നവംബർ രണ്ടിനാണ് www.psbloansin59minutes.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചത്. അപേക്ഷിക്കുന്നയാൾക്ക് 59 മിനിറ്റിനുള്ളിൽ ലോൺ ശരിയാക്കിക്കൊടുക്കുന്ന ഒരു സംവിധാനമാണ് ഈ വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് വൻകിട കമ്പനികളെ അപേക്ഷിച്ച് ലോൺ ലഭിക്കാൻ ചെറുകിട കമ്പനികൾ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഈ വെബ്സൈറ്റ് തുടങ്ങാൻ സർക്കാർ പദ്ധതിയിട്ടത്. ഒരു കോടി വരെയുള്ള വായ്പകൾ അർഹതയുള്ളവർക്ക് 59 മിനിറ്റിനുള്ളിൽ ശരിയാക്കിക്കൊടുക്കുകയാണ് വെബ്സൈറ്റ് ചെയ്യുന്നത്.
ഈ വെബ്സൈറ്റിൽ ബിസിനസ്സുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചേർക്കുകയാണ് അപേക്ഷിക്കുന്നയാൾ ആദ്യം ചെയ്യേണ്ടത്. ഉടമസ്ഥത സംബന്ധിച്ചതും നികുതിയടവ് സംബന്ധിച്ചതും ബിസിനസ്സിന്റെ നില സംബന്ധിച്ചുമൊക്കെയുള്ള നിരവധി കാര്യങ്ങൾ വെബ്സൈറ്റിൽ ചേർക്കണം. ഈ വിവരങ്ങൾ വളരെ സങ്കീർണമായ അൽഗോരിതങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റ് വിലയിരുത്തുകയും ലോണിന് അർഹതയുണ്ടോയെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം അപേക്ഷ സമർപ്പിച്ചയാളുടെ ബാങ്ക് ബ്രാഞ്ചിലേക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. ഇതെല്ലാം 59 മിനിറ്റിനുള്ളിൽ നടക്കും.
ഇത്തരമൊരു സംവിധാനം ഒരുക്കുന്നതിനായി സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ടെൻഡറിൽ എന്തെല്ലാമായിരിക്കണം ചെയ്തുകിട്ടേണ്ടതെന്ന് വിവരിക്കുന്നുണ്ട്. ബാങ്കുദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി കുറച്ചു നൽകുകയാണ് ലളിതമായി പറഞ്ഞാൽ ഈ വെബ്സൈറ്റ് ചെയ്യുന്നത്. അതിസങ്കീർണമായ ബാൽൻസ് ഷീറ്റകളും മറ്റ് പ്രമാണങ്ങളും വെബ്സൈറ്റിന്റെ അനലിറ്റിക്സ് സംവിധാനം വളരെ എളുപ്പത്തിൽ വിശകലനം ചെയ്യുന്നു.
ഏപ്രിൽ 01, 2012 മുതൽ കൺസൾട്ടൻസി മേഖലയിൽ പ്രവൃത്തിയെടുക്കുന്നവരായിരിക്കണം ടെൻഡറിന് അപേക്ഷിക്കേണ്ടതെന്ന് ടെൻഡർ നോട്ടീസ് പറയുന്നുണ്ട്. കണ്‍സൾട്ടന്റ് കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാലുടനെ ഒരു പുതിയ സ്ഥാപനം രൂപീകരിക്കണം. ഇതിൽ സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ഷെയർഹോൾഡറായിരിക്കണം. എന്നാൽ ഈ ടെൻഡറിൽ പറഞ്ഞ കാര്യങ്ങളൊന്നും www.psbloansin59minutes.com എന്ന വെബ്സൈറ്റ് രൂപീകരിക്കാൻ ടെൻഡർ പിടിച്ച കാപിറ്റവേൾഡ് (CapitaWorld) എന്ന കമ്പനി ചെയ്തിട്ടില്ലെന്നാണ് സ്ക്രോൾ ഡോട്ട് ഇൻ വാർത്താ പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്.
ടെൻഡർ പ്രകാരം രൂപീകരിക്കേണ്ട പ്രത്യേക സ്ഥാപനം രൂപീകരിച്ച് അതിൻകീഴിലല്ല വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. 2012 മുതൽ നിലവിലുള്ള കമ്പനിയായിരിക്കണം കൺസൾട്ടൻസി ഏറ്റെടുക്കേണ്ടതെന്ന ടെൻഡർ നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല. 2015ലാണ് ഈ കമ്പനി രൂപീകൃതമായത്.
വിനോദ് മോധ, ജിനാന്ദ് ഷാ, അവിര്‍ക്ക് ചക്രബർത്തി എന്നിവരാണ് ഈ കമ്പനിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മാർച്ച് 2016 വരെ കമ്പനിക്ക് വരുമാനമൊന്നുമില്ലെന്ന് രേഖകൾ തെളിയിക്കുന്നു. ഈ വര്‍ഷത്തില്‍ 38,888 രൂപ നഷ്ടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത വർഷം വരുമാനം 15,680 രൂപയിലേക്ക് എത്തി.
രാജ്യത്തിന്റെ സൂക്ഷ്മ സാമ്പത്തിക വിപണിയിലേക്ക് ഈ കമ്പനിക്ക് കിട്ടിയിരിക്കുന്ന പ്രവേശനം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്വകാര്യ കമ്പനിയിലേക്കാണ് ബിസിനസ്സുകാരും സംരംഭകരും തങ്ങളുടെ ബിസിനസ്സ് സംബന്ധിച്ച എല്ലാ നിർണായക വിവരങ്ങളും നൽകുന്നത്. ഈ വിവരങ്ങൾ കമ്പനി ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
This post was last modified on November 8, 2018 1:09 pm
Leave a Comment