X

ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അതിഥിയായി ചെന്ന ഇന്ത്യക്ക് പാകിസ്താനെ ഒറ്റപ്പെടുത്താനായോ? എന്താണ് സംഭവിച്ചത്‌?

'ഇന്ത്യന്‍ ഭീകരവാദം' എന്ന വാക്ക് ഒഐസി പ്രമേയം ഉപയോഗിച്ചിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമിക രാജ്യങ്ങളുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് മിക് കണ്‍ട്രീസ് – ഒഐസി) ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ ഇന്ത്യക്ക് ലഭിച്ച ക്ഷണം ലഭിച്ചതും ഇന്ത്യയെ ഉച്ചകോടിയിലേയ്ക്ക് ക്ഷണിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഉച്ചകോടി ബഹിഷ്‌കരിച്ചതുമെല്ലാം ശ്രദ്ധേയമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള അതിര്‍ത്തിയിലെ ഇന്ത്യ – പാക് സംഘര്‍ഷത്തിന് ഇടയിലാണ് ഒഐസി ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയെ ക്ഷണിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്തു. അതേസമയം ആഗോള തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയ ഇന്ത്യക്ക് നയതന്ത്ര തലത്തില്‍ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഒഐസി പാസാക്കിയിരിക്കുന്ന പ്രമേയം.

ജമ്മു കാശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത് എന്ന് ആരോപിക്കുന്ന പ്രമേയം ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി പ്രശംസിക്കുന്നു. 57 ഇസ്ലാമിക രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ജമ്മു കാശ്മീരില്‍ സര്‍ക്കാരിനും സൈന്യത്തിനും നേരെ പ്രതിഷേധിക്കുന്നവരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും അന്ധരാക്കുകയും ചെയ്യുകയാണ് ഇന്ത്യ എന്ന് ഒഐസി പ്രമേയം കുറ്റപ്പെടുത്തുന്നു. അയോധ്യയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ഇന്ത്യയോട് ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.

‘ഇന്ത്യന്‍ ഭീകരവാദം’ എന്ന വാക്ക് ഒഐസി പ്രമേയം ഉപയോഗിച്ചിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അന്തിമ പ്രമേയത്തില്‍ ഇന്ത്യന്‍ ഭീകരവാദം എന്ന വാക്ക് ഒഴിവാക്കി. അതേസമയം കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന ആരോപണം നിലനിര്‍ത്തിയിരിക്കുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിനായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ ഒഐസി പ്രശംസിക്കുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതടക്കമുള്ള കാര്യങ്ങളിലാണ് ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നത്. ഇത് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമായ സമാധാന സന്ദേശം നല്‍കുന്നതായി ഒഐസി അഭിപ്രായപ്പെടുന്നു.

കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്റെ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിനെതിരെ പാകിസ്താന്‍ നടത്തിയ സ്വയംപ്രതിരോധ നീക്കത്തെ ഒഐസി അംഗീകരിച്ചതായും ഷാ മഹ്മൂദ് ഖുറേഷി അഭിപ്രായപ്പെട്ടു. അതേസമയം ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന് ആവര്‍ത്തിച്ച വ്യക്തമാക്കിയ ഇന്ത്യ ഒഐസി പ്രമയത്തിലെ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആണ് ഒഐസി പ്രമേയത്തോട് പ്രതികരിച്ചത്.