പാകിസ്ഥാനിലെ ക്വറ്റയില്‍ കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ മരുന്ന് നല്‍കുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകരായ അമ്മയെയും മകളെയും അജ്ഞാതര്‍ വെടിവെച്ചുകൊന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കമുള്ള ആയിരക്കണക്കിന് പോളിയോ സംഘങ്ങള്‍ പ്രതിരോധ മരുന്ന് നല്‍കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്. അമ്പത് വയസുള്ള സക്കിന ബിബിയും പുത്രിയും 20 കാരിയുമായുമായ അലിസയുമാണ് വെടിയേറ്റ് മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ തോക്കുധാരികളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് ഉദ്യോഗസ്ഥനായ നസീബുള്ള ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പാകിസ്ഥാനില്‍ പോളിയോ വാസിനേഷനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. പ്രതിരോധ മരുന്ന് നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഘാഖാന്‍ അബ്ബാസി അപലപിച്ചു. രാജ്യത്തെ കുട്ടികളെ അംഗവൈകല്യങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുള്ള വലിയ ദൗത്യമാണ് പോളിയോ സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം രാജ്യത്തിന്റെ നന്മയ്ക്കായി മാറ്റിവെച്ചിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് പാകിസ്ഥാന്റെ ഭാവിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ മുന്ന് രാജ്യങ്ങളില്‍ മാത്രമാണ് ലോകത്ത് ഇതുവരെ പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തത്. താലിബാന്‍, തീവ്രവാദികളായ പുരോഹിതര്‍, മറ്റ് മതസംഘടനകള്‍ എന്നിവയുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ സര്‍ക്കാര്‍ പോളിയോ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ഏറ്റെടുക്കാറുണ്ട്. പ്രതിരോധ മരുന്നുകള്‍ പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാണെന്നാണ് മതതീവ്രവാദികള്‍ പ്രചരിപ്പിക്കുന്നു. പാകിസ്ഥാനി കുട്ടികളുടെ പ്രത്യുല്‍പാദന ശേഷിയെ പ്രതിരോധ മരുന്നുകള്‍ പ്രതികൂലമായി ബാധിക്കുമെന്ന വ്യാജ പ്രചാരണവും അവര്‍ അഴിച്ചുവിടുന്നുണ്ട്.
Leave a Comment