X

ലാത്തിയുടെയും ബൂട്ടിന്റെയും വടുക്കൾ പേറുന്നവരാണ് ഞങ്ങൾ, ‘മെക്‌സിക്കന്‍ അപാരത’യില്‍ ആവേശം കൊള്ളുന്നവരല്ല: യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ ചെയര്‍മാന്‍ പറയുന്നു

തിരുത്തിയില്ലെങ്കിൽ ഈ കലാലയത്തിന്റെ മഹത്തായ സമരേതിഹാസങ്ങൾ പോലും റദ്ദു ചെയ്യാൻ ചിലർക്ക് അവസരമാകും. അങ്ങനെ വന്നാൽ ഈ മഹാകലാലയത്തോടും അവിടെ അഭിമാനത്തോടെ പഠിച്ച തലമുറകളോടുമുളള കടുത്ത അനീതിയാകും.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും രൂക്ഷ വിമര്‍ശനവും ഉയരുന്ന പശ്ചാത്തലത്തില്‍ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ കിരണ്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. എസ്എഫ്‌ഐയുടെ തെറ്റുകള്‍ തിരുത്തേണ്ടത് തന്നെയാണ് എന്നും എന്നാല്‍ എസ്എഫ്‌ഐക്കാരെ അപ്പാടെ ഗുണ്ടകളായി ചിത്രീകരിക്കുന്നവര്‍ ഈ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ അവകാശ പോരാട്ടങ്ങളെ വിസ്മരിക്കരുത് എന്നും കിരണ്‍ ബാബു പറയുന്നു. കോളേജിലെ എസ് എഫ് ഐ നേതൃത്വം തെറ്റ് തിരുത്തിയില്ലെങ്കിൽ ഈ കലാലയത്തിന്റെ മഹത്തായ ‘സമരേതിഹാസ’ങ്ങൾ പോലും റദ്ദു ചെയ്യാൻ ചിലർക്ക് അവസരമാകും. അങ്ങനെ വന്നാൽ ഈ മഹാകലാലയത്തോടും അവിടെ അഭിമാനത്തോടെ പഠിച്ച തലമുറകളോടുമുളള കടുത്ത അനീതിയാകുമെന്നും കിരണ്‍ ബാബു അഭിപ്രായപ്പെടുന്നു.

കിരണ്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

യൂണിവേഴ്സിറ്റി കോളേജിലെ റാങ്ക് ജേതാക്കൾക്ക് പുരസ്കാരം നൽകുന്ന ചടങ്ങ്. കോളേജിന്റെ തെക്ക് – പടിഞ്ഞാറ് ഭാഗത്തുളള ചെറിയ ആഡിറ്റോറിയത്തിൽ റാങ്ക് ജേതാക്കളുടെ കുടുംബാംഗങ്ങൾ അടക്കമുളളവർ.കേരള സർവ്വകലാശാലയിൽ റാങ്കിലും കലാ കായിക മികവിലും എന്നും തലപ്പൊക്കം കാത്ത് സൂക്ഷിച്ച കലാലയം. അച്ചടക്കത്തിന് പേരു കേട്ട സ്വകാര്യ കോളേജുകളോട് മത്സരിച്ചാണ് കേരളത്തിലെ ഏറ്റവും സമര തീക്ഷണമായ കലാലയത്തിലെ കുട്ടികൾ പഠനത്തിലും കലാകായിക മത്സരങ്ങളിലും അഭിമാനത്തോടെ നിവർന്നു നിൽക്കുന്നത്.

യു ഡി എഫ് ഭരണകാലമായതിനാൽ സമരങ്ങളാൽ ഏറെ അദ്ധ്യയന ദിവസങ്ങൾ നഷ്ടമായ വർഷം കൂടിയായിരുന്നു അത്. പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോൾ പോലും കോളേജിനുളളിലേക്ക് പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വർഷിച്ച കാലം. കടുത്ത നീറ്റലും അസ്വസ്ഥതയും സഹിച്ചാണ് പല കുട്ടികളും പരീക്ഷ എഴുതിയത്. പൊലീസ് കോളേജിനുളളിൽ കയറി പ്രിൻസിപ്പലിന്റെ അനുമതിയോടെ ക്ളാസ് മുറികളിലിട്ടു പോലും ആൺ, പെൺ ഭേദമില്ലാതെ കുട്ടികളുടെ തല തല്ലി ചതച്ച കെട്ട കാലം.

