X

2019ല്‍ മതേതര സര്‍ക്കാര്‍ വരണം, അത് മനസിലുണ്ട്, 2004ലെ ജയം 2019ല്‍ കേരളത്തിലുണ്ടാകില്ല: കാരാട്ട്‌

സ്വാധീനമുള്ള ഇടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ തന്നെ ബാക്കിയുള്ള മേഖലകളില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രചാരണവുമായി മുന്നോട്ട് പോകുമെന്ന് കാരാട്ട് പറഞ്ഞു. കേരളത്തിലടക്കം 2004ലെ വിജയം ആവര്‍ത്തിക്കാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും 2019ല്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും കാരാട്ട് തുറന്നുപറഞ്ഞു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ മതനിരപേക്ഷ സര്‍ക്കാര്‍ അനിവാര്യമാണെന്നും അത് തങ്ങളുടെ മനസിലുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സ്വാധീനമുള്ള ഇടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ തന്നെ മറ്റ് സ്ഥലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായുള്ള പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും പ്രകാശ് കാരാട്ട് ദ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലടക്കം 2004ലെ വിജയം ആവര്‍ത്തിക്കാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും 2019ല്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും കാരാട്ട് തുറന്നുപറഞ്ഞു. 2004ല്‍ ഇടതുമുന്നണി കേരളത്തില്‍ 20ല്‍ 18 സീറ്റ് നേടിയിരുന്നു. അതേസാഹചര്യം ഇപ്പോള്‍ കാണാനാവില്ല. അതേസമയം 2004ഉമായി ഉള്ള ഒരു സാമ്യം എന്ന് പറയുന്നത് കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാവേണ്ടതുണ്ടോ എന്ന പ്രശ്‌നമാണ്. ഇത് മനസില്‍ വച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇത്തരമൊരു സാഹചര്യം വന്നാല്‍ അത് സംബന്ധിച്ച് തീരുമാനമെടുക്കും. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് തെന്നയാണ് മുഖ്യ ലക്ഷ്യം. എന്നാല്‍ ഇതിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാവില്ല.

കോണ്‍ഗ്രസിനെ സ്വാഭാവിക സഖ്യകക്ഷിയായാണ് സിപിഐ കാണുന്നത്. എന്നാല്‍ ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന, ഈ നയങ്ങള്‍ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസിനെ ഇത്തരത്തില്‍ സഖ്യകക്ഷിയായി കാണാന്‍ സിപിഎമ്മിന് കഴിയില്ല. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന തീരുമാനവും ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന തീരുമാനവും തമ്മില്‍ വൈരുദ്ധ്യമില്ല. എല്ലാവരും കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടുന്നത് കോണ്‍ഗ്രസല്ല, പ്രാദേശിക പാര്‍ട്ടികളാണ്. ഗൗരവമുള്ള ഒരു ദേശീയ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്ന് കരുതുന്നില്ല. എന്നാല്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ സഖ്യങ്ങളുണ്ടാകും.

മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് പോലെ സിപിഎമ്മിലെ അഭിപ്രായ ഭിന്നതകളെ കാണുന്നത് കൊണ്ടാണ് താനും യെച്ചൂരിയും തമ്മിലുള്ള സംഘര്‍ഷമെന്ന നിലയ്ക്ക് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. സുന്ദരയ്യ പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോളും ഇത്തരത്തിലായിരുന്നു. വ്യക്തികളല്ല, ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയങ്ങളാണ് പ്രശ്‌നം. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആരായിരിക്കും ജനറല്‍ സെക്രട്ടറിയാവുക എന്ന കാര്യം രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും അംഗീകരിച്ച ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/btjgrN

This post was last modified on February 20, 2018 10:49 am