X

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ വിസ്ഫോടനം; വലിയ വില കൊടുക്കേണ്ടി വരുന്നത് ദക്ഷിണേന്ത്യ

ജനസംഖ്യ വളര്‍ച്ച നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന അസമത്വം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നതിന് വിഘാതമാകും

ഇന്ത്യയില്‍ ജനസംഖ്യ വളര്‍ച്ചയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിസ്‌ഫോടനം രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തെ മൂര്‍ച്ഛിപ്പിക്കുമെന്ന് സ്‌ക്രോള്‍.ഇന്‍ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യ വളര്‍ച്ച നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന അസമത്വം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നതിന് വിഘാതമാകുമെന്നും ഷൊയബ് ദാനിയല്‍ എഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ കണക്കുകളാണ് രാജ്യത്തെ ജനസംഖ്യ വളര്‍ച്ച നിരക്കിലെ അസമത്വം വ്യക്തമാക്കുന്നത്.

ഒരു നിശ്ചിത ജനസംഖ്യയില്‍ ഒരു സ്ത്രീ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ ശരാശരി എണ്ണം കണക്കാക്കുന്ന ഉര്‍വരത നിരക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ വളരെ കൂടുതലാണ്. ഉദാഹരണത്തിന് കേരളത്തിലെ ഊര്‍വരത നിരക്ക് 1.56 മാത്രമാണ്. ജനസംഖ്യ വളര്‍ച്ചയിലെ ഇടിവ് മൂലം സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജപ്പാനിലെ ഉര്‍വരത നിരക്ക് 1.5 ആണ് എന്ന വസ്തുത പരിഗണിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാവുന്നത്. പശ്ചിമ ബംഗാളില്‍ ഉര്‍വരത നിരക്ക് ലോകത്തില്‍ ഏറ്റവും കുറവ് ജനസംഖ്യ വളര്‍ച്ചയുളള നോര്‍വെയെക്കാള്‍ പിന്നിലാണ്. യുവജനതയുടെ കുറവും വൃദ്ധജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കുള്ള ചിലവും നിമിത്തം സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് നോര്‍വെ.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഉര്‍വരത നിരക്കില്‍ പിന്നിലാണ്. എന്നാല്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉര്‍വരത നിരക്ക് വളരെ കൂടുതലാണ്. ഉത്തര്‍പ്രദേശിലെ ഉര്‍വരത നിരക്ക് 2.74 ഉം ബിഹാറിലേത് 3.41 ഉം ആണ്. 1951ല്‍ ബിഹാറിലേക്കാള്‍ നേരിയ തോതില്‍ കൂടുതലായിരുന്നു തമിഴ്‌നാട്ടിലെ ജനസംഖ്യ. എന്നാല്‍ ആറ് ദശാബ്ദങ്ങള്‍ക്ക് ശേഷം തമിഴ്‌നാടിനെക്കാള്‍ ഒന്നര ഇരട്ടി ജനങ്ങളാണ് ബിഹാറില്‍ ഉള്ളത്. 1951ല്‍ മധ്യപ്രദേശില്‍ കേരളത്തെക്കാള്‍ 37 ശതമാനം ജനങ്ങളാണ് ഉണ്ടായിരുന്നത്. 2011ല്‍ ഈ വ്യത്യാസം 217 ശതമാനമായി കുതിച്ചുയര്‍ന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കേന്ദ്ര ഫണ്ടിലേക്കുള്ള വിഹിതം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കുറവാണ്. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ കൂടുതലാണ് താനും. അതായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന് സാരം. ഉയര്‍ന്ന ജനസംഖ്യ മൂലം പാര്‍ലമെന്റിലേക്കുള്ള ജനപ്രാതിനിധ്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ആധിപത്യമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും അര്‍ഹിക്കുന്ന കേന്ദ്ര വിഹിതം ലഭിക്കുന്നതിന് വിഘാതമാകുന്നത്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ ചെറിയ സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ഉത്തരവാദിത്വം ഉണ്ടെന്നിരിക്കെയാണ് ഈ അസമത്വം സംഭവിക്കുന്നത്.

