X

പുൽവാമ പരാമര്‍ശം; മോദിക്ക് വീണ്ടും ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏപ്രിൽ 9നായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. ഇത് രണ്ടാംതവണയാണ് മോദിക്കെതിരായ ചട്ടലംഘന പരാതി കമ്മീഷൻ തള്ളുന്നത്. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലുള്ള ഔസയില്‍ സംഘടിപ്പിച്ച ഒരു റാലിയിൽ മോദി നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് കാരണമായത്.

പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് യുവാക്കൾ തങ്ങളുടെ വോട്ട് നൽകണമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇത് രാജ്യത്തിന്റെ സൈന്യത്തെ തെരഞ്ഞെടുപ്പു നേട്ടത്തിനായി ഉപയോഗിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പോയത്.  ഏപ്രിൽ 9നായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

പ്രധാനമന്ത്രി നിരവധി യോഗങ്ങളിൽ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് സംബന്ധിച്ച് നേരത്തെയും പരാതികളുയർന്നിരുന്നു. ഏപ്രിൽ 30ന് കമ്മീഷനിൽ നിന്നും വന്ന തീരുമാനം ഈ പരാതികളെല്ലാം തള്ളാനായിരുന്നു. രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശങ്ങളിൽ പ്രധാന മന്ത്രി മോദി പെരുമാറ്റച്ചട്ടം ലംഘിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ‌ രാഹുല്‍‌ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിറകെ വാർധയിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കമ്മീഷനെ സമീപിച്ചത്. ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂന പക്ഷ മേഖലയിലേക്ക് ഒളിച്ചോടി എന്നായിരുന്നു പരാമർ‌ശം. എന്നാൽ മോദിയുടെ പരാമർശത്തിൽ വർ‌ഗീയത കണ്ടെത്താനായില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയടങ്ങുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണമായും കേട്ടുവെന്നും അതിൽ ചട്ടലംഘനം യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കമ്മീഷന്റെ പ്രസ്താവന പറഞ്ഞു.

അതെസമയം, സൈന്യത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അത് ചട്ടലംഘനമാകുമെന്നും കമ്മീഷൻ മാർച്ച് മാസത്തിൽ പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണത്തെ വോട്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്സ് ആരോപിച്ച സന്ദർഭത്തിലായിരുന്നു കമ്മീഷന്റെ ഈ പ്രസ്താവന. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികകാര്യങ്ങൾ തന്റെ പ്രസംഗങ്ങളിൽ ഉൾപ്പെടുത്തി വരികയും ചെയ്തിരുന്നു.

This post was last modified on May 2, 2019 6:31 am