X

2025നു ശേഷം പാകിസ്താൻ ഇന്ത്യയുടെ ഭാഗമാകും: ‘അഖണ്ഡ ഭാരത’ത്തിൽ കറാച്ചിയിൽ വീടു വെക്കാം: ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ

കശ്മീർ വിഷയത്തിൽ കടുത്ത നിലപാട് എടുക്കാൻ ശേഷിയുള്ള ഒരു സർക്കാർ ഇതാദ്യമായി അധികാരത്തിലെത്തിയിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു.

2025നു ശേഷം പാകിസ്താൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഒരു പരിപാടിയിൽ ‘കശ്മീർ-മുമ്പോട്ടുള്ള വഴി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സംഘടനയുടെ ദേശീയ എക്സിക്യുട്ടീവ് മെമ്പർ കൂടിയായ ഇന്ദ്രേഷ് കുമാർ. ‘അഞ്ചോ ഏഴോ വർഷങ്ങൾക്കുള്ളിൽ കറാച്ചിയിലോ ലാഹോറിലോ സിയാൽകോട്ടിലോ സ്ഥലം വാങ്ങാനും ബിസിനസ്സ് നടത്താനും നിങ്ങൾക്ക് കഴിയും’ -പ്രഭാഷണം കേൾക്കാനായി എത്തിയ സദസ്സ്യരോട് അദ്ദേഹം പറഞ്ഞു.

1947നു മുമ്പ് പാകിസ്താൻ ഉണ്ടായിരുന്നില്ലെന്നും 2025നു ശേഷം പാകിസ്താൻ ഉണ്ടാകില്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. ‘അഖണ്ഡ ഭാരത’മാണ് ഉണ്ടാവുക. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് അരുനിൽക്കുന്ന ഒരു സർക്കാരാണ് ബംഗ്ലാദേശിലുള്ളതെന്ന് തങ്ങൾ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ കടുത്ത നിലപാട് എടുക്കാൻ ശേഷിയുള്ള ഒരു സർക്കാർ ഇതാദ്യമായി അധികാരത്തിലെത്തിയിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. പട്ടാളം രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പമാണ് പ്രവർത്തിക്കുക. ഇപ്പോൾ ആ രാഷ്ട്രീയ ഇച്ഛാശക്തി നിലവിലുണ്ട്. മാനസസരോവറിൽ പോകാൻ ചൈനയുടെ അനുമതി വേണ്ടാത്ത കാലവും, ലാഹോറിൽ വീടുവെക്കാൻ കഴിയുന്ന കാലവും നമ്മുടെ സ്വപ്നമാണ്. പട്ടാളത്തെ അഭിനന്ദിക്കുന്നതിനൊപ്പം പ്രതിപക്ഷം തെളിവുകൾ ചോദിക്കുകയാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.

മോദിയെ എതിർക്കാനായി പാകിസ്താനെ അനുകൂലിക്കുകയാണ് പ്രതിപക്ഷം. വഞ്ചകർക്കെതിരായ നിയമം കൊണ്ടുവരണമെന്നും നസറുദ്ദീൻ ഷായും ഹമീദ് അൻസാരിയും നവജ്യോത് സിങ് സിദ്ധുവും ഉണ്ടാക്കാൻ പാടില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

This post was last modified on March 17, 2019 8:54 am