X

“അമേത്തിയിലെ ദരിദ്രരുടെയും ദുർബലരുടെയും ശബ്ദം എനിക്ക് കേൾക്കാം” -കുടുംബ മണ്ഡലത്തിന് രാഹുൽ ഗാന്ധിയുടെ കത്ത്

"അധികാരത്തിലെത്തിയാൽ ബിജെപി തടഞ്ഞുവെച്ച പദ്ധതികളെല്ലാം പുനസ്ഥാപിക്കുമെന്നത് എന്റെ വാഗ്ദാനമാണ്."

അമേത്തി മണ്ഡലത്തിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് കോൺഗ്രസ്സ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ കത്ത്. തന്നെ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ പുതിയ പദ്ധതികൾ നടപ്പാക്കാമെന്നും പറഞ്ഞാണ് കത്ത്. മെയ് ആറിന് അഞ്ചാംഘട്ട പോളിങ്ങിൽ അമേത്തിയും ഉൾപ്പെടും.

‌ബിജെപി അധികാരത്തിലെത്തിയപ്പോൾ മണ്ഡലത്തിൽ നടപ്പാക്കി വന്നിരുന്ന പദ്ധതികൾ ബിജെപി തടഞ്ഞുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പദ്ധതികളെല്ലാം കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ പുനരാരംഭിക്കും. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ബിജെപി നുണഫാക്ടറികൾ നിർമിക്കുകയാണെന്നും, വോട്ടർമാരെ ആകർഷിക്കാൻ പണപ്പുഴയൊഴുക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

“അധികാരത്തിലെത്തിയാൽ ബിജെപി തടഞ്ഞുവെച്ച പദ്ധതികളെല്ലാം പുനസ്ഥാപിക്കുമെന്നത് എന്റെ വാഗ്ദാനമാണ്. മെയ് ആറിന് നടക്കുന്ന വോട്ടെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത് നിങ്ങളുടെ കുടുംബാംഗമായി എന്നെ കൂട്ടണം.” -രാഹുൽ കത്തിൽ പറഞ്ഞു.

അമേത്തിയുടെ ശക്തി സത്യസന്ധതയും വിശ്വാസ്യതയും ലാളിത്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. 2004 മുതൽ രാഹുൽ ഗാന്ധിയെ തുണയ്ക്കുന്ന മണ്ഡലമാണ് അമേത്തി. എന്നാൽ 2014ൽ ബിജെപിയുടെ സ്ഥാനാർത്ഥി സ്മൃതി ഇറാനി രാഹുലിന് ശക്തയായ എതിരാളിയായി മാറിയിരുന്നു. രാഹുലിന്റെ വോട്ടുവിഹിതത്തിൽ കാര്യമായ ഇടിവുണ്ടായി. ഇത്തവണ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ട്. പരാജയഭീതി കൊണ്ടാണിതെന്ന് ബിജെപി ആരോപിക്കുന്നു.

This post was last modified on May 3, 2019 4:45 pm