X

ഒരാഴ്ചത്തെ ലണ്ടൻ സന്ദർശനത്തിന് രാഹുൽ പോയി; യാത്രയുടെ ഉദ്ദേശ്യം അവ്യക്തം

മുന്‍കാലങ്ങളിലും രാഹുൽ ഇത്തരം യാത്രകൾ നടത്തുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി ഒരാഴ്ചത്തെ ലണ്ടൻ യാത്രയ്ക്ക് പോയതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് രാഹുൽ പറന്നതെന്നാണ് വിവരം. പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നും രാഹുൽ പിൻവാങ്ങുന്നുവെന്ന ഊഹാപോഹങ്ങളെ കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജെവാല നേരത്തെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ യാത്ര.

മുന്‍കാലങ്ങളിലും രാഹുൽ ഇത്തരം യാത്രകൾ നടത്തുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.

പഞ്ചാബിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാഹുൽ സ്ഥലംവിട്ടത്. ജൂൺ 17ന് ഇദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ അദ്ദേഹം പങ്കെടുക്കും.

ഇതിനിടെ രാഹുൽ തന്റെ മണ്ഡലമായ വയനാട്ടിൽ സന്ദർശനം നടത്തിയിരുന്നു.

എന്തിനു വേണ്ടിയാണ് ഈ സന്ദർശനമെന്ന് വ്യക്തമായിട്ടില്ല. രാഹുലിന്റെ ദുരൂഹമായ വിദേശയാത്രകൾ ബിജെപി രാഷ്ട്രീയവിവാദമാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. മോദി ദിവസം 18 മണിക്കൂർ ജോലി ചെയ്യുമ്പോൾ രാഹുൽ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ വിദേശയാത്രകൾ നടത്തുന്നുവെന്ന് ഷാ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പരിഹസിക്കുകയുണ്ടായി. മോദി നിരന്തരമായ വിദേശയാത്രകൾ നടത്തുന്നതു സംബന്ധിച്ച പഴികളെ ബിജെപി നേരിട്ടത് രാഹുലിന്റെ എന്തിനെന്ന് ആർക്കും വ്യക്തതയില്ലാത്ത യാത്രകളെ ചൂണ്ടിക്കാട്ടിയായിരുന്നു.

രാഹുൽ ഗാന്ധിയെ കാണാനായി ഡൽഹിയിലെത്തിയ ചില നേതാക്കൾക്ക് നിരാശരായി മടങ്ങേണ്ടി വന്നിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇക്കൂട്ടത്തിൽ പെടുന്നു. നാല് ദിവസത്തോളമാണ് രാഹുലിനെ കാണാൻ ഇദ്ദേഹം തലസ്ഥാനത്ത് തങ്ങിയത്. ഇത്തരം ബഹളങ്ങളിൽ നിന്ന് ഒരി തൽക്കാലശാന്തി അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് രാഹുലുമായി അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

This post was last modified on June 14, 2019 7:31 pm