വ്യാപകമായി പ്രതിഷേധങ്ങളുയരുകയും ജനങ്ങൾക്ക് ബാങ്കുകളിന്മേലുള്ള വിശ്വാസം നഷ്ടമാകുന്നതിന്റെ സൂചനകള്‍ കിട്ടിത്തുടങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദ്ദിഷ്ട എഫ്ആർഡിഐ (ഫിനാൻഷ്യൽ റെസല്യൂഷൻ ഡെപ്പോസിറ്റ് ആൻഡ് ഇൻഷുറൻസ്) ബിൽ അവതരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു. ബില്ലിലെ ‘ബെയ്ൽ ഇൻ’ വകുപ്പാണ് ഏറെ വിവാദങ്ങളുണ്ടാക്കിയത്.
ഇതേ പ്രശ്നത്തിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് തീരുമാനം. ബില്ല് പിൻവലിക്കാനുള്ള നിർദ്ദേശം തയ്യാറാക്കാൻ സാമ്പത്തികകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടുനിരോധനം അടക്കമുള്ള സാമ്പത്തികതീരുമാനങ്ങളിലൂടെ തകർന്നുകിടക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ക്ഷീണിപ്പിക്കാൻ പുതിയ നിയമം കാരണമായേക്കുമെന്ന് വിദഗ്ധോപദേശം കിട്ടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാങ്കുകൾ പാപ്പരാകുമ്പോഴോ കിട്ടാക്കടം വഴി ആസ്തിയിൽ നിലനിൽപ്പിന് അപകടകരമായ സാഹചര്യം ഉരുത്തിരിയുമ്പോഴോ നിക്ഷേപകരുടെ പണം ഉപയോഗിച്ച് പ്രസ്തുത സാഹചര്യത്തെ മറികടക്കാം എന്നതാണ് ബെയ്ൽ ഇൻ വകുപ്പ്. അതായത് ബാങ്ക് നിക്ഷേപങ്ങൾക്ക് സർക്കാർ നൽകിവന്നിരുന്ന ഗ്യാരണ്ടി ഇല്ലാതാകുന്നു എന്ന് ചുരുക്കം. നിലവിൽ 1 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷൂറൻസ് സംരക്ഷണമുണ്ട്. ഇത് പുതിയ ബില്ല് വരുന്നതോടെ അതില്ലാതാകും. ഇപ്പോൾ നടപ്പിലുള്ള ബെയ്ൽ ഔട്ട് രീതിയുടെ നേരെ വിപരീതമായ രീതിയാണ് ബെയ്ൽ ഇൻ. ബാധ്യത മുഴുവനായും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഈ ബില്ലിനെക്കുറിച്ചുള്ള പരിഭ്രാന്തി പടർന്നതിനെ തുടർന്ന് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ആളുകൾ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതുമൂലം നോട്ട്ക്ഷാമം നേരിടുകയാണ് ഈ സംസ്ഥാനങ്ങൾ. എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഈ ഭീതി മൂലമാണ്. എടിഎമ്മുകള്‍ക്കു മുമ്പിൽ വലിയ ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു ഇക്കഴിഞ്ഞ മാസങ്ങളിൽ. ബാങ്കിൽ പണം വീണയുടനെത്തന്നെ പൂർണമായും എടുത്ത് വീട്ടിൽ കൊണ്ടുവെക്കുന്ന പ്രവണതയും ദൃശ്യമായി. പണത്തിന്റെ വിനിമയം വൻതോതിൽ കുറഞ്ഞതോടെ കേരളത്തിൽ നിന്നടക്കം നോട്ടുകൾ കൊണ്ടുപോയിരുന്നു ആർബിഐ.
This post was last modified on July 18, 2018 11:57 am
Leave a Comment