നിരന്തര സമരങ്ങളാൽ നഷ്ടമാകുന്ന അദ്ധ്യയന ദിവസങ്ങളും കുട്ടികളെ നിർബന്ധപൂർവ്വം സമരങ്ങളിൽ പങ്കെടുപ്പിക്കുന്നതും അടക്കം ചിലർ ആ വേദിയിൽ പൊതിഞ്ഞ് വിമർശിച്ചു. അനുമോദന ചടങ്ങിൽ കലാലയ മഹത്വത്തേക്കാൾ മുഴങ്ങിയത് പലരും പറയാതെ പറഞ്ഞ കോളേജിലെ നിരന്തര സംഘർഷങ്ങളെ കുറിച്ചുളള വിമർശനങ്ങളായിരുന്നു. മുഖ്യ പ്രതി എസ് എഫ് ഐയും. കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ പൊളളലോടെയും സങ്കടത്തോടെയുമാണ് വേദിയിൽ ഇരുന്നത്.

ഊഴം വന്നപ്പോൾ സംസാരിച്ചത് ഏകദേശം ഇങ്ങനെയാണ്. പഠന മികവുണ്ടെങ്കിൽ അച്ഛനമ്മമാരുടെ ധനസ്ഥിതി ബാധകമാകാതെ ഏതു കോഴ്സും പഠിക്കാനുളള സാഹചര്യം കേരളത്തിൽ ഉണ്ട്. അച്ഛനമ്മമാരുടെ ദാരിദ്ര്യത്തിന്റെ പേരിൽ ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടാത്ത നാടാണ് കേരളം. ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അവസ്ഥ അതല്ല. എയിംസ് അടക്കമുളള ഇന്ത്യയിലെ മുന്തിയ കലാലയങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനവും കേരളത്തിൽ ഇല്ല. നാമമാത്ര ഫീസ് മാത്രം നൽകി ഏതു ഉന്നത ബിരുദത്തിനും പഠിക്കാൻ കഴിയും. പല സർക്കാരുകളും ഇത് അട്ടിമറിക്കാനുളള നീക്കം പല തവണ പല രൂപത്തിൽ നടത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പഠനാവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഘട്ടങ്ങളിലെല്ലാം വെളളക്കൊടിയും ചുവപ്പൻ മുദ്രാവാക്യവുമായി കേരളത്തിലെയാകെ വിദ്യാർത്ഥികൾക്ക് വേണ്ടി മുന്നിൽ നിന്ന് സമരം നയിച്ചത് ഈ കാമ്പസിലെ വിദ്യാർത്ഥികളാണ്.

ചിലപ്പോൾ കല്ലും കമ്പുമെടുത്ത് സായുധരായ പൊലീസിനെ നേരിടേണ്ടിയും വന്നിട്ടുണ്ട്. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന വിദ്യാർത്ഥി സമരങ്ങളുടെ കണക്കെടുത്താൽ അതിൽ പൊലീസിന്റെ തല്ലും ഷെല്ലും ഏറ്റവും കൂടുതൽ തവണ ഏറ്റവാങ്ങേണ്ടി വന്നിട്ടുളളത് ഈ കാമ്പസിലെ വിദ്യാർത്ഥികൾക്കാവും. ഏറ്റവും കൂടുതൽ പൊലീസ് കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഈ കോളേജിലെ വിദ്യാർത്ഥികളാവും. തെളിച്ചു പറഞ്ഞില്ലെങ്കിലും നിങ്ങളിൽ ചിലരെങ്കിലും ഗുണ്ടകളെന്ന് വിശേഷിപ്പിച്ച ഈ കാമ്പസിലെ എസ്. എഫ് ഐ പ്രവർത്തകരിൽ ഭൂരിപക്ഷത്തിന്റെയും ഉടുപ്പൂരി നോക്കിയാൽ ലാത്തിയുടെയും ബൂട്ടിന്റെയും ഇനിയും മായാത്ത വടുക്കളും വേദനയും നീറ്റലും തൊട്ടറിയാം. അതിൽ പലരും പല തവണ ജയിലിൽ കിടന്നിട്ടുളളവരാണ്. പത്തും പതിനഞ്ചും കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ എത്രയെങ്കിലും ഉണ്ട്.

പരീക്ഷക്കാലമായാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കേണ്ടവരാണ് ഞങ്ങളിൽ പലരും.
താരതമ്യേന ദരിദ്ര ചുറ്റുപാടുകളിൽ നിന്നു വരുന്ന കുട്ടികളാണ് ഇവിടെയേറെയും. മാനേജ്മെന്റ് വിഹിതത്തില്ല മാർക്കിന്റെ മികവിൽ പ്രവേശനം നേടിയവർ. വീട്ടുകാരുടെ വലിയ പ്രതീക്ഷാഭാരം പേറുന്നവർ. നാളെ ഒരു സർക്കാർ ജോലിക്കോ വിദേശത്തോ പോയി ജീവിതം കരുപ്പിടിക്കണമെങ്കിൽ ഈ കേസുകളെല്ലാം ഒത്തു തീർപ്പാക്കാനായി എത്രയോ അലയേണ്ടി വരുന്നവർ. പഠനം കഴിഞ്ഞാലും കാലങ്ങളോളം കോടതി വരാന്ത കയറിയിറങ്ങേണ്ടവർ. പൊലീസിന്റെ കരണത്തടിയുടെ മൂളൽ ചെവിയിൽ നിന്നും മാറാത്തവർ പോലുമുണ്ട്. സായുധരായ പൊലീസിന്റെ സംഘടിത ആക്രമണത്തിനു മുന്നിൽ നിൽക്കുക അത്ര എളുപ്പപണിയല്ല. ഈ സംഘർഷങ്ങൾക്കും കേസുകൾക്കും ഇടയിലും പരീക്ഷക്കാലമായാൽ ഉറക്കമൊഴിച്ചിരുന്ന് പഠിച്ച് മികച്ച വിജയം നേടുന്നവരാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പഠന ശേഷം ജീവിതത്തിന്റെ വിവിധ വഴികളിൽ തിളങ്ങുന്നവരാണ്. ഈ റാങ്ക് ജേതാക്കളുടെ കൂട്ടത്തിലുമുണ്ട് സമരങ്ങൾക്ക് മുന്നിൽ നിന്നവർ.
എന്നാൽ ഇങ്ങനെ വിജയം നേടാനാവാതെ പോകുന്നവരുമുണ്ട്.

പരീക്ഷ പോലും എഴുതാൻ കഴിയാതെ പോകുന്നവരുണ്ട്. വഴിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവരുമുണ്ട്. പഠിച്ചില്ലെങ്കിലും വേണ്ടില്ല പൊലീസിൻെറ അടി കൊണ്ട് ചതയാതിരിക്കാൻ വീട്ടുകാർ നിർബന്ധപൂർവ്വം പഠനം നിർത്തിച്ചവർ പോലുമുണ്ട്. ഞങ്ങളുടെ മുൻഗാമികളിൽ സമൂഹത്തിൽ നക്ഷത്ര പ്രകാശം ചൊരിയുന്ന പ്രതിഭകളുണ്ട്. ഒപ്പം ജീവിത വഴിയിൽ ഇടറി വീണ പ്രതിഭകളും ഉണ്ട്. സംഘർഷങ്ങൾക്ക് ഇടയിൽ ജീവിതം നഷ്ടപ്പെട്ടു പോയവർ. ആഗോളവത്കരണ മോഹങ്ങളുടെ ഇക്കാലത്തും ഇത്തരം അപകടങ്ങൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങളിൽ ഏറെപ്പേരും സമരമുഖത്തേക്ക് ഇറങ്ങുന്നത്.

ഇതിലും ഭീകരമായ വേറൊരു അവസ്ഥയുണ്ട്. ഇവിടെ ഇരിക്കുന്ന അച്ഛനമ്മമാർക്ക് അത് നന്നായി മനസിലാകും. പൊലീസ് തലതല്ലി പൊളിക്കുന്നതിനേക്കാൾ വേദനണ്ടാവും ചാനലിലൂടെ അത് കണ്ട് പൊട്ടിക്കരയുന്ന അച്ഛനമ്മമാരുടെ കണ്ണീർ ശാപ വാക്കുകൾക്ക്. ഷെല്ലിനും ലാത്തിക്കും മുന്നിൽ തളരാതെ നിന്ന് പൊലീസിനെ തിരിച്ചടിക്കാൻ കാണിച്ച ഉശിരൊന്നും അപ്പോൾ കാണില്ല. പെറ്റവയറിനു മുന്നിൽ ഉത്തരം മുട്ടിയുളള ആ നിൽപ്പ് ഉണ്ടല്ലോ. അത്രത്തോളം വരില്ല ലോകത്തെ ഏത് കൊടിയ വിമർശനവും.

