X

സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ തുടങ്ങി നരേന്ദ്രമോദി; ശത്രുരാജ്യത്തു നിന്നുള്ള കൈയടികൾക്കായി കോൺഗ്രസ്സ് പ്രസ്താവനകളിറക്കുന്നു

താനും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കോടതിയും നുണ പറയുന്നുവെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.

അസംബ്ലി തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിക്കു പിന്നാലെ 2019 തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ ശക്തമാക്കി ബിജെപി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ നടത്തിയ യോഗത്തിൽ റാഫേൽ ഇടപാട് സംബന്ധിച്ച കോടതിവിധിയെ മുൻനിർത്തി കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നാക്രമിച്ചു. ഇന്ത്യൻ പട്ടാളത്തെ ദുർബലപ്പെടുത്താനായി കോൺഗ്രസ്സ് ശത്രുരാജ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതായി മോദി ആരോപിച്ചു. കോൺഗ്രസ്സ് നേതാക്കന്മാർ പാകിസ്താനിൽ നിന്നും കേൾക്കുന്ന കൈയടികൾക്കു വേണ്ടി പ്രസ്താവനകൾ നടത്തുന്നതായി അദ്ദേഹം പറഞ്ഞു.

താനും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കോടതിയും നുണ പറയുന്നുവെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസ്സിന് നുണയല്ലാതെ മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അവർ എത്ര വേണമെങ്കിലും നുണകൾ പറയട്ടെ. എനിക്ക് പറയാനുള്ളത് ഈ രാജ്യത്തെ സായുധസേനയെ ആധുനികവൽക്കരിക്കാന്‍ യാതൊന്നും ചെയ്യാത്തവരാണ് കോൺഗ്രസ്സ് എന്ന് രാജ്യം മറക്കില്ല -മോദി പറഞ്ഞു.

അഗസ്റ്റ് വെസ്റ്റ്‍ലാൻഡ് കുംഭകോണക്കേസിലെ മധ്യസ്ഥനായ ക്രിസ്റ്റ്യൻ മിഷേലിനെ തങ്ങൾ പിടികൂടി ഇന്ത്യയിലെത്തിച്ചെന്നും മോദി പറഞ്ഞു. ക്രിസ്റ്റ്യൻ മിഷേലിനു വേണ്ടി വക്കീലന്മാരെ ഏർപ്പാടാക്കാനാണ് കോൺഗ്രസ്സ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. റായ്ബറേലിയുടെ വികസനത്തിനായി സോണിയ ഗാന്ധി യാതൊന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു.