X

പോളിയോ വാക്സിനുകൾ സ്റ്റോക്കില്ലെന്ന വാർത്ത നിഷേധിച്ച് ആരോഗ്യമന്ത്രാലയം; പ്രതിരോധ പ്രവർത്തനങ്ങള്‍ മുടങ്ങില്ല

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പോളിയോ ബാധയ്ക്കുള്ള സാധ്യത ഏറെ കൂടുതലാണ്.

പോളിയോ മരുന്നുകൾ ഇല്ലാത്തതിനാലല്ല പോളിയോ നാഷണൽ ഇമ്മ്യൂണൈസേഷൻ ഡേ (ദേശീയ പോളിയോ പ്രതിരോധ ദിനം) ആചരിക്കുന്നത് മാറ്റി വെച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 18ന് ഒരു അടിയന്തിര സന്ദേശത്തിലൂടെയാണ് ഫെബ്രുവരി മൂന്നിന് നിശ്ചയിച്ചിരുന്ന പോളിയോ പ്രതിരോധ ദിനം അനിശ്ചിതകാലത്തേക്ക് മാറ്റി വെക്കുന്നതായി സംസ്ഥാനങ്ങൾക്ക് സന്ദേശമെത്തിയത്. പോളിയോ മരുന്നുകള്‍ സ്റ്റോക്കില്ലാത്തതാണ് നീട്ടിവെക്കലിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം വിശദീകരണവുമായി എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള സന്ദേശത്തിൽ ‘ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാൽ’ ദിനാചരണം നീട്ടിവെക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.

അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് പോളിയോ പ്രതിരോധ പരിപാടിക്ക് മുടക്കം വരുമ്പോൾ സംജാതമാകുകയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ നിർമാർജനത്തിൽ വലിയ അളവിൽ വിജയിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. വർഷത്തിൽ രണ്ടുതവണയാണ് പോളിയോ വാക്സിൻ നൽകുക. ഏതാണ്ട് 172 ദശലക്ഷം കുട്ടികൾക്ക് മരുന്ന് നൽകുന്നു. രാജ്യത്തിന്റെ പൊതു ആരോഗ്യം ഈ പ്രതിരോധപ്രവർത്തനങ്ങളെ ഏറെ ആശ്രയിച്ചു നിൽക്കുന്നു. സമൂഹ പ്രതിരോധശേഷിയെ (herd immunity) ഗുരുതരമായി ബാധിക്കുന്ന ഒന്നായി മാറും പോളിയോ മരുന്നുകൾ നൽകാതിരിക്കുന്നതെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പോളിയോ ബാധയ്ക്കുള്ള സാധ്യത ഏറെ കൂടുതലാണ്. വാക്സിൻ മുടങ്ങിയാൽ അത് വലിയ ആരോഗ്യദുരന്തത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.

കേരളം, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പോളിയോ വാക്സിൻ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചുവെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിൽ നിന്നു തന്നെ മരുന്ന് സ്റ്റോക്കില്ലാത്തതാണ് കാരണമെന്ന് വ്യക്തമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും വേണ്ടത്ര മരുന്ന് സ്റ്റോക്കുള്ളതു കൊണ്ടാണ് അവയെ ഒഴിവാക്കിയത്.

ആവശ്യമായ മരുന്ന് തങ്ങളുടെ പക്കലുണ്ടെന്നും പോളിയോ പ്രതിരോധ നിർമാർജന പരിപാടി ഉടൻ തന്നെ തുടങ്ങുമെന്നുമാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ പറയുന്നത്. മരുന്നുകളുടെ ടെസ്റ്റ് കൂടുതൽ കർശനമാക്കിയതു കൊണ്ടാണ് വൈകുന്നതെന്നും വിശദീകരണമുണ്ട്.