ഞങ്ങൾ സമരത്തിനിറങ്ങുന്നത് നാളെ വലിയ നേതാവായി നാടു ഭരിക്കാം എന്ന് മോഹിച്ചല്ല. ഇന്ന് ഞങ്ങൾക്ക് പഠിക്കാൻ അവസരം ലഭിച്ചത് എത്രയോ പേർ ജീവിതം കളഞ്ഞ് നടത്തിയ പോരാട്ടങ്ങളിലൂടെയും ഏറ്റുവാങ്ങിയ ഭീകര മർദ്ദനങ്ങളിലൂടെയും ആണെന്ന ബോധ്യം കൊണ്ടാണ്. അത് നിലനിർത്തേണ്ടത് ഞങ്ങളുടെ കടമയും ഉത്തരവാദിത്വവും ആണെന്ന തിരിച്ചറിവിലാണ്. ബ്രിട്ടീഷ് കാലം മുതൽ സ്വാതന്ത്ര്യത്തിനു വേണ്ടിയും ചൂഷണത്തിന് എതിരെയും ഇതിഹാസ സമാനമായ പോരാട്ടം നയിച്ച ഈ കലാലയത്തിലെ വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണത്. സെക്രട്ടേറിയറ്റിനോടു ചേർന്നുളള കലാലയം ആയത് കൊണ്ട് മാത്രമല്ല ഞങ്ങൾ അവകാശ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഈ കലാലയത്തിന്റെ ചരിത്രം നൽകുന്ന ഉത്തരവാദിത്വം കൂടിയാണത്.

തോറ്റോടിയ ചരിത്രമല്ല വീണാലും വീറോടെ പൊരുതിയ വീര കഥകളാണ് മുന്നിലെ മുത്തശ്ശി മാവ് ചരിത്രത്തിൽ വിളയിച്ചിട്ടുളളത്. പോരാളികളുടെ പിൻമുറക്കാരാണ് ഞങ്ങൾ. ഞങ്ങൾക്ക് ചരിത്രത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാൻ ആവില്ല. ഞങ്ങൾ പിടിക്കുന്ന വെളളക്കൊടിയിലെ നക്ഷത്രം ചുവന്നത് സഹജാതർക്ക് വേണ്ടി ചൊരിഞ്ഞ ചോരായാലാണ്. തെരുവിൽ ഗാനമേള നടത്തിയും ഓണസദ്യ നടത്തി മിച്ചം പിടിച്ചും മുന്നിലെ റോഡിലെ കടകൾ തോറും നടന്ന് തെണ്ടിയും കാശ് സ്വരുക്കൂട്ടിയാണ് കലോത്സവത്തിനായി ലക്ഷങ്ങൾ വാരിയെറിയുന്ന കലാലയങ്ങളോട് പൊരുതി സർവ്വകലാശാലാ യുവജനോത്സവത്തിലും അന്തർ സർവ്വകലാശാലാ മത്സരങ്ങളിലും സർഗാത്മകതയുടെ കയ്യൊപ്പ് ചാർത്തുന്നത്. പണം വാരിയെറിയേണ്ട നൃത്ത ഇനങ്ങളിൽ ഞങ്ങൾ പിന്നിൽ പോയാലും പാടിയും പ്രസംഗിച്ചും എഴുതിയും വരച്ചും അഭിനയിച്ചും ഞങ്ങൾ മുന്നിലെത്തും. അതിനു പിന്നിൽ വലിയ കൂട്ടായ്മയുണ്ട്. ഒരു മത്സരത്തിൽ പോലും പങ്കെടുക്കാത്തവരുണ്ടാകും ഈ കൂട്ടായ്മയിൽ.

