X

തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കുമെന്ന് ബിജെപി നേതാവ്

ഹൈദരാബാദിന്റെ പഴയ പേര് ഭാഗ്യനഗർ എന്നായിരുന്നെന്ന് രാജാ സിങ് അവകാശപ്പെട്ടു.

തെലങ്കാനയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് ബിജെപിയുടെ നിയമസഭാംഗം രാജാ സിങ്. സിക്കന്തരാബാദ്, കരീംനഗർ എന്നീ സ്ഥലങ്ങളുടെ പേരുകളിലും മാറ്റം വരുത്തുമെന്ന് ഇദ്ദേഹം പറഞ്ഞു. ഘോഷ്മഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭയിലെത്തിയ ആളാണ് രാജാ സിങ്.

ഹൈദരാബാദിന്റെ പഴയ പേര് ഭാഗ്യനഗർ എന്നായിരുന്നെന്ന് രാജാ സിങ് അവകാശപ്പെട്ടു. 1590ൽ ഖാളി കുത്തബ് ഷാ വന്നതിനു ശേഷമാണ് ഹൈദരാബാദ് എന്ന് പേര് മാറ്റിയത്. തെലങ്കാനയിൽ ബിജെപി വൻ വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.

മുഗളന്മാരുടെയും നിസാമുമാരുടെയും പേരുകളുള്ള എല്ലാ സ്ഥലങ്ങൾക്കും പുതിയ പേരുകളുണ്ടാകുമെന്നും രാജാ സിങ് പറയുന്നു. ഗുജറാത്തിൽ അഹ്മദാബാദ് നഗരത്തിന്റെ പേര് മാറ്റി കർണാവതി എന്നാക്കാൻ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞതിനു പിന്നാലെയാണ് രാജാ സിങ്ങിന്റെ പ്രസ്താവന വരുന്നത്.

ഭാഗ്യനഗരമോ ഭാഗ് നഗരമോ?

തെലങ്കാനയിൽ ഹിന്ദുത്വ കക്ഷികൾ നിരന്തരമായി വാദിച്ചു വരുന്ന കാര്യങ്ങളിലൊന്നാണ് ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നായിരുന്നു എന്നത്. ചരിത്രത്തിൽ ഇത്തരമൊരു പേര് കണ്ടെത്താനാകില്ല എന്നതാണ് സത്യം. ഹൈദരാബാദിന് ‘ഭാഗ് നഗർ’ എന്നൊരു പേരുണ്ടായിരുന്നു. പൂന്തോട്ടങ്ങളുടെ നഗരം എന്നാണ് ഭാഗ് നഗർ എന്നതിന്റെ അർത്ഥം. ഇതിനെ ഭാഗ്യനഗർ എന്നാക്കി വ്യാഖ്യാനിക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നത്.

Related Post
Leave a Comment