X

പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അസമിൽ 19,06,657 പേർ പട്ടികയിൽ നിന്നും പുറത്ത്

പുറത്ത് പോയവരെ ഉടൻ വിദേശ പൗരൻമാരായി പ്രഖ്യാപിക്കില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

അസമിലെ ‘നിയമവിരുദ്ധ താമസക്കാരെ’ കണ്ടെത്തുന്നതിനെന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അഥവാ എൻആർസി അന്തിമ പട്ടിക പ്രസദ്ധീകരിച്ചു. 3,11,21,004 പേർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ‍ 19,06,657 പേരാണ് രജിസ്റ്ററിൽ നിന്നും പുറത്തുപോയത്.

എന്നാൽ,അന്തിമ പട്ടികയിൽ വരാത്ത പൗരന്മാരെ പരദേശികളായി ഉടൻ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ നിയമപരമായ സാധ്യതകളും തേടാൻ അവസരമുണ്ടാകുമെന്നാണ് പറയുന്നത്. ഫോറിനേഴ്സ് ട്രിബ്യൂണലിൽ അപ്പീൽ നൽകാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്.

തർക്കങ്ങൾ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുന്നു. നിലവിൽ 100 ട്രിബ്യൂണലുകൾ മാത്രമാണുള്ളത്. സെപ്തംബർ ആദ്യവാരത്തോടെ നൂറെണ്ണം കൂടി നിലവില്‍ വരും. ട്രിബ്യൂണൽ തീരുമാനത്തിൽ പരാതിയുള്ളവർക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാവുന്നതാണ്. എല്ലാ നിയമസാധ്യതകളും ലഭ്യമാക്കിയതിനു ശേഷം മാത്രമേ ഇവരെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചേരൂ എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

41 ലക്ഷത്തോളം പൗരന്മാരുടെ ഭാവിജീവിതത്തെ അനിശ്ചിതത്വത്തിലേക്ക് വീഴ്ത്തിയാണ് എൻആർസി പ്രസിദ്ധീകരണം നടന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു പിന്നാലെയാണ് ഈ നടപടി വരുന്നതെന്നതും ശ്രദ്ധേയമാണ്.

എൻആർസി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അസമില്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ പട്ടിക ഓൺലൈനായി ലഭ്യമാക്കുമെന്ന് അധികൃതർ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുള്ള സേവ കേന്ദ്രങ്ങളിൽ പോയി പട്ടികയിൽ തങ്ങൾ ഏതു തരത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പൗരന്മാർക്ക് പരിശോധിക്കാവുന്നതാണ്.

സംസ്ഥാനത്ത് നാലിൽക്കൂടുതൽ പേർ ഒന്നിച്ചുകൂടുന്നത് പലയിടങ്ങളിലും നിരോധിച്ചിട്ടുണ്ട്. 60,000 പൊലീസുകാരെ സംസ്ഥാനത്തെമ്പാടും വിന്യസിച്ചിട്ടുണ്ട്. ഇതു കൂടാതെ 20,000 അർധ സൈനിക വിഭാഗത്തെ കേന്ദ്ര സർക്കാർ അയച്ചിട്ടുമുണ്ട്.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

This post was last modified on August 31, 2019 11:55 am