X

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചു?

മസൂദിനെ യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം രക്ഷാസമിതിയില്‍ ചൈനയാണ് ഇതുവരെ തടഞ്ഞുപോന്നിരുന്നത്.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകര നേതാവ് മൗലാന മസൂദ് അസ്ഹര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും ദ ക്വിന്റും ദ വീക്കും ടൈംസ് നൗവും അടക്കമുള്ള മാധ്യമങ്ങള്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു മസൂദ് അസ്ഹര്‍. മസൂദ് പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പാകിസ്താന്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ ഇന്നലെ ഉച്ചയ്ക്ക് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാക് സര്‍ക്കാരോ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.

രാജ്യാന്തര മാധ്യമങ്ങളൊന്നും തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരളിന് ക്യാന്‍സര്‍ബാധിച്ചിരുന്ന മസൂദ് അസറിന്‍റെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായെന്നും റാവല്‍പിണ്ടിയിലെ പാക് സൈനികാശുപത്രിയില്‍ നിരന്തരം ഡയാലിസിസിന് വിധേയനാവുന്നുണ്ടെന്നും പല വാര്‍ത്താ സ്രോതസ്സുകളില്‍ നിന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു .മസൂദ് അസര്‍ ഗുരുതരമായ രോഗാവസ്ഥയിലാണെന്ന് ഇന്നലെ പാക്കിസ്ഥാന് ‍വിദേശമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹര്‍ പാകിസ്താനിലെ ബഹവല്‍പൂര്‍ കേന്ദ്രമായി 2000ല്‍ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 14ലെ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം വരെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ഇതുവരെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളത്. മസൂദിനെ യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം രക്ഷാസമിതിയില്‍ ചൈനയാണ് ഇതുവരെ തടഞ്ഞുപോന്നിരുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് മുമ്പ് ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇന്റലിജന്‍സിനെ ഉദ്ദരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന് ഉറപ്പായതോടെ പുല്‍വാമ ആക്രമണം കഴിഞ്ഞ് നൂറ് മണിക്കൂറിനകം ഇവര്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ഒഴിഞ്ഞുപോയിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഐഎസ്‌ഐ ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന. മൗലാന മസൂദ് ഭാവല്‍പൂരിലുള്ള ജെയ്‌ഷെ താവളത്തിലാണെന്നും വിവരമുണ്ട്. മസൂദ് അസ്ഹറിനെ ഫെബ്രുവരി 17നോ 18നോ റാവല്‍പ്പിണ്ടിയില്‍ നിന്നും ഭാവല്‍പൂരിനടുത്തുള്ള കൊട്ഘാനിയിലേക്ക് മാറ്റിയെന്നാണ് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഐഎസ്‌ഐ സുരക്ഷ കര്‍ശനമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മസൂദ് അസ്ഹറിന്റെ ഒരു അടുത്ത ബന്ധു ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അവകാശപ്പെടുന്നത്. ഉസ്താദ് ഗാഹുരി എന്നറിയപ്പെടുന്ന മൗലാന യൂസഫ് അസ്ഹര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ തിരിച്ചടിയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ മൂന്ന് ജെയ്‌ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടും. ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണം യൂസഫ് അസ്ഹറിനായിരുന്നു.

This post was last modified on March 4, 2019 6:06 am