X

സിദ്ധരാമയ്യയുടെ ശല്യം സഹിക്കാന്‍ വയ്യ; കോൺഗ്രസ്സ് എല്ലാ സീമകളും ലംഘിക്കുകയാണെന്ന് കുമാരസ്വാമി

മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ താൻ ഒരുക്കമാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭീഷണി. തനിക്കെതിരെ സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ് കുമാരസ്വാമി പ്രകടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ്സിന് തങ്ങളുടെ എംഎൽഎമാരെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞദിവസം സഖ്യസർക്കാരിലെ കോൺഗ്രസ്സ് മന്ത്രിമാരിലൊരാളായ സി പുട്ടരംഗ ഷെട്ടി കുമാരസ്വാമിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനോടുള്ള പ്രതികരണമായാണ് സഖ്യ സർക്കാർ തകരുമെന്ന സൂചന നൽകുന്ന പ്രസ്താവന കുമാരസ്വാമിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം സിദ്ധരാമയ്യ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി എന്നായിരുന്നു ഷെട്ടിയുടെ പ്രസ്താവന.

കോൺഗ്രസ്സ് എല്ലാ സീമകളും ലംഘിക്കുകയാണെന്ന് കുമാരസ്വാമി താക്കീത് നൽകി. കോൺഗ്രസ്സാണ് അവരുടെ എംഎൽഎമാരെ കൈകാര്യം ചെയ്യേണ്ടതെന്നും തനിക്കതിൽ ഒന്നും ചെയ്യാനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യ ക്യാമ്പിൽ നിന്നുള്ള മറ്റ് എംഎൽഎമാരും കുമാരസ്വാമിയെ നിരന്തരമായി ആക്രമിക്കുന്നുണ്ട്. സർക്കാർ അധികാരത്തിലെത്തി ഏഴുമാസം കഴിഞ്ഞിട്ടും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ചില എംഎൽഎമാര്‍ പ്രസ്താവിക്കുകയുണ്ടായി. സിദ്ധരാമയ്യയ്ക്ക് ഒരു അ‍ഞ്ചു വർഷം കൂടി കിട്ടിയിരുന്നെങ്കിൽ കർണാടകത്തിൽ വലിയ വികസനം സാധ്യമാകുമായിരുന്നെന്ന് സിദ്ധരാമയ്യയുടെ കൂടെയുള്ള കോൺഗ്രസ്സ് എംഎൽഎ എസ്ടി സോമശേഖർ പറയുകയുണ്ടായി.

കർണാടകയിലെ കോൺഗ്രസ്സിൽ ഈയിടെയുണ്ടായ പ്രതിസന്ധികളിൽ പലതിന്റെയും പിന്നിൽ സിദ്ധരാമയ്യയാണെന്ന് ശ്രുതിയുണ്ട്. താൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തനിക്ക് കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് സിദ്ധരാമയ്യ കുറച്ചുനാളായി രംഗത്തുണ്ട്. തന്റെ രാഷ്ട്രീയ എതിരാളികളാണ് പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെക്കുറിച്ച് അസൂയയുള്ളവർ നടത്തിയ കുപ്രചാരണങ്ങൾ ഫലിക്കുകയായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ പ്രസ്താവനയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ദേഷ്യത്തോടെയാണ് കുമാരസ്വാമി പ്രതികരിച്ചത്. സഖ്യ സർക്കാരിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞൊഴിയുകയും ചെയ്തു.

This post was last modified on January 28, 2019 6:50 pm