ഈ കാലാലയത്തിലെ വിദ്യാർത്ഥികൾ മുന്നിൽ നിന്നു അടിയേറ്റു വീണ നൂറു കണക്കിന് സമരങ്ങൾ കൊണ്ടാണ് ഫീസ് കൂട്ടൽ മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണം വരെയുളള തീരുമാനങ്ങൾ തിരുത്തപ്പെട്ടത്. ചെറിയ ഫീസിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്നത്. ഫീസ് കൂട്ടിയാൽ പഠിക്കാൻ കഴിയാത്തവർ ഇന്നും ഇന്നാട്ടിലുണ്ടെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. സമരമില്ലാത്ത അച്ചടക്ക കലാലയം ആയിരുന്നു ഇതെങ്കിൽ ഇന്ന് റാങ്കിന്റെ തിളക്കത്തോടെ എന്റെ മുന്നിലിരിക്കുന്ന പല കുട്ടികൾക്കും ഇവിടെ എന്നല്ല കേരളത്തിൽ എവിടെയും പഠിക്കാൻ കഴിയുമായിരുന്നില്ല. നിങ്ങളിൽ പലരും വലിയ ഫീസിൻെറ ഭാരം താങ്ങി മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ ത്രാണിയുളളവരല്ല. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു എങ്കിൽ നിങ്ങളിൽ പലർക്കും മക്കളെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കാൻ കഴിയുമായിരുന്നില്ല. പഠിക്കാൻ എത്ര മിടുക്കരാണ് മക്കളെങ്കിലും കൂലി പണിക്ക് വിടേണ്ട ഗതികേട് വന്നു ചേരുമായിരുന്നു.  വലിയ പോരാട്ടങ്ങൾക്ക് ഇടയിൽ തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടില്ലെന്നല്ല. തിരുത്തപ്പെടാൻ ഒരുപാടുണ്ട്. പക്ഷെ അതിന്റെ പേരിൽ ഞങ്ങളെയാകെ അടച്ചാക്ഷേപിക്കരുത്. കുറഞ്ഞ പക്ഷം ഇന്നാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനാവകാശം സംരക്ഷിക്കാനായി തെരുവിൽ അടിയേറ്റിട്ടുളളവരാണെന്ന കരുണ എങ്കിലും ഞങ്ങളോട് കാണിക്കണം.
——–
വിദ്യാർത്ഥി സംഘടനാ ജീവിതത്തിലെ ഏറ്റവും വികാര സാന്ദ്രവും അഭിമാനഭരിതവുമായ നിമിഷങ്ങൾ ഈ ചടങ്ങിന് ശേഷമാണ് സംഭവിച്ചത്. പരിപാടി കഴിഞ്ഞ് ആഡിറ്റോറിയത്തിന് പുറത്തു നിൽക്കുമ്പോൾ പ്രായമായ ഒരു മനുഷ്യൻ എന്റെ അരികിലേക്ക് വന്നു. ധരിച്ചിരുന്ന തേച്ച ഉടുപ്പിനും മറയ്ക്കാനാകാത്ത ജീവിത പങ്കപ്പാടുകൾ മുഴച്ചു നിൽക്കുന്ന ഒരു മനുഷ്യൻ. റാങ്ക് കിട്ടിയ ഒരു കുട്ടിയുടെ പേരു പറഞ്ഞ് അച്ഛനാണെന്ന പരിചയപ്പെടുത്തൽ. ആ മനുഷ്യൻ പറഞ്ഞത് ഏറെക്കുറെ ഇങ്ങനെയാണ്. രാവിലെ പൊതിച്ചോറും കെട്ടി കോളേജിലേക്ക് അയക്കുന്ന മോൾ ഉച്ചയ്ക്ക് മുമ്പേ മടങ്ങി വരുമ്പോൾ എസ് എഫ് ഐക്കാരെ പല തവണ ഞാൻ തെറി പറഞ്ഞിട്ടുണ്ട്. മകളെ സമരത്തിന് വിളിച്ചു കൊണ്ട് പോയെന്ന് അറിഞ്ഞപ്പോൾ നിങ്ങളോടുളള ദേഷ്യം ഇരട്ടിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് മോൻ പറഞ്ഞത് കേട്ടതോടെ അതെല്ലാം പോയി. കൂലി വേലയ്ക്ക് പോയാണ് മക്കളെ പഠിപ്പിക്കുന്നത്. അവളുടെ അമ്മ അടുത്ത വീട്ടുകളിൽ ജോലിക്ക് പോകുകയാണ്. ഫീസില്ലാതെ പഠിക്കാൻ ഇതു പോലെയുളള കോളേജുകൾ ഇല്ലായിരുന്നെങ്കിൽ എന്റെ മകളെ എനിക്ക് പഠിപ്പിക്കാൻ കഴിയുമായിരുന്നില്ല. മോളേയും അവളുടെ അമ്മയെ പോലെ…

നിങ്ങൾ സമരം ചെയ്തതെല്ലാം ഞങ്ങൾക്ക് വേണ്ടിയാണ്. എന്നോട് പൊറുക്കുക എന്ന് ആ മനുഷ്യൻ പറയുമ്പോൾ ആ അച്ഛന്റെ പരുക്കൻ കൈക്കുളളിൽ എന്റെ കൈവിരലുകൾ അമർന്നിരുന്നു. ആ അച്ഛന്റെ സ്വരം ഇടറിയിരുന്നു. എന്റെയും. യൂണിവേഴ്സിറ്റി കോളേജിലെ ഇപ്പോഴത്തെ സംഭവങ്ങളെ ന്യായീകരിക്കാനുളള കുറിപ്പല്ലിത്. ഇതാണ് ഈ കലാലയമെന്ന ഓർമ്മിപ്പിക്കൽ മാത്രം. തെറ്റിനെ ന്യായീകരിക്കാനില്ല. ന്യായീകരണമല്ല തിരുത്താണ് ശരിയെന്ന ബോധ്യക്കാരനുമാണ്. ‘ഒരു മെക്സിക്കൻ അപാരത’ എന്ന ഇടത് വിരുദ്ധ അറുവഷളൻ സിനിമ കണ്ട് ആവേശഭരിതനാകാൻ എന്നിലെ പഴയ എസ് എഫ് ഐക്കാരനാവില്ല. പുറത്തെയും അകത്തെയും തെറ്റുകളോട് നിരന്തരം കലഹിച്ചു തന്നെയാണ് ഞങ്ങളുടെ തലമുറ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തിയിട്ടുളളത്.

ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും അതിലുപരി മുൻ ചെയർമാൻ എന്ന നിലയിലും എനിക്കും ഞങ്ങളുടെ തലമുറയ്ക്കും ഇപ്പോഴത്തെ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു മാറാനാവില്ലെന്നും ബോധ്യമുണ്ട്. എ ഐ ഡി എസ് ഒ സ്ഥാനാർത്ഥിയോട് മത്സരിച്ച് ജനാധിപത്യരീതിയിൽ തന്നെയാണ് ചെയർമാൻ ആയതെന്നും അറിയിക്കുന്നു. തെറ്റായ പ്രവണതകളെ അന്ന് അതീവ ഗൗരവത്തോടെ തിരുത്താൻ ശ്രമിക്കുകയും ഒരു പരിധി വരെ തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴും പൂർണമായിരുന്നില്ല എന്നും അറിയാം. അതൊന്നും മറച്ചു വച്ചു കൊണ്ടല്ല ഈകുറിപ്പ്.

പഠിക്കുകയും ജീവിതത്തിൽ അലിഞ്ഞു ചേരുകയും തീവ്ര സമര നാളുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തുകയും ചെയ്ത കലാലയം എന്ന വൈകാരികതയാവാം, പൂർവ്വ വിദ്യാർത്ഥികൾ അടക്കം തലകുനിച്ച് നിൽക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്. ഇത് അംഗീകരിച്ചു കൊണ്ട് തന്നെ പറയുന്നു അടിയന്തരമായി തിരുത്തേണ്ട തെറ്റുകളാണ് സംഭവിച്ചത്. തിരുത്തിയില്ലെങ്കിൽ ഈ കലാലയത്തിന്റെ മഹത്തായ സമരേതിഹാസങ്ങൾ പോലും റദ്ദു ചെയ്യാൻ ചിലർക്ക് അവസരമാകും. അങ്ങനെ വന്നാൽ ഈ മഹാകലാലയത്തോടും അവിടെ അഭിമാനത്തോടെ പഠിച്ച തലമുറകളോടുമുളള കടുത്ത അനീതിയാകും. ചരിത്രം അറിയുന്നവർ തിരുത്തും. ശുഭ പ്രതീക്ഷയുണ്ട്. സർഗാത്മകതയാണ് എന്നും ഈ കലാലയത്തിന്റെ വീറും വീര്യവും. കൊല്ലരുത്… കാവലാളാവണം…

This post was last modified on July 18, 2019 12:27 am