X

നരേന്ദ്രമോദിയോട് ഭീതിയില്ലാതെ സംസാരിക്കാൻ ശേഷിയുള്ള നേതാവിനെ രാജ്യത്തിന് ആവശ്യമുണ്ട്: മുരളി മനോഹർ ജോഷി

സീതാറാം യെച്ചൂരി, മൻമോഹന്‍ സിങ്, ഡി രാജ, ശരത് യാദവ്, അഭിഷേക് സിംഘ്‌വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഭീതിയില്ലാതെ സംസാരിക്കാൻ ശേഷിയുള്ള ഒരു നേതാവിനെ രാജ്യത്തിന് ആവശ്യമാണെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. മോദിക്ക് ഇഷ്ടപ്പെടുമോയെന്ന പേടിയില്ലാതെ അഭിപ്രായം പറയാൻ കഴിവുള്ള നേതാവ് ഉയർന്നു വരേണ്ടതുണ്ട്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാൽ റെഡ്ഢിയെ അനുസ്മരിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയശാസ്ത്രബലവും ധീരതയുമുള്ള നേതാക്കക്കളെ ആവശ്യമായിട്ടുള്ള ഘട്ടമാണിതെന്ന് മുരളി മനോഹർ ജോഷി പറഞ്ഞു.

1991നും 93നുമിടയിൽ ബിജെപിയുടെ പ്രസിഡണ്ടായിരുന്നു ജോഷി. അക്കാലത്ത് ജോഷി കന്യാകുമാരി മുതൽ കശ്മീർ വരെല ഏക്താ യാത്ര സംഘടിപ്പിച്ചപ്പോൾ അതിന്റെ കോഓർഡിനേറ്ററായിരുന്നു മോദി.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ജോഷി തന്റെ നിലപാട് തുറന്നു പറഞ്ഞത്.

തനിക്ക് ശരിയെന്ന് ബോധ്യമുള്ളവയ്ക്കൊപ്പം നിൽക്കുകയും തെറ്റെന്ന് തോന്നിയവയെ ദാക്ഷിണ്യം കൂടാതെ കുറ്റപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ജയ്പാൽ റെഡ്ഢിയെന്ന് ജോഷി ഓർമിച്ചു. വളരെ കൃത്യതയുള്ള വാക്കുകളിലൂടെയാണ് പാർലമെന്റിൽ റെഡ്ഢി തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരി, മൻമോഹന്‍ സിങ്, ഡി രാജ, ശരത് യാദവ്, അഭിഷേക് സിംഘ്‌വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.