X

ശാന്തിവനം: കെഎസ്ഇബിക്ക് ടവറുകള്‍ ഇനിയും പണിയാം, 200 വര്‍ഷം പഴക്കമുള്ള ജൈവവൈവിധ്യ മേഖലയോ?

ഇന്ന് നടക്കുന്ന കളക്ടറുമായുള്ള ചര്‍ച്ചയില്‍ തിരുമാനം ഉണ്ടാകുന്നതു വരെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്

എറണാകുളം, വഴിക്കുളങ്ങരയിലെ ജൈവകലവറയായ ശാന്തിവനത്തെ കൊല്ലുന്ന കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടമ മീനാ മേനോന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമരത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഷയത്തില്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. കളക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയാകും ശാന്തിവനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നത്.

“ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ഒരു ജൈവവൈവിധ്യ കലവറയെ തച്ചുടച്ചു കളയുകയാണ്. വികസനം പ്രകൃതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ടാണോ നടക്കേണ്ടത്? എന്താണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പറയാനുള്ളത്? മീന മേനോന്റെ ചോദ്യമാണ്. മനുഷ്യന്റെ നിലനില്‍പ്പ് പ്രകൃതിയുടെ കാരുണ്യത്താല്‍ മാത്രമാണെന്നു തിരിച്ചറിഞ്ഞ് സ്വന്തം അദ്ധ്വാനത്താല്‍ ഒരു മനുഷ്യനിര്‍മിത വനം നട്ടുണ്ടാക്കിയ രവീന്ദ്രനാഥ് എന്ന പരിസ്ഥിതി സ്‌നേഹിയുടെ മകളാണ് മീന മേനോന്‍. ആ വനം ഇല്ലാതാക്കുന്ന ക്രൂരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിലാണ് ഇന്ന് അവര്‍. അവര്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരുടേയും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെയും കൂട്ടായ്മയുമുണ്ട്. അവര്‍ക്കെതിരായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും.

എറണാകുളത്ത് വടക്കന്‍ പറവൂരില്‍ വഴീക്കുളങ്ങരയില്‍ സ്ഥിതി ചെയ്യുന്ന രണ്ടേക്കറോളം വരുന്ന മനുഷ്യനിര്‍മിതമായ ശാന്തിവനത്തില്‍ കൂടി തന്നെ 110 കെവി ലൈന്‍ വലിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഇതിനായി ഇവിടുത്തെ അടിക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചു. നിയമവും ‘വികസന’വുമൊക്കെ പറഞ്ഞ് അധികൃതര്‍ മുന്നോട്ടുപോകുമ്പോള്‍ ശാന്തിവനം എന്ന ജൈവവൈവിധ്യ ഭൂമിയെ സംരക്ഷിച്ചു നിലനിര്‍ത്തുമെന്ന വാശിയിലാണ് മീന മേനോനും ഒപ്പമുള്ളവരും.

മീന മേനോന്‍

“ജൈവവൈവിധ്യ കലവറയെ കുറിച്ചും സുസ്ഥിര വികസനത്തെ കുറിച്ചും നിരന്തരം പ്രസംഗിക്കുന്ന സര്‍ക്കാര്‍ ശാന്തിവനത്തെ നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കുന്നില്ല. രണ്ടേക്കറോളം വരുന്ന 200 വര്‍ഷം പഴക്കമുള്ള ഈ ജൈവവൈവിധ്യ കലവറയ്ക്ക് പകരം വയ്ക്കാന്‍ ഒന്നിനും സാധിക്കില്ല. പ്രകൃതി നമ്മളെയാണ് സംരക്ഷിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മള്‍ തയാറാകുന്നില്ല'”, മീനാ മേനോന്‍ അഴിമുഖത്തോട് പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലേ? തെറ്റിദ്ധരിപ്പിക്കുന്ന തെളിവുകള്‍ക്കും, പ്രകൃതിയെ കൊല്ലുന്ന നിയമങ്ങള്‍ക്കുമാണ് ഇവിടെ എല്ലാവരും വില നല്‍കുന്നത്, മീന മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 28ന് ശനിയാഴ്ച്ച ശാന്തിവനം സംരക്ഷിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ വഴീക്കുളങ്ങരയില്‍ നടന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ നിരവധി പേര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്തു. 200 വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളും 40 വര്‍ഷമായി സംരക്ഷിച്ച് വരുന്ന വനവും മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വര്‍ത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, വരും തലമുറയുടെ കൂടി ആവശ്യമാണെന്നു കൂടി ഓര്‍മിപ്പിച്ചാണ് ഇവരീ സമരത്തില്‍ പങ്കാളികളാകുന്നത്.

