X

നിരോധിത പ്രദേശങ്ങളിൽ ഖനനത്തിന് കേന്ദ്രാനുമതി; ഛത്തീസ്ഗഡിലെ കാടുകൾ വെളുപ്പിക്കാൻ അദാനി പുറപ്പെടുന്നു

2009ൽ കേന്ദ്ര കൽക്കരി മന്ത്രാലയം ഖനനം പാടില്ലെന്ന് നിഷ്കർഷിച്ച മേഖലകളിലാണ് അദാനി ഇപ്പോൾ അനുമതി നേടിയെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഛത്തീസ്ഗഢിലെ സുർഗുജ, സുരാജ്പൂർ ജില്ലകളിലെ വനമേഖലകളിൽ ഖനനം നടത്താൻ ഗൗതം അദാനിയുടെ കമ്പന്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് അഡ്വൈസറി സമതിയുടെ സ്റ്റേജ് 1 പ്രാഥമിക ഫോറസ്റ്റ് ക്ലിയറൻസ് ലഭിച്ചു. അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ കീഴിൽ വരുന്ന പാർസ ഓപ്പൺകാസ്റ്റ് കോൾ മൈൻ ലിമിറ്റഡിനാണ് പാരിസ്ഥിതികാനുമതി ലഭിച്ചിരിക്കുന്നത്.

2009ൽ കേന്ദ്ര കൽക്കരി മന്ത്രാലയം ഖനനം പാടില്ലെന്ന് നിഷ്കർഷിച്ച മേഖലകളിലാണ് അദാനി ഇപ്പോൾ അനുമതി നേടിയെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കൽക്കരി മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നടത്താവുന്നതും അരുതാത്തതുമായ പ്രദേശങ്ങൾ തിട്ടപ്പെടുത്തിയത്. 2018 ഫെബ്രുവരി മുതൽ അദാനിയുടെ കമ്പനി ഖനനനിരോധിത മേഖലകളിൽ ക്ലിയറന്‍സ് ലഭിക്കാനായി ശ്രമങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ പഠനങ്ങൾ ആവശ്യമാണെന്നു കാണിച്ചും മറ്റും നടത്തിയ നിരന്തര ശ്രമങ്ങൾ നടപ്പ് സർക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഫലം കണ്ടിരിക്കുകയാണ്.

170,000 ഹെക്ടറോളം വിശാലമായ വനഭൂമിയിൽ 841.538 ഹെക്ടറോളം പ്രദേശമാണ് അദാനിക്ക് ഖനനം നടത്താനായി ക്ലിയറൻസ് നൽകിയിരിക്കുന്നത്. അങ്ങേയറ്റം ജൈവവൈവിധ്യം നിറഞ്ഞ വനമേഖലകളിലാണ് ഖനനം നടക്കാൻ പോകുന്നത്.

സ്റ്റേജ് 1 അപ്രൂവലാണ് ഇപ്പോൾ അദാനിയുടെ കമ്പനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് സിദ്ധാന്താ ദാസ് പറഞ്ഞു. ഇത് തത്വത്തിലുള്ള അനുമതി മാത്രമാണെന്നും വിഷയം സംസ്ഥാന സർക്കാരിനോട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദാസ് അവകാശപ്പെടുന്നു. സംസ്ഥാന സർക്കാരിനാണ് അദാനിയുടെ കമ്പനിയിൽ താൽപര്യം എന്ന നിലയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.

This post was last modified on February 11, 2019 7:21 am