X

കുമ്മനം തീവ്ര ഹിന്ദുത്വവാദി; ഭേദപ്പെട്ട ഒരാളെ വേണം: കുമ്മനത്തിനെതിരെ മിസോറമിൽ പ്രതിഷേധം

ഭേദപ്പെട്ട ഒരാളെ ഗവർണറായി നിശ്ചയിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.

കുമ്മനം രാജശേഖരനെ മിസോറം ഗവർണറാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം. തീവ്ര ഹിന്ദുത്വ വാദിയായ കുമ്മനത്തെപ്പോലൊരാളെ തങ്ങൾക്കാവശ്യമില്ലെന്ന് പ്രതിഷേധവുമായെത്തിയ മിസോറമിലെ വിവിധ സംഘടനകൾ പറഞ്ഞു. മിസോറാമിലെ ഒരു ജനകീയ കൂട്ടായ്മയായ പ്രിസം, ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യൻസ് എന്നിവയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

ഭേദപ്പെട്ട ഒരാളെ ഗവർണറായി നിശ്ചയിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. കുമ്മനം തീവ്ര ഹിന്ദുത്വ വാദിയും സജീവ രാഷ്ട്രീയക്കാരനുമാണെന്നും പ്രിസം ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി സ്വാധീനിക്കപ്പെടാൻ ഇത് ഇടയാക്കും.

അതെസമയം സംസ്ഥാന അധ്യക്ഷ പദവിക്കുവേണ്ടി കേരളത്തിലെ ബിജെപിയിൽ തമ്മിൽത്തല്ല് മുറുകുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗവും വി മുരളീധരൻ വിഭാഗവുമെല്ലാം രംഗത്തുണ്ട്. കുമ്മനം അധ്യക്ഷനായ ശേഷം ബിജെപിക്ക് കേരളത്തിൽ കാര്യമായ വളർച്ച ഉണ്ടായില്ലെന്ന വി മുരളീധരന്റെ വിമർശനത്തിനു പിന്നാലെയാണ് കുമ്മനത്തെ മാറ്റിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പു കൂടി മുന്നിൽക്കണ്ട് നടത്തിയ നീക്കമായാണ് കുമ്മനത്തെ മിസോറം ഗവർണറാക്കിയ നടപടി നിരീക്ഷിക്കപ്പെടുന്നത്. കേന്ദ്രം കേരളത്തിലെ ബിജെപിയെ പ്രാധാന്യത്തോടെ കാണുന്നുവെന്ന സൂചന കൈമാറാന്‍ ഈ നടപടിക്കാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇത് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് വിഹിതം കൂട്ടുന്നതിലേക്ക് എത്തുമോയെന്ന കാര്യത്തിൽ ബിജെപി പ്രവർത്തകർ തന്നെ സംശയിക്കുന്നുണ്ട്.

This post was last modified on May 29, 2018 12:11 pm