X

എയർ ഇന്ത്യ ഇടപാട്: പി ചിദംബരം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ഓഗസ്റ്റ് 23നാണ് ചോദ്യം ചെയ്യൽ നടക്കുക.

യുപിഎ ഭരണകാലത്ത് എയർ ഇന്ത്യക്കു വേണ്ടി 111 വിമാനങ്ങൾ വാങ്ങിയ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി. ഈ ഇടപാടിലൂടെ എയർ ഇന്ത്യക്ക് വൻ സാമ്പത്തികനഷ്ടമുണ്ടായെന്നും അഴിമതിയാണ് കാരണമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ചിദംബരം തയ്യാറായില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 23നാണ് ചോദ്യം ചെയ്യൽ നടക്കുക.

2007ലാണ് കേസിനാസ്പദമായ ഇടപാട് നടന്നത്. എയർബസ്സിൽ നിന്ന് 48 വിമാനങ്ങളും ബോയിങ്ങിൽ നിന്നും 68 വിമാനങ്ങളുമാണ് വാങ്ങിയത്. 70,000 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്.

അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. താനൊറ്റയ്ക്കെടുത്ത തീരുമാനത്തിന്റെ പുറത്തല്ല ഇടപാട് നടന്നതെന്ന് അദ്ദേഹം മൊഴി നൽകിയിരുന്നു. മന്ത്രിമാരുടെ ഉന്നതാധികാര സമിതിയാണ് ഇടപാട് നടത്തിയത്. ഈ സമിതിയുടെ തലവൻ ചിദംബരമായിരുന്നു.

പ്രണബ് മുഖർജി അധ്യക്ഷനായ മറ്റൊരു ഉന്നതാധികാര സമിതി കൂടി ചേർന്നാണ് ഈ ഇടപാട് പൂർത്തീകരിച്ചത്. ഇന്ത്യൻ എയർലൈന്‍സിനു വേണ്ടിയാണ് 43 വിമാനങ്ങൾ വാങ്ങിയത്. എയർ‌ ഇന്ത്യക്കു വേണ്ടി 68 വിമാനങ്ങളും വാങ്ങി. ഇരു കമ്പനികളുടെയും ലയനമാണ് പ്രണബിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ കീഴിൽ വന്നത്.

2005ൽ മന്‍മോഹൻ സിങ് കാബിനറ്റാണ് ഈ വാങ്ങലിന് അനുമതി നൽകിയത്.

Related Post
Leave a Comment