1976ല്‍ അടിയന്തിരാവസ്ഥക്കാലത്ത് 1971ലെ സെന്‍സസ് പ്രകാരം ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പാര്‍ലമെന്റ് സീറ്റുകള്‍ നിജപ്പെടുത്തി. 2011ല്‍ ഈ എണ്ണം 2026വരെ സ്ഥിരപ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റ് പ്രമേയം പാസാക്കി. അതായത് 50 വര്‍ഷം മുമ്പുള്ള ജനസംഖ്യയുടെ അനുപാതത്തിലാണ് ഇപ്പോഴും പാര്‍ലമെന്റിലെ പ്രതിനിധ്യം നിര്‍ണയിക്കപ്പെടുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ജനസംഖ്യ വളര്‍ച്ച കണക്കിലെടുത്താന്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. നിലവില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ലോക്‌സഭ അംഗം 25 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ബിഹാറില്‍ നിന്നുള്ള അംഗം 26 ലക്ഷത്തെ പ്രതിനിധീകരിക്കുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള അംഗം 22 ലക്ഷത്തെ പ്രതിനിധീകരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അംഗങ്ങള്‍ യഥാക്രമം 18ഉം 17ഉം ലക്ഷം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

എന്നാല്‍ ജനസംഖ്യയ്ക്ക് അനുസരിച്ച് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രാതിനിധ്യം ഗണ്യമായി ഇടിയും. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിലവില്‍ തന്നെ ജനനിബിഡമായ ഹിന്ദി സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ വലിയ അധീശത്വമാണുള്ളത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 51 ശതമാനം സീറ്റുകളും ലഭിച്ചത് ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ പുനഃക്രമീകരിച്ചാല്‍ ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കും. ഇത് ചെറിയ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന തിരിച്ചടി ഗുരുതരമായിരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചരക്ക് സേവന നികുതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കുറവ് മൂലം അവര്‍ക്ക് എതിര്‍പ്പ് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല.

അന്തര്‍ സംസ്ഥാന കുടിയേറ്റങ്ങളിലും ജനസംഖ്യയിലെ ഈ അസമത്വം പ്രകടമാണ്. ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തൊഴലന്വേഷകരുടെ കുത്തൊഴുക്കാണ് സംഭവിക്കുന്നത്. 1991-2001 കാലഘട്ടത്തെ അപേക്ഷിച്ച് തൊട്ടടുത്ത ദശകത്തില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റങ്ങള്‍ ഇരട്ടിയായി. 2001നും 2011നും ഇടയില്‍ തമിഴ്‌നാട്ടിലേക്കുള്ള കുടിയേറ്റം 39 ശതമാനം കണ്ട് വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റം 2.3 ഇരട്ടിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റം ഇരട്ടിയുമായി.

ഇത് വലിയ സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കും. ചില സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ കുടിയേറ്റത്തിനെതിരായ അതൃപ്തി പ്രകടമാകാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ തെലുഗ് കുട്ടികളെ സൃഷ്ടിക്കാന്‍ 2015ല്‍ അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തത് ഇതിന്റെ സൂചനയായി വേണം കണക്കാക്കാന്‍. ഹിന്ദിക്കെതിരെ കര്‍ണാടകത്തില്‍ ഉയരുന്ന വലിയ പ്രതിഷേധങ്ങളിലും ഉത്തരേന്ത്യന്‍ കുടിയേറ്റങ്ങളോടുള്ള അതൃപ്തി പ്രകടമാണ്. ഏതായാലും ജനസംഖ്യ വളര്‍ച്ച നിരക്കില്‍ നിലനില്‍ക്കുന്ന അസമത്വം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് പുതിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

This post was last modified on January 21, 2018 8:11 am