X

ഭൂമി ഏറ്റെടുക്കലിനും ജലസേചന നിരക്കിനുമെതിരെ വോട്ട് ചെയ്യാന്‍ രാജസ്ഥാനിലെ കര്‍ഷകര്‍; കിസാന്‍സഭ പ്രക്ഷോഭങ്ങള്‍ സിപിഎമ്മിന് വോട്ടാകുമോ?

തുച്ഛമായ തുകയ്ക്കാണ് പല കര്‍ഷകരുടേയും ഭൂമി ഏറ്റെടുത്തിരിക്കുന്നത്. 25 ബീഗാ ഭൂമി 11 ലക്ഷത്തിനും മറ്റും.

രാജസ്ഥാനിലെ 25 ലോക്‌സഭ സീറ്റുകളിലെ ജനവധി ഏപ്രില്‍ 29ന്റെ നാലാം ഘട്ടത്തിലും മേയ് ആറിന്റെ അഞ്ചാം ഘട്ടത്തിലുമായി കുറിക്കപ്പെടും. നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. രാജസ്ഥാനില്‍ 13 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ടോങ്ക് സവായ് മധോപൂര്‍, അജ്മീര്‍, പാലി, ജോധ്പൂര്‍, ബാര്‍മര്‍, ജലോര്‍, ഉദയ്പൂര്‍, ബാന്‍സ്വര, ചിത്തോര്‍ഗഡ്, രാജ് സമന്ദ്, ഭില്‍വാര, കോട്ട, ഝലാവര്‍-ബരാന്‍ എന്നീ സീറ്റുകളില്‍. മേയ് ആറിന് ബാക്കിയുള്ള 12 സീറ്റുകളില്‍ – ഗംഗാനഗര്‍, ബിക്കാനീര്‍, ചുരു, ഝുന്‍ഝുനു, സിക്കാര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, ആല്‍വാര്‍, ഭരത്പൂര്‍, കരോലി-ധോല്‍പൂര്‍, ദോസ, നഗോര്‍ എന്നിവിടങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

കൃഷി ഭൂമി ഏറ്റെടുക്കലിനെതിരെയും ഭൂമി ഏറ്റെടുക്കലിന് ഉയര്‍ന്ന ജലനിരക്ക് ഈടാക്കുന്നതിന് എതിരെയും തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലുള്ള നിയോല്‍ഖിയിലെ കര്‍ഷകര്‍ എന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുച്ഛമായ തുകയ്ക്കാണ് പല കര്‍ഷകരുടേയും ഭൂമി ഏറ്റെടുത്തിരിക്കുന്നത്. 25 ബീഗാ ഭൂമി 11 ലക്ഷത്തിനും മറ്റും. ഈ മേഖലയില്‍ ഒരു ബിഗ ഭൂമിക്ക് നാല് ലക്ഷമാണ് ശരാശരി വില. വായ്പ തിരിച്ചടക്കാനായി ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. ഭൂമി ഏറ്റെടുക്കുമെന്ന ഭീതിയില്‍ രാധേ ശ്യാം എന്ന കര്‍ഷകന്‍ ഫെബ്രുവരി 11ന് ജീവനൊടുക്കിയിരുന്നു. ജില്ലയില്‍ മേയ് ആറിനാണ് തിരഞ്ഞെടുപ്പ്. ചുരു മണ്ഡലത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഭദ്ര എംഎല്‍എയായ ബല്‍വാന്‍ പൂനിയ ആണ് ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥി. ബിജെപിയുടെ രാഹുല്‍ കസ്വാനും കോണ്‍ഗ്രസിന്റെ റഫീഖ് മണ്‍ഡേലിയയിലുമാണ് ഇവിടെ മത്സരരംഗത്തുള്ളത്. കര്‍ഷകരുടെ നിലപാട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാം.

അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കടം എഴുതിത്തള്ളിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കിട്ടിയ ശേഷം ശ്യാം ഒരു ട്രാക്ടര്‍ വാങ്ങി. എന്നാല്‍ യാതൊരു കാര്യവുമുണ്ടായില്ല. തന്റെ സുഹൃത്തായ കര്‍ഷകന്റെ ഭൂമി ഏറ്റെടുത്തത് ശ്യാമിനെ ആശങ്കയിലാക്കി. അയാള്‍ ആത്മഹത്യ ചെയ്തു.

40 കിലോമീറ്റര്‍ അകലെയുള്ള നൊഹാറില്‍ സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതൊന്നും കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നില്ല. നൂറ് കണക്കിന് കര്‍ഷകര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നോട്ടീസ് ലഭിക്കുന്നു. കര്‍ഷകര്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വോട്ട് ചെയ്യും എന്നാണ് പ്രതിഷേധക്കാരിലൊരാളായ ദിലീപ് ഭാംബു പറഞ്ഞത്. കിസാന്‍സഭ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും നാല് തവണ മുമ്പ് രാജസ്ഥാന്‍ നിയമസഭാംഗവുമായിട്ടുള്ള അമ്രാ റാം കര്‍ഷകപ്രക്ഷോഭങ്ങളും പ്രധാന കേന്ദ്രങ്ങളിലൊന്നായ സിക്കാറിലും ഷിയോപാത് റാം ബിക്കാനീറിലും ജനവിധി തേടുന്നു.

കനാലുകള്‍ വഴിയുള്ള ജലസേചനത്തിനുള്ള ചാര്‍ജ്ജ് ആണ് മറ്റൊരു പ്രധാന പ്രശ്‌നം 2015-16ലെ രൂക്ഷമായ വരള്‍ച്ചയ്ക്ക് ശേഷം 25 ജില്ലകളിലെ കര്‍ഷകര്‍ക്ക് കനാല്‍ ഇറിഗേഷന്‍ ചാര്‍ജ് മേഖലയിലെ കര്‍ഷകര്‍ക്ക് ഒഴിവാക്കി കൊടുത്തിരുന്നു. ആബ്യാന വസൂലി എന്നാണ് ഈ ഇറിഗേഷന്‍ ചാര്‍ജ്ജ് അറിയപ്പെടുന്നത്. അതേസമയം കര്‍ഷകരെ 2018 ഡിസംബര്‍ വരെയുള്ള ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന പരാതിയുണ്ട്. ബില്ലടക്കാന്‍ വൈകിയതിന് 12 ശതമാനം പലിശ സഹിതം തുകയടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. 1123 രൂപയാണ് ഒരു കര്‍ഷകന് ഇപ്രകാരം അധികമായി അടക്കേണ്ടി വരുന്നത്.

വായനയ്ക്ക്: https://thewire.in/agriculture/rajasthan-farmers-land-auction-hanumangarh-elections-2019

This post was last modified on April 27, 2019 1:17 pm