X

സിബിഐയുടെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാള്‍

കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന് ഞങ്ങള്‍ നോക്കുന്നില്ല. എന്നാല്‍ ബീഫ് നിരോധനം രാജ്യത്ത് ആവശ്യമാണ് - ഹിന്ദു ചാര്‍ട്ടര്‍ പറയുന്നു.

അലോക് വര്‍മയെ അന്വേഷണവിധേയമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഇടക്കാല ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമച്ചിരിക്കുന്ന എം നാഗേശ്വര റാവു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ആര്‍എസ്എസ് ഉന്നത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി ഹിന്ദുത്വ സംഘടനകളെ ഏല്‍പ്പിക്കുക എന്ന പ്രചാരണത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് നാഗേശ്വര റാവു എന്ന് എക്കണോമിക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്ന് അഭിപ്രായമുള്ളയാളാണ്. വിദേശത്തേയ്ക്കുള്ള ബീഫ് കയറ്റുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് റാവുവിന്റെ നിലപാട്. രാജ്യത്തിന്റെ ‘സാംസ്‌കാരികഘടന’ സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണ്.

ആര്‍എസ്എസുമായി ബന്ധമുള്ള ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായൊക്കെ അടുത്ത ബന്ധമുണ്ട്. ആര്‍എസ്എസ് പ്രചാരക് ആയി രംഗത്ത് വന്ന് ഇപ്പോള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രാം മാധവ് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് നാഗേശ്വര റാവുവിനുള്ളത്. ഹിന്ദുത്വ സംഘടനകള്‍ തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുന്ന ചാര്‍ട്ടര്‍ തയ്യാറാക്കിയത് റാവുവാണ്. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറിലെ ശ്രീജന്‍ ഫൗണ്ടേഷന്‍ ഓഗസ്റ്റ് 25ന് സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയായിരുന്നു ഇത്. ഫൗണ്ടേഷന്റെ വെബ് സൈറ്റില്‍ ഉദ്ദേശലക്ഷ്യങ്ങള്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ പുനര്‍മ്മിക്കുകയും പുനരുത്ഥരിക്കുകയും ചെയ്യുക, ഇടതുപക്ഷ, മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്ക്കുന്ന ‘ദേശവിരുദ്ധ’ ചരിത്രാഖ്യാനങ്ങളെ മാറ്റുക തുടങ്ങിയവയെല്ലാം.

ബീഫ് കയറ്റുമതി, രാജ്യത്ത് കന്നുകാലി കടത്ത് വര്‍ദ്ധിപ്പിക്കുന്നു എന്ന പരാതി നാഗേശ്വര റാവുവിനുണ്ട്. ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ചില നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് റാവു പറഞ്ഞിരുന്നു. രാജ്യത്തെ ബീഫ് മാഫിയയെ തകര്‍ക്കാന്‍ അടിയന്തരമായി ബീഫ് നിരോധിക്കണമെന്ന് നാഗേശ്വര റാവുവും സംഘവും ആവശ്യപ്പെടുന്നു. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കണമെന്നും റാവു ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ റാവു മദ്രാസ് ഐഐടിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. ഇതിന് ശേഷമാണ് ഐപിഎസ് നേടി പൊലീസിലെത്തുന്നത്. 2016ല്‍ സിബിഐയുടെ ഭാഗമായി. ജോയിന്റ് ഡയറക്ടറായി. പ്രവാസി ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണമൊഴികെ ബാക്കിയെല്ലാ വിദേശ സംഭാവനകളും നിര്‍ത്തണമെന്നാണ് ശ്രീജന്‍ ഫൗണ്ടേഷന്റെ നിലപാട്. മതപരിവര്‍ത്തനത്തിന് പണമെത്തിക്കുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന് ഞങ്ങള്‍ നോക്കുന്നില്ല. എന്നാല്‍ ബീഫ് നിരോധനം രാജ്യത്ത് ആവശ്യമാണ് – ഹിന്ദു ചാര്‍ട്ടര്‍ പറയുന്നു.

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