നരേന്ദ്രമോദിയുമായും അമിത്ഷായുമായും ഇടഞ്ഞു നില്‍ക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ വരണാസിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ മുരളി മനോഹര്‍ ജോഷിയുമായി ചര്‍ച്ച നടത്തി. അഖിലേഷ് യാദവും വരാണസിയില്‍ ജോഷിയെ മോദിക്കെതിരെ മല്‍സരിപ്പിക്കാനുള്ള നീക്കത്തില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്
ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ കുറച്ചുകാലാമായി ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മുരളി മനോഹര്‍ ജോഷി മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായ വരാണസിയില്‍ അദ്ദേഹത്തെ മാറ്റിയാണ് 2014ല്‍ മോദി മല്‍സരിച്ചത്. സീറ്റ് വിട്ടുനല്‍കാന്‍ ജോഷി നിര്‍ബന്ധിക്കപ്പടുകയായിരുന്നു.
ഇതിന് പുറമെ പാര്‍ലമെന്റ് എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അധ്യക്ഷനായ മുരളി മനോഹര്‍ ജോഷിയുടെ ചില ഇടപെടലുകള്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതും പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയ്ക്ക ആക്കം കൂട്ടി. ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത തിരിച്ചടക്കാത്ത വന്‍കിടക്കാരുടെ പട്ടിക റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഈ പട്ടിക ആവശ്യപ്പെട്ട എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ആവശ്യപ്പെട്ടത് മോദിയെ ചൊടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും ജെ പി നഡ്ഢയും മുരളി മനോഹര്‍ ജോഷിയെ വിളിച്ച് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇങ്ങനെ ഇടഞ്ഞുനിന്നതിന് ശേഷമാണ് മുരളി മനോഹര്‍ ജോഷിയ്ക്ക് സീറ്റ് നിഷേധിച്ചത്.
മോദി-ഷാ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്ത് വരികയും ഇത്തവണ മൽസരിക്കേണ്ടെന്ന പാർട്ടി നിർദേശത്തെ പത്രിക്കുറിപ്പിലൂടെ വിമർശിക്കുകയും ചെയ്ത ജോഷി ബിജെപി വിരുദ്ധ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സൂചനയാണ് നൽകുന്നത്. രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും അഖിലേഷ് യാദവുമായും മുരളി മനോഹര്‍ ജോഷിയും അദ്ദേഹത്തിന്റെ വിശ്വസ്തരും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി ജോഷി അരങ്ങിലെത്താനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ലെന്നു സൂചനകളും പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ ജോഷി അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപി സ്വീകരിക്കുന്ന ചങ്ങാത്ത മുതലാളിത്ത നയങ്ങളെ ഉൾപ്പെടെ വിമർശിച്ചായിരുന്നു ജോഷി ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത്. അതേസമയം ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയതായാണ് സൂചന.
പാർട്ടി നേതൃത്വത്തെ വിമർശിച്ച് ബിജെപി സ്ഥാപക നേതാവും രണ്ടാമത് അധ്യക്ഷനുമായിരുന്ന എൽകെ അദ്വാനി വ്യാഴാഴ്ച എഴുതിയ ബ്ലോഗ് വിവാദമായിതിന് പിറകെ പാര്‍ട്ടി അനുനയ നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പാർട്ടി സ്വീകരിക്കുന്ന നിലപാടുകളെ പാടെ നിരാഗരിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ബ്ലോഗ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിൽ ബിജെപി വിശ്വസിക്കുന്നില്ലെന്നും, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നും അദ്വാനി ബ്ലോഗിൽ വ്യക്തമാക്കിയിരിക്കുന്നു.
ഗാന്ധിനഗർ സീറ്റിൽ നിന്ന് അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാർഥിയാക്കിയ ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹം വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നത്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ലെന്ന ഊന്നിപ്പറയുന്ന അദ്ദേഹം 1991 മുതൽ ആറ് തവണ തന്നെ ലോക്സഭയിലെത്തിച്ച ഗാന്ധിനഗറിലെ ജനങ്ങളോട് നന്ദി പറയാനും ബ്ലോഗിലൂടെ തയ്യാറായി. ഗാന്ധി നഗറിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും മുന്നിൽ താൻ തോറ്റ് പോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ, വിയോജിപ്പുകൾ പരസ്യമായി പുറത്ത് വരാന്‍ ആരംഭിച്ചതോടെ അദ്വാനിയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഇതിനിടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി അദ്വാനി ചർച്ച നടത്തിയെന്നും തന്റെ ആശങ്കകൾ പങ്കുവച്ചതായും അഭ്യൂഹങ്ങൾ പറയുന്നു. അദ്വാനിയുടെ ബ്ലോഗിനെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി.
അതേസമയം, മുതിർന്ന നേതാക്കളുടെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ അമിത് ഷാ ആർഎസ്എസ് നേതാക്കളുമായി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
This post was last modified on April 5, 2019 2:30 pm
Leave a Comment