X

പ്രണബ് ആർഎസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

"അച്ചടക്കമുള്ളവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ നിങ്ങൾ യുവാക്കൾ സമാധാനത്തിനും സഹവർത്തിത്വത്തിനും സന്തോഷത്തിനു വേണ്ടി ആഗ്രഹിക്കണം."

സർസംഘചാലക് മോഹൻ ഭാഗവത് ജി, സഹോദരീ സഹോദരന്മാരേ,

ദേശം, ദേശീയത, ദേശഭക്തി എന്നീ സങ്കൽപ്പങ്ങളെക്കുറിച്ച് എന്റെ തിരിച്ചറിവുകൾ നിങ്ങളുമായി പങ്കിടാനാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്. ഈ മൂന്ന് സങ്കൽപങ്ങളും അങ്ങേയറ്റം ആഴത്തിൽ ഇഴപിരിഞ്ഞു കിടക്കുന്നവയാണ്. ഇക്കാരണത്താൽ തന്നെ ഇവയെ ഒറ്റയൊറ്റയായി പരിഗണിച്ച് ചർച്ച ചെയ്യുക ബുദ്ധിമുട്ടാണ്.

ഇന്ത്യ ഒരു തുറന്ന സമൂഹമായിരുന്നു. സിൽക്കിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും അവന്താരാഷ്ട്ര വ്യാപാര പാതകൾ നമുക്കുണ്ടായിരുന്നു. ഈ കച്ചവടങ്ങൾക്കൊപ്പം നടന്നത് ഉദാരമായ സാംസ്കാരിക, വിശ്വാസ വിനിമയങ്ങളാണ്. കച്ചവടക്കാർക്കൊപ്പം പണ്ഡിതരും കടലും മരുഭൂമിയും മനലകളുമെല്ലാം താണ്ടി നമ്മുടെ നാട്ടിലെത്തി.

മധ്യേഷ്യയിലും ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഹിന്ദു സ്വാധീനത്തോടൊപ്പം ബുദ്ധിസവും എത്തിച്ചേർന്നു പഴയ കാലത്ത്. ഇന്ത്യ സന്ദർശിച്ച അക്കാലത്തെ സഞ്ചാരികളെല്ലാം ഇവിടെ നിലനിന്നിരുന്ന കാര്യക്ഷമമായ ഭരണസംവിധാനങ്ങളെ വാഴ്ത്തി. മികച്ച അടിസ്ഥാന സൗകര്യങ്ങളെയും ആസൂത്രിതമായ നഗരരൂപകൽപ്പനകളെയും അവർ പ്രകീർത്തിച്ചു. അന്ന് നിലനിന്നിരുന്നത് തികച്ചും ഉദാരവും സ്വാതന്ത്ര്യപൂർണവുമായ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു. പാണ്ഡിത്യത്തിനും സാഹിത്യത്തിനുമെല്ലാം പൂത്തുലയാൻ പോന്ന കാലാവസ്ഥ.

ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് നമ്മുടെ പാരമ്പര്യം. ഇതിൽ നിന്നാണ് ഇന്ത്യൻ ദേശീയതയുടെ ഉദയം. എല്ലാവരുടെയും ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതാണ് അതിന്റെ പാരമ്പര്യം. സഹിഷ്ണുതയിൽ നിന്നാണ് നാം ശക്തിയുൾക്കൊള്ളുവന്നത്. നാം നമ്മുടചെ ബഹുസ്വരതയെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമ്മുടെ നാനാത്വത്തെ ആഘോഷിക്കുന്നവരാണ്. സ്വത്വത്തിന്റെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ പേരിൽ പരക്കുന്ന വെറുപ്പും വിദ്വേഷവും നമ്മുടെ ദേശീയസ്വത്വത്തെ നേർപ്പിക്കുകയാണ് ചെയ്യുക. വ്യത്യാസങ്ങളെല്ലാം പുറമേക്ക് മാത്രമാകുകയും ആഴത്തിൽ ഒരേ ചരിത്രവും സാഹിത്യവും നാഗരികതയുമുള്ള സമൂഹമായി നാം നിലനിൽക്കുകയും ചെയ്യും.

