X

അലിഗഡ് സര്‍വകലാശാലയിലെ പ്രക്ഷോഭം വ്യാപിക്കുന്നു; ഇതര സര്‍വകലാശാല വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു

എന്തുകൊണ്ട് അക്രമികള്‍ കാമ്പസിനകത്തേയ്ക്ക് അതിക്രമിച്ച് കയറിയത് തടയപ്പെട്ടില്ല എന്നും ഇവര്‍ക്ക് പൊലീസിന്റെ സഹായമുണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം പടരുന്നു. മറ്റ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇതില്‍ പങ്കെടുക്കുകയാണ്. കാമ്പസില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഗുണ്ടകള്‍ അഴിച്ചുവിട്ട അക്രമത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രധാന കവാടമായ ബാബ ഇ സയിദിന് മുന്നില്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ജെഎന്‍യു, ജാമിയ മിലിയ, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ മന്നു സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ നാല് ദിവസമായി അലിഗഡ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് സമരരംഗത്താണ്.

അലിഗഡ് മേയറും ബി എസ് പി നേതാവുമായ മുഹമ്മദ് ഫര്‍ഖാനും കോണ്‍ഗ്രസ് നേതാവായ മുന്‍ എംപി ചൗധരി ബ്രിജേന്ദ്ര സിംഗും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ബുധനാഴ്ചത്തെ അക്രമം സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് അലിഗഡ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. എന്തുകൊണ്ട് അക്രമികള്‍ കാമ്പസിനകത്തേയ്ക്ക് അതിക്രമിച്ച് കയറിയത് തടയപ്പെട്ടില്ല എന്നും ഇവര്‍ക്ക് പൊലീസിന്റെ സഹായമുണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എഎംയു ടീച്ചേഴ്‌സ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണമാണ് ഇവരും ആവശ്യപ്പെടുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം അലിഗഡിലെ പബ്ലിക് ടോയ്‌ലറ്റുകളിലും മറ്റും സംഘപരിവാര്‍ സംഘടനകള്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചത് വിവാദമായിരിക്കുകയാണ്.

This post was last modified on May 6, 2018 8:06 am