X

‘മിഷൻ ശക്തി’: മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ എന്നീ മാധ്യമങ്ങൾ മോദിയുടെ ഈ വിവാദപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ‘മിഷന്‍ ശക്തി’ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. പ്രതിരോധ ഗവേഷണ വികസന വിഭാഗം നിർമിച്ച് തൊടുത്തുവിട്ട ഉപഗ്രഹവേധ മിസ്സൈലിന്റെ വിജയകരമായ ലക്ഷ്യം ചേരൽ രാജ്യത്തെ അറിയിക്കുന്നത് പ്രധാനമന്ത്രി ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ഔദ്യോഗികമായി കമ്മീഷമ് പരാതി നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ ഇത് ചെയ്യരുതാത്തതാണെന്നായിരുന്നു പരാതി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഏഴാമത്തെ ഭാഗത്തിലെ ആറാമത്തെ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനായ് കമ്മീഷൻ ഒരു ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം ഇത്തരമൊരു ചട്ടലംഘനം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. കക്ഷിരാഷ്ട്രീയപരമായ നേട്ടങ്ങളുണ്ടാക്കാൻ ഭരണകക്ഷി ഔദ്യോഗിക മാധ്യമങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ഈ ചട്ടം രൂപീകരിച്ചിട്ടുള്ളത്. എന്നാൽ പരിശോധനയിൽ പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ഈ ചട്ടങ്ങളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കമ്മീഷൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പറഞ്ഞു.

ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ എന്നീ മാധ്യമങ്ങൾ മോദിയുടെ ഈ വിവാദപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഇവർക്കും ഇലക്ഷൻ കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. എഎൻഐയുടെ പക്കൽ നിന്നാണ് തങ്ങൾക്ക് പ്രസംഗത്തിന്റെ വീഡിയോ കിട്ടിയതെന്ന ദൂരദർശന്റെ വാദം കമ്മീഷൻ അംഗീകരിച്ചു. ഇതേ വീഡിയോയിൽ നിന്നും ഓഡിയോ മാത്രം പ്രക്ഷേപണം ചെയ്യുകയായിരുന്നു തങ്ങളെന്ന എഐആറിന്റെ വാദവും കമ്മീഷൻ അംഗീകരിച്ചു.

നേരത്തെ സിപിഎമ്മും സമാജ്വാദി പാർട്ടിയും അടക്കമുള്ള കക്ഷികൾ മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പായി അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണ് മോദിയെന്ന് ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനെല്ലാം മൗനാനുവാദം നല്‍കുകയാണെന്ന സൂചനയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു.

This post was last modified on March 30, 2019 6:41 am