡിയ ട്രോൾ വിഷയം. ക്ഷേത്രത്തിലേക്ക് മോദി സഞ്ചരിക്കുന്ന വഴിയിൽ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നതാണ് ഏറ്റവുമൊടുവിൽ ട്രോളന്മാർക്ക് കിട്ടിയിരിക്കുന്നത്. ഒരു സന്യാസിയെപ്പോലെയാണ് താൻ കഴിയുന്നതെന്ന് അവകാശപ്പെടുന്ന മോദിക്ക് എന്തിനാണ് ചുവന്ന പരവതാനി വിരിച്ചു കൊടുത്തിരിക്കുന്നതെന്നാണ് ഒരു ട്വീറ്റർ ഉപയോക്താവിന്റെ ചോദ്യം.

മറ്റുചിലര്‍ സാധാരണക്കാർ കേദാർനാഥിലേക്ക് പോകുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് മോദിയെ പരിഹസിക്കുന്നത്. വേറെ ചിലർക്കാകട്ടെ മോദിയുടെ വസ്ത്രധാരണം വളരെ പിടിച്ചിട്ടുണ്ട്. പണ്ടത്തെ മോണോഗ്രാം സ്യൂട്ട് കഴിഞ്ഞാൽ മോദിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഇതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ധ്യാനിക്കാൻ പോകുന്നയാളുടെ വേഷമാണോ ഇതൊക്കെ എന്നാണ് വേറൊരു പരിഹാസം.

ഇതിനിടെ പ്രധാനമന്ത്രിയുടെ ഇഷ്ട വാർത്താ ഏജൻസിയായ എഎൻഐ അരമണിക്കൂർ മുമ്പെ പുറപ്പെട്ടതും സോഷ്യൽ മീഡിയയിക്ക് ആഘോഷമാണ്. മോദി ധ്യാനിക്കുന്ന ചിത്രങ്ങൾ സഹിതം 3.17ന് എഎൻഐ ട്വീറ്റ് ചെയ്തു. ‘മോദി ധ്യാനിക്കുന്നു’ എന്നായിരുന്നു വിവരണം. 4.10ന് വീണ്ടും അടുത്ത ട്വീറ്റ്. ‘മോദി കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ധ്യാനം തുടങ്ങും’ എന്നാണ് അതിൽ പറഞ്ഞിരുന്നത്. ചുരുക്കത്തിൽ എഎൻഐക്കു വേണ്ടി വെറുതെ ധ്യാന പോസ് ചെയ്യുകയായിരുന്നു മോദി എന്നർത്ഥം.