X

റിലയൻസിന്റെ പങ്കാളിത്തം നിർബന്ധിത വ്യവസ്ഥയാക്കി; റാഫേല്‍ ഇടപാടിൽ സുപ്രധാന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

ഒരു മാധ്യമം പുറത്തു കൊണ്ടുവന്ന ഡസ്സോൾട്ട് ഏവിയേഷന്റെ ആഭ്യന്തര രേഖകളിലാണ് റിലയൻസിനെക്കൂടാതെ റാഫേൽ നടപ്പാക്കാൻ കഴിയാത്ത വിധത്തിലുള്ള വ്യവസ്ഥ ഇന്ത്യ വെച്ചിരുന്നതായി വെളിപ്പെടുത്തപ്പെട്ടത്.

റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷന്‍ ഇന്ത്യയുമായി ഏർപ്പെട്ട കരാർ പ്രകാരം അനിൽ അംബാനിയുടെ റിലയൻസുമായുള്ള ഓഫ്‌സെറ്റ് പങ്കാളിത്തം (അനുബന്ധ കരാർ പങ്കാളി) ബന്ധം നിർബന്ധിതമായ ഒന്നായിരുന്നെന്ന് വെളിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഡസ്സോൾട്ട് ഏവിയേഷന്റെ ആഭ്യന്തര രേഖകൾ സഹിതമാണ് മീഡിയപാർട് എന്ന മാധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 ജെറ്റ് വിമാനങ്ങളുടെ കച്ചവടത്തിന് ഇത്തരമൊരു വിട്ടുവീഴ്ച നിർബന്ധമായിരുന്നെന്ന് രേഖകൾ പറയുന്നുണ്ട്. മീഡിയപാർട് തന്നെയാണ് നേരത്തെ മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. മോദിയുടെ ആവശ്യപ്രകാരമായിരുന്നു കരാറിൽ റിലയൻസിനെ ഉൾപ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.

റിലയൻസിനെ ഇന്ത്യയിലെ ഓഫ്‍സെറ്റ് പാർട്ട്ണറായി ചേർക്കാതെ റാഫേൽ കരാർ കമ്പനിക്ക് നേടാൻ കഴിയില്ലായിരുന്നുവെന്ന് ഡസ്സോൾട്ട് ഏവിയേഷൻ രേഖകൾ ചൂണ്ടിക്കാട്ടുന്നു. അതെസമയം ഈ റിപ്പോർട്ടിനെ ഡാസ്സോൾട്ട് തള്ളിക്കളഞ്ഞു. റിലയൻസ് ഗ്രൂപ്പിനെ തങ്ങൾ ആരുടെയും നിർബന്ധപ്രകാരം തെരഞ്ഞെടുത്തതല്ലെന്ന് അവർ വ്യക്തമാക്കി.

2017 ഫെബ്രുവരി പത്താംതിയ്യതിയാണ് റിലയൻസ് എയ്റോസ്പേയുമായുള്ള സംയുക്ത സംരംഭത്തിന് ഡാസ്സോൾട്ട് തുടക്കമിട്ടതെന്നും മഹീന്ദ്ര, കൈനറ്റിക് തുടങ്ങിയ നൂറ് കമ്പനികളുമായി ഇത്തരം പങ്കാളിത്തം അന്ന് സ്ഥാപിച്ചിരുന്നെന്നും ഡാസ്സോള്‍ട്ട് പറഞ്ഞു.

റാഫേൽ കരാറിനോടൊപ്പം വരുന്ന 30,000 കോടിയോളം വരുന്ന തുകയുടെ ഓഫ്‌സെറ്റ് കരാറുകളും ഒരു ലക്ഷം കോടി രൂപയുടെ ലൈഫ് സൈക്കിൾ കോസ്റ്റ് കരാറും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിന് കിട്ടേണ്ടിയിരുന്നത് വിമാനനിർമാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനമായ റിലയൻസ് എയ്റോസ്പേസിന് നൽകി എന്നതാണ് ആരോപണം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തിനോട് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തപ്പെട്ടു. മുൻ പ്രസിഡണ്ടിന്റെ ഭാര്യ നിർമിക്കുന്ന രണ്ട് ചിത്രങ്ങളിൽ ദശകോടികളുടെ നിക്ഷേപവും അനിൽ അംബാനി നടത്തിയിരുന്നു.

സിനിമാ പ്രവർത്തനങ്ങൾ നടക്കവെ സമാന്തരമായി ഡസ്സോൾട്ട് കമ്പനിയുമൊത്ത് അനിൽ അംബാനി തന്റെ ഗൂഢാലോചനകൾ തുടർന്നിരുന്നു എന്നാണ് വെളിപ്പെട്ടത്. ഇരുവരും സംയുക്തമായി ഒരു കമ്പനി രൂപീകരിച്ചു. ഡസ്സോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) എന്ന ഈ കമ്പനിയിൽ 51% ഓഹരികളും റിലയൻസിന്റെ പക്കലാണുള്ളത്. 49% ഓഹരി ഡസ്സോള്‍ട്ടിന്റെ പക്കലും. റാഫേൽ ധാരണാപത്രം 2016 ജനുവരിയിൽ ഒപ്പിട്ടതിനു ശേഷം സിനിമാനിര്‍മാണം സജീവമായി നീങ്ങി. ചിത്രം 2017 ഡിസംബർ 20ന് പുറത്തിറങ്ങി.

നാഗ്പൂരിൽ ഡസ്സോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ നിർമാണ ഫാക്ടറി സ്ഥാപിക്കപ്പെടുന്നതും ഏതാണ്ടിതേ കാലയളവിലാണ്. അന്നത്തെ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാർലെയും ഇന്ത്യൻ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 2016 സെപ്തംബർ 23ന് കരാർ നിലവിൽ വരുന്നതിനു ഏതാണ്ട് ഒരാഴ്ച മുമ്പു തന്നെ റിലയൻസ്-ഡസ്സോൾട്ട് സംയുക്ത സഖ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നു!

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

This post was last modified on October 11, 2018 2:21 pm