X

രാജസ്ഥാനിലെ തോല്‍വി: രാഷ്ട്രീയം പറയുന്നതില്‍ നിന്നും പോലീസുകാരെ വിലക്കി ബിജെപി സര്‍ക്കാര്‍

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബന്ധുക്കളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ഡിജിപിയുടെ നിര്‍ദ്ദേശം

സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ കമന്റുകള്‍ ഇടുന്നതില്‍ നിന്നും പോലീസുദ്യോഗസ്ഥരെ വിലക്കി ഡിജിപിയുടെ ഉത്തരവ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കുടുംബാംഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നാണംകെട്ട് തോറ്റതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

ചില മണ്ഡലങ്ങളില്‍ 0, 1, 2 എന്നിങ്ങനെയാണ് ബിജെപിയ്ക്ക് വോട്ട് ലഭിച്ചതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ജോര്‍ജ്ജ് ഓര്‍വലിന്റെ 1984ല്‍ കുടുംബത്തിനുള്ളില്‍ ചാരപ്രവര്‍ത്തി നടത്തുന്നതിനെ അനുസ്മരിച്ചാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവ വഴി ചില പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലീസ് ആസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത് രാജസ്ഥാന്‍ സിവില്‍ സര്‍വീസ് നിയമത്തിനും രാജസ്ഥാന്‍ പോലീസ് നിയമത്തിനും എതിരാണെന്നും ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അതേസമയം ഈ ഉത്തരവ് തയ്യാറാക്കിയത് കഴിഞ്ഞ ഒക്ടോബര്‍ 12നാണെന്നാണ് ഉത്തരവില്‍ നിന്നും മനസിലാകുന്നത്. സര്‍ക്കാരിനെതിരെ നടക്കുന്ന ഏതൊരു നീക്കത്തെയും ഇല്ലാതാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. അതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ബന്ധുക്കളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം ഇതൊരു പുതിയ ഉത്തരവല്ലെന്നും അടുത്തകാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ ഇതിന് പ്രേരണയായിട്ടില്ലെന്നും ഡിജിപി ഓം പ്രകാശ് ഗല്‍ഹോത്ര അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബന്ധങ്ങളിലേക്ക് പോലും ഇടപെടാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍വീസ് റൂളിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ എന്തിന്റെ പേരിലാണ് അവരുടെ കുടുംബാംഗങ്ങളുടെ കാര്യത്തിലും ഇടപെടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി അളോക് ഗെഹ്ലോട്ട് ദ വയറിനോട് ചോദിച്ചു.

This post was last modified on February 9, 2018 6:18 pm