X

പി ചിദംബരത്തെ സന്ദർശിക്കാന്‍ മന്‍മോഹന്‍ സിങും സോണിയ ഗാന്ധിയും തീഹാർ ജയിലിൽ‌

ഒക്ടോബർ 3 വരെയയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതികേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും തീഹാർ ജയിൽ സന്ദർശിച്ചു. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്തംബര്‍ 5 മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇതിന് ശേഷം ഇതാദ്യമായാണ് പാർട്ടി മുതിർന്ന നേതാക്കള്‍ അദ്ദേഹത്തെ സന്ദർശിക്കുന്നത്.

മുൻ മന്ത്രിയും 74 കാരനുമായ ചിദംബരത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. കേസിൽ പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തിയത്. ഒക്ടോബർ 3 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി. മകൻ കാര്‍ത്തി ചിദംബരവും അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു.

ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു നടപടി സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

അതിനിടെ ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

 

This post was last modified on September 23, 2019 12:42 pm