പ്രശസ്ത ചരിത്രകാരൻ വിൻസെന്റ് സ്മിത്ത് പറഞ്ഞതുപോലെ “എല്ലാ സംശയങ്ങൾക്കുമപ്പുറം ഇന്ത്യക്ക് ആഴത്തിലോടിയിട്ടുള്ള ഐക്യത്തിന്റെ മൗലികഘടനയുണ്ട്. ഈ ഐക്യം എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്.”

2500 കൊല്ലക്കാലം നീണ്ട പലതരത്തിലും രാഷ്ട്രീയ അധിനിവേശങ്ങളെയും മറികടന്ന് നമ്മുടെ അയ്യായിരത്തിലധികം കൊല്ലം പഴക്കമുള്ള പരിഷ്കൃതിയുടെ തുടർ‌ച്ച ഊനം തട്ടാതെ നിലകൊണ്ടു. ഓരോ കടന്നുകയറ്റവും, വിദേശ സംസ്കൃതിയുടെ കൊള്ളക്കൊടുക്കകളുമെല്ലാം ചേർന്ന് പുതിയ പുതിയ സംയോഗങ്ങൾ നമ്മുടെ രാജ്യത്ത് രൂപം കൊണ്ടു.

ആധുനിക ഇന്ത്യ എന്ന സങ്കൽപം രൂപപ്പെടുന്നത് നിരവധി ഇന്ത്യൻ സംഘടനകളുടെ ഇടപെടലുകൾ വഴിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ആ സംഘടനകളിലൊന്നാണ്. 1895ൽ പൂനെയിൽ വെച്ച് സുരേന്ദ്ര നാഥ ബാനർജി എല്ലാ ബ്രിട്ടിഷ് അധീന പ്രദേശങ്ങളും 565 പ്രിൻസ്‌ലി സ്റ്റേറ്റുകളും ചേർന്നുള്ള ഇന്ത്യ എന്ന രാഷ്ട്രത്തിനു വേണ്ടിയുള്ള പ്രഖ്യാപനം നടത്തി. ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റയുടെ ‘സ്വരാജ്യ എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും’ എന്ന പ്രയോഗത്തെ കടമെടുത്ത് ബാലഗംഗാധര തിലകൻ നടത്തിയ പ്രഖ്യാപനവും ആധുനിക ഇന്ത്യ എന്ന ദേശീയതയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഈ ദേശീയത ജാതിയും മതവും ഭാഷയും പ്രദേശവും വംശവുമെല്ലാം മറികടന്നുള്ള ഒവന്നായിട്ടാണ് രൂപപ്പെട്ടത്. ഇന്ത്യൻ ദേശീയത ആരെയും ബഹിഷ്കരിച്ചു നിറുത്തുന്നതോ, ആക്രാമകമോ, വിനാശകാരിയോ ആയിരുന്നില്ല ഒരിക്കലും എന്ന കാഴ്ചപ്പാടാണ് ഗാന്ധിജിക്കും ഉണ്ടായിരുന്നത്. ഈ ദേശീയതയെ തന്നെയാണ് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിലൂടെ ജവഹർലാൽ നെഹ്റുവും വിശദീകരിച്ചത്.

1947ൽ നാം സ്വതന്ത്ര്യം നേടി. സർദാർ വല്ലഭായി പട്ടേലിന്റെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കാനായി.

1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. നാം നമുക്ക് പകർന്ന ആദർശപരതയുടെയും ധീരതയുടെയും പ്രദർശനമായിരുന്നു അത്. നീതിയിലും സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പരമാധികാര റിപ്പബ്ലിക് ആയി നാം നമ്മെ നിർണയിച്ചു. നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടിഷ് ഭരണത്തിന്റെ പരിക്കുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമെല്ലാം മോചനം നേടാനുള്ള വഴികാട്ടിയായി ഭരണഘടന ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങൾ സഹായകമായി. 395 ആർട്ടിക്കിളുകളും 12 ഷെഡ്യൂളുകളും ഉൾപ്പെടുന്ന നമ്മുടെ ഭരണഘടന വെറുമൊരു നിയമപ്രമാണമല്ല. അത് ഈ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക പരിവർത്തനത്തിന്റെ മാഗ്നാ കാർട്ടയാണ്. ഇന്ത്യൻ ദേശീയതയുടെ ഘടന ‘ഭരണഘടനാപരമായ ദേശസ്നേഹ’മാണ്.

പാർലമെന്റേറിയൻ എന്ന നിലയിലും ഭരണകർത്താവെന്ന നിലയിലും ഞാൻ കഴിഞ്ഞ 50 വർഷത്തെ അനുഭവങ്ങളിൽ നിന്നും സ്വായത്തമാക്കിയ ചില സത്യങ്ങളാണ് ഇനി ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് വസിക്കുന്നത്. ഈ ബഹുസ്വരത നൂറ്റാണ്ടുകളായി ഇന്ത്യ ഉൾക്കൊണ്ട ആശയസംഹിതകളുടെ സാത്മീകരണത്തിലൂടെ സാധിച്ചതാണ്. നമ്മുടെ ഉൾപ്പൊരുളായി നിൽക്കുന്ന നിരവധിയായ മതങ്ങളും വിശ്വാസങ്ങളും ഭാഷയുമെല്ലാം ചേർന്ന് ഒരൊറ്റ സംസ്കാരമായി മാറിയതാണ് നമ്മുടെ ദേശീയത.

ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധവും യുക്തിസഹവുമായ പൊതുവ്യവഹാരം എല്ലാ വിഷയങ്ങളിലും വരേണ്ടതുണ്ട്. പരസ്പരം പോരടിക്കുന്ന വിവിധ താൽപര്യങ്ങളെ ഒരുമിപ്പിക്കാനും സംതുലനത്തിലെത്തിക്കാനും ചർച്ചകൾ അനിവാര്യമാണ്. പൊതുവ്യവഹാരത്തിലെ വ്യത്യസ്തമായ നിലപാടുകളെ തിരിച്ചറിയാൻ വ്യവസ്ഥയ്ക്ക് സാധിക്കണം. നമ്മൾ വാദപ്രതിവാദം ചെയ്തേക്കാം. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തേക്കാം. പക്ഷെ, വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനെ നിഷേധിക്കാൻ നമുക്കാവില്ല. ചർച്ചകളിലൂടെ മാത്രമേ നമുക്ക് പുരോഗതിയിലേക്ക് പോകാനാകൂ.

സമാധാനപരമായ സഹവർത്തിത്വം, അനുകമ്പ, ഇതരവാഴ്‌വുകളോടുള്ള ബഹുമാനം തുടങ്ങിയവ നമ്മുടെ സംസ്കൃതിയുടെ അടിപ്പടയാണ്. നമുക്കു ചുറ്റും ഹിസകൾ നിറയുന്നത് നാം കാണുന്നുണ്ട്. ഹിംസ ഇരുട്ടും ഭയവും അവിശ്വാസവും കൊണ്ടുവരുന്നു. അഹിംസയിലൂന്നിയ ഒരു സമൂഹത്തിനു മാത്രമേ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കാൻ സാധിക്കൂ.

നമ്മൾ വേദനയിലും കെടുതികളിലും ആവശ്യത്തിലധികം ജീവിച്ചു കഴിഞ്ഞിട്ടുണ്ട്. അച്ചടക്കമുള്ളവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ നിങ്ങൾ യുവാക്കൾ സമാധാനത്തിനും സഹവർത്തിത്വത്തിനും സന്തോഷത്തിനു വേണ്ടി ആഗ്രഹിക്കണം. നമ്മുടെ മാതൃഭൂമി അതിനായി ആവശ്യപ്പെടുന്നു. നമ്മുടെ മാതൃഭൂമി അത് അർഹിക്കുന്നു.

This post was last modified on June 8, 2018 2:18 pm

Related Post
Leave a Comment