എന്നാല്‍ ശാന്തിവനം സംരക്ഷിക്കണമെന്ന ആവശ്യം ഉച്ചത്തില്‍ ഉയരുമ്പോഴും തങ്ങളുടെ പ്രവര്‍ത്തിയില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് കെഎസ്ഇബി അധികൃതര്‍ 110 കെ.വി.ലൈന്‍ വലിക്കുന്നതിനായി വമ്പന്‍ ടവറുകള്‍ സ്ഥാപിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടുത്തെ മരങ്ങളും കാടുകളും വെട്ടിനശിപ്പിക്കുകയാണ്. ശാന്തിവനം മനഃപൂര്‍വം നശിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും ഏതെങ്കിലും ആളുകളുടെ ഭൂമി ഒഴിവാക്കാന്‍ വേണ്ടിയുള്ള ഡൈവെര്‍ഷന്‍ ഇതില്‍ നടത്തിയിട്ടില്ലെന്നുമാണ് കെഎസ്ഇബിയുടെ അവകാശവാദം. ശാന്തിവനത്തെ സംരക്ഷിക്കാനാണ് തങ്ങളും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് നേരെ ലൈന്‍ പോകുകയാണെങ്കില്‍ കാവ് നശിക്കുമെന്നുള്ളതിനാല്‍ രണ്ട് കാവിന്റെ ഇടയിലൂടെ ലൈന്‍ വലിച്ചിരിക്കുന്നതെന്ന വാദവും കെഎസ്ഇബിക്കുണ്ട്. സാധാരണയില്‍ നിന്നും വിപരീതമായി ഉയരം കൂടിയ നാരോ ടവറാണ് ഇവിടെ സ്ഥാപിക്കുന്നതെന്നും ലൈനിന്റെ അടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാകില്ലെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. പറവൂരിലെയും വൈപ്പിനിലെയും വൈദ്യുതി ക്ഷാമത്തിന് ഈ പദ്ധതി പരിഹാരമുണ്ടാക്കുമെന്നും മൂന്നും അഞ്ചും സെന്റും ഭൂമിയുള്ളവര്‍ വരെ സഹകരിക്കുമ്പോള്‍ പരമാവധി പാരിസ്ഥിതിക ആഘാതം കുറച്ച് കാവുകള്‍ക്കിടയിലൂടെ ലൈന്‍ വലിക്കുന്നതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. കൂടാതെ ശാന്തിവനം എന്നത് നോട്ടിഫൈഡ് വനഭൂമിയല്ല എന്നു കൂടികെഎസ്ഇബി ഓര്‍മിപ്പിക്കുന്നു.

എറണാകുളം നോര്‍ത്ത് പറവൂര്‍, വഴിക്കുളങ്ങരയിലാണ് രണ്ട് ഏക്കറോളം വരുന്ന മനുഷ്യ നിര്‍മ്മിത ശാന്തിവനം. കാവും കുളവും കാടും അടങ്ങുന്നതാണ് ശാന്തിവനം. കെഎസ്ഇബി 110 കെ.വി ലൈന്‍ വലിക്കുന്നതോടെ ഇവിടുത്തെ മൂന്ന് കാവും മൂന്ന് കുളവും ചേര്‍ന്ന സൂക്ഷ്മ ആവാസ വ്യവസ്ഥ തകര്‍ന്നടിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാന്തിവനം ഇന്നിപ്പോള്‍ സ്വകാര്യ ഭൂമി എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള കേന്ദ്രമായി കൂടി മാറിയിരിക്കുകയാണ്. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. നാകമോഹന്‍, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചന്‍കോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യന്‍ ബുള്‍ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ ഉള്ളതായി പരിസ്ഥിതിപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

2013 ലാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ശാന്തിവനത്തിന്റെ മധ്യഭാഗത്ത് വലിയ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുണ്ടായത്. ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് പ്രകാരം കെഎസ്ഇബി സ്ഥലം നിശ്ചയിച്ചാല്‍ ഉടമസഥര്‍ സ്ഥലം വിട്ടു നല്‍കണമെന്നാണ്. എന്നാല്‍ ഇതിനെതിരെ മീന കളക്ടര്‍ക്ക് പരാതി നല്‍കുകയും കളക്ടര്‍ കമ്മീഷനെ വയ്ക്കുകയും പഠനം നടത്തി മടങ്ങുകയും ചെയ്തതാണ്. അതിന് ശേഷം അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമൊന്നും ഉണ്ടായില്ലെന്നും മീന മേനോന്‍ പറയുന്നു. എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ശാന്തിവനത്തിന്റെ വശങ്ങളിലൂടെ ലൈന്‍ സ്ഥാപിക്കാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് അധികൃതര്‍ മുന്നോട്ട് പോയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് മന്ദഗതിയിലാണ് നടന്നത്. ഇതിനിടെ കെഎസ്ഇബി അധികുതര്‍ ശാന്തിവനത്തിലെ ധാരാളം ചെറുവൃക്ഷങ്ങളെ നശിപ്പിച്ചുകൊണ്ട് ജെസിബി കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വമെന്നോണം നിമ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടിയന്തിരസാഹചര്യം കണക്കിലെടുത്ത് കോടതി വേഗത്തില്‍ കേസ് കേട്ടെങ്കിലും കെഎസ്ഇബിക്ക് അനുകൂലമായി വിധി വരുകയായിരുന്നു. കെഎസ്ഇബിയുടെ നിര്‍മ്മാണത്തിന് മീന മേനോന്‍ സ്‌റ്റേ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

ശാന്തിവനത്തിന്റെ സ്‌കെച്ച് തെറ്റായി കാണിച്ച് കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മുന്നോട്ട് പോകുന്നതെന്നാണ് മീന മേനോന്‍ ആരോപിക്കുന്നത്. പദ്ധതിക്കായി മറ്റൊരു സ്ഥലം കണ്ടെത്തിയാല്‍ വന്‍ നഷ്ടം സംഭവിക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. എന്നാല്‍ 200 വര്‍ഷത്തെ ജൈവവൈവിധ്യ കലവറ നശിപ്പിപ്പിച്ചാല്‍ ആ നഷ്ടം നികത്താന്‍ ഒന്നിനും സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ജൈവ പൈതൃകത്തിനു മുകളില്‍ കൂടിയുള്ള ഹൈടെന്‍ഷന്‍ വൈദ്യുത വിതരണത്തിനായുള്ള ടവര്‍ നിര്‍മ്മാണം ഇപ്പോഴും നടക്കുകയാണ്. ലൈന്‍ സ്ഥാപിക്കാന്‍ ഇതിനെക്കാള്‍ എളുപ്പത്തിലും സൗകര്യത്തിലും വേറെയും മാര്‍ഗങ്ങളുണ്ടെങ്കിലും സമീപത്തെ മുന്‍ കെഎസ്ഇബി ചെയര്‍മാന്റെ സ്ഥലം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കാവിനു നടുവില്‍ തന്നെ ടവര്‍ നിര്‍മ്മിക്കുന്നതെന്നൊരു ആരോപണം കൂടി ഉയരുന്നുണ്ട്. ശരിയായതും ചെലവ് കുറഞ്ഞതുമായ മാര്‍ഗം ശാന്തിവനത്തിനു പുറത്തു കൂടി ലൈന്‍ വലിക്കുകയാണെന്നിരിക്കെ എന്തിനാണ് കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാര്‍ഗം തിരഞ്ഞെടുത്ത് ശാന്തിവനത്തെ കൊല്ലുന്നത് എന്ന ചോദ്യം ഈ ആരോപണത്തെക്കൂടി ചേര്‍ത്താണ് ചോദിക്കുന്നത്. 1990 മുതല്‍ ഒട്ടേറെ ഗവേഷകര്‍ കേരളത്തിലെ ഇത്തരത്തിലുള്ള കാവുകള്‍ അടങ്ങിയ ജൈവമേഖലകളെക്കുറിച്ച് പഠിക്കുകയും അവയുടെ സാമൂഹികവും ചരിത്രപരവും പ്രകൃതിപരവുമായ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം വനങ്ങളുടെ പരിരക്ഷണം വനം വകുപ്പിന്റെ കര്‍മ്മപരിപാടിയായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ശാന്തിവനത്തിനെതിരെയുള്ള ഈ ചൂഷണം നടക്കുന്നത് എന്നതും പ്രധാനമാണ്.

അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണം : പി.രാജീവ്

വിഷയം കളക്ടറുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും സംസാരിച്ചിരുന്നതായും അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സ്ഥലം സന്ദര്‍ശിച്ച മുന്‍ എംപി പി രാജീവ് ആവശ്യപ്പെട്ടത്. കളക്ടറുമായുള്ള ചര്‍ച്ചയില്‍ തിരുമാനം ഉണ്ടാകുന്നതു വരെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. 20 വര്‍ഷം മുമ്പ് 7.8 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതി ഇപ്പോള്‍ 30.47 കോടി രൂപയുടേതായി മാറി. പദ്ധതി വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയണം. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആശങ്കകളും ബദലുകളും വസ്തുതാതപരമായി പരിശോധിക്കണം. ഇപ്പാഴത്തെ സാഹചര്യത്തില്‍ വിഷയത്തില്‍ സാധ്യമായ പരിഹാരം കാണുന്നതിന് കളക്ടറുടെ യോഗത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നയായും രാജീവ് പ്രതികരിച്ചു.

സാമൂഹ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ഇതിന്റെ ഗൌരവം മനസിലാക്കി എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി സതീശന്‍ എന്നിവരും ശാന്തിവനം സന്ദര്‍ശിച്ചിരുന്നു.

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on May 2, 2019 11:38 am

Related Post
Leave a Comment