X

വിവാദ എന്‍ഐഎ ബില്‍ രാജ്യസഭയില്‍ എതിരില്ലാതെ പാസായി, ലോക്‌സഭയില്‍ എതിര്‍ത്തത് അഞ്ച് ഇടത് എംപിമാരടക്കം ആറ് പേര്‍

ഇടത് എംപിമാര്‍ പ്രതിഷേധം പ്രകടിപ്പിച്ച് വാക്ക് ഔട്ട് നടത്തി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയിരുന്നു.

വിവാദ എന്‍ഐഎ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ലോക്‌സഭ കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാവുക ദുഷ്‌കരമാകുമെന്ന് കരുതിയിരുന്നെങ്കിലും ബില്‍ പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസമായി. ഭീകര സംഘടനകളേയും ഗ്രൂപ്പുകളേയും മാത്രമല്ല വ്യക്തികളേയും ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്ന ഭേദഗതി അമിതാധികാരം ഏജന്‍സിക്ക് നല്‍കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.

കോണ്‍ഗ്രസ് അംഗം ടി സുബ്ബരാമി റെഡ്ഡിയുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് എന്‍ഐഎ ബില്‍ പാസാക്കിയത്. ഇടത് എംപിമാര്‍ പ്രതിഷേധം പ്രകടിപ്പിച്ച് വാക്ക് ഔട്ട് നടത്തി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമഭേദഗതി പ്രാബല്യത്തില്‍ വരും. വിദേശത്തും അന്വേഷണം നടത്താനുള്ള അധികാരം പുതിയ ബില്‍ എന്‍ഐഎയ്ക്ക് നല്‍കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍ഐഎ അന്വേഷിക്കും.

അതേസമയം ബില്ലിന്റെ ഭേദഗതിയെ ലോക്‌സഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്തത്
ത് ആറ് പേര്‍ മാത്രം. ഇടതുപക്ഷത്തിന്റെ അഞ്ച് എംപിമാരും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും. 278 അംഗങ്ങളാണ് ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബില്ലിനെ വിമര്‍ശിച്ച് സംസാരിച്ചു. രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന് ഇടയിലാണ് ഈ നിയമ ഭേദഗതി എന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. അതേസമയം ഭീകരതയെ നേരിടുന്നതിന് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് എന്‍ഐഎയെ ഉപയോഗിക്കുക എന്നും ദുരുപയോഗമുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി.

This post was last modified on July 17, 2019 9:33 pm