X

അജിത് ഡോവലിന്റെ മകന്‍ ഉത്തരാഖണ്ഡ് ബിജെപി നേതൃനിരയിലേയ്ക്ക്?

റായ്ബര്‍ ഫെസ്റ്റിവലിന്റെ സമയത്ത് ശൗര്യ ഡോവല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലുണ്ടായിരുന്നു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നടന്ന പാര്‍ട്ടിയുടെ രണ്ട് ദിവസത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹല്‍ദ്വാനിയില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ശൗര്യ ഡോവലിന്റെ സാന്നിദ്ധ്യം നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ ശൗര്യ ഡോവല്‍ സജീവമാകാന്‍ പോകുന്നതിന്റേയും ബിജെപിയുടെ നേതൃനിരയിലേയ്ക്ക് വരാന്‍ പോകുന്നതിന്റേയും സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ഡല്‍ഹി കേന്ദ്രീകൃത തിങ്ക് ടാങ്ക് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ശൗര്യ ഡോവലാണ്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭു, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്.

റായ്ബര്‍ ഫെസ്റ്റിവലിന്റെ സമയത്ത് ശൗര്യ ഡോവല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലുണ്ടായിരുന്നു. ശൗര്യ ഡോവല്‍ ബിജെപി അംഗമാണെന്നും താന്‍ ക്ഷണിച്ചതനുസരിച്ച് പ്രത്യേക ക്ഷണിതാവ് എന്ന നിലയിലാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ശൗര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിലെ അംഗമാണ്. നയപരമായ കാര്യങ്ങളില്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കുന്നുണ്ട് – അജയ് ഭട്ട് ചൂണ്ടിക്കാട്ടി. ശൗര്യ ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ സജീവമായേക്കുമെന്ന സൂചനയാണ് സംസ്ഥാനത്തെ പല മുതിര്‍ന്ന ബിജെപി നേതാക്കളും നല്‍കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലുള്ള ഘിദി ഗ്രാമമാണ് അജിത് ഡോവലിന്റെ സ്വദേശം.

അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ

കേന്ദ്ര സര്‍ക്കാരുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടുന്ന ബോയിംഗ് ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളുടേയും മറ്റും സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ ഇന്ത്യാ ഫൗണ്ടേഷന്‍ സ്വീകരിക്കുന്നു എന്ന ഗുരുതര ആരോപണം ദ വയറിന്‍റെ (thewire.in) റിപ്പോര്‍ട്ട് നേരത്തെ ഉയര്‍ത്തിയത്. സര്‍ക്കാര്‍ നയരൂപീകരണം സംബന്ധിച്ചും ഇന്ത്യയിലേയും വിദേശത്തേയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മന്ത്രിമാരും മറ്റ് നയരൂപീകരണം നടത്തുന്നവരുമായും അടുത്തിടപഴകാനും നയരൂപീകരണ കാര്യത്തില്‍ പോലും സ്വാധീനം ചെലുത്താനും കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇന്ത്യാ ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇത്രയധികം മന്ത്രിമാരും ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമെല്ലാം നിറഞ്ഞിരിക്കുന്ന ഈ സ്ഥാപനം ലോബീയിംഗിനും കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റിനും വഴിവയ്ക്കുന്നുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

This post was last modified on December 20, 2017 9:34 am