X

തകർത്ത വിദ്യാസാഗർ പ്രതിമയ്ക്കു പകരം വൻ പഞ്ചലോഹ പ്രതിമ നിർമിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം

വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കാൻ ബംഗാളിന് മോദിയുടെ പണം വേണ്ടെന്ന് മമത പ്രസ്താവിച്ചു.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ അക്രമത്തിൽ തകർക്കപ്പെട്ട ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ചെറിയ പ്രതിമയ്ക്കു പകരം വലിയ പ്രതിമ (grand statue) നിർമിച്ചു നൽകാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. പ്രതിമ നിലനിന്നിരുന്ന അതേ സ്ഥലത്ത് പുതിയ പ്രതിമ നിർമിക്കാമെന്നാണ് വാഗ്ദാനം. ഒരു കോളജിനുള്ളിലുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്.

അതേസമയം പ്രതിമ തകർത്തതിന്റെ ഉത്തരവാദിത്വം തൃണമൂൽ കോൺഗ്രസ്സിനാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അമിത് ഷാ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതേ ആരോപണമുന്നയിച്ചിരുന്നു. ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് തൃണമൂൽ കോൺഗ്രസ്സ് ആരോപിക്കുന്നു. ബംഗാള്‍ ജനത ഏറെ ബഹുമാനിക്കുന്നയാളാണ് ഈശ്വരചന്ദ്ര വിദ്യാസാഗർ. ഇദ്ദേഹത്തിന്റെ പ്രതിമ തകർക്കപ്പെട്ടത് ബിജെപിയെ വലിയ പ്രതിസന്ധിയിലാണ് ചാടിച്ചിരിക്കുന്നത്.

അമിത് ഷായുടെ റാലിയിൽ തൃണമൂൽ പ്രവർത്തകരുടെ തെമ്മാടിത്തം നമ്മൾ കണ്ടതാണെന്ന് ഉത്തർപ്രദേശിലെ മാവുവിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു. ‘തൃണമൂൽ പ്രവർത്തകർ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തു. അവർക്കെതിരെ ശക്തമായ നടപടി വേണം. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ കാഴ്ചപ്പാടുകളോട് പ്രതിബദ്ധത ഞങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ വലിയ ഒരു പഞ്ചലോഹ പ്രതിമ അതേ സ്ഥലത്ത് ഞങ്ങൾ സ്ഥാപിക്കും.’ -പ്രധാനമന്ത്രി പറഞ്ഞു.

ഇതിനോട് കടുത്ത ഭാഷയിൽ മമതാ ബാനർജി തിരിച്ചടിക്കുകയും ചെയ്തു. വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കാൻ ബംഗാളിന് മോദിയുടെ പണം വേണ്ടെന്ന് അവർ വ്യക്തമാക്കി. ബംഗാളിന് ആവശ്യമായ സമ്പത്തുണ്ട്. ഇതിലേറെ കടുത്ത വാക്കുകളോടെയാണ് തൃണമൂൽ നേതാവ് ദേരെക് ഒബ്രിയാൻ പ്രതികരിച്ചത്. ‘മോദി, നുണ പറയാൻ അദമ്യമായ ഉൾപ്രേരണയുള്ളയാളാണ് നിങ്ങൾ’ എന്നായിരുന്നു ഒബ്രിയാന്റെ പ്രതികരണം. ‘നീചജീവിതം’ (LowLife) എന്ന ഹാഷ്ടാഗും കൂടെ ചേർത്തിരുന്നു.

‘ഗോ ബാക്ക് അമിത് ഷാ’ എന്ന് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ അമിത് ഷായുടെ റാലിയിൽ പങ്കെടുക്കുകയായിരുന്ന ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വിദ്യാസാഗർ കോളജിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ഇതിനിടെയാണ് കോളജിലുണ്ടായിരുന്ന വിദ്യാസാഗർ പ്രതിമ ബിജെപി പ്രവർത്തകർ തകർത്തത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ഈ വിദ്യാർത്ഥികൾ തൃണമൂൽ കോൺഗ്രസ്സുകാരാണെന്നും ഇടത് സംഘടനകളില്‍ പെട്ടവരാണെന്നും രണ്ടഭിപ്രായം നിലവിലുണ്ട്.

This post was last modified on May 16, 2019 4:17 pm