കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, കേസുകള്‍ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യവിമര്‍ശനവുമായി രംഗത്തുവരുകയും സുപ്രീംകോടതിയിലെ രൂക്ഷമായ പ്രതിസന്ധി മറ നീക്കി പുറത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ ജഡ്ജിമാര്‍ ഉന്നയിച്ച ഗൗരവമായ പ്രശ്‌നത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരമിച്ച ജഡ്ജിമാര്‍. സുപ്രീംകോടതിയിലെ ഒരു മുന്‍ ജഡ്ജിയും ഒരു മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരും. സുപ്രീംകോടതിയും ജുഡീഷ്യറിയും അതിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കിയിരിക്കുന്നു. ജസ്റ്റിസ് പിബി സാവന്ത് (സുപ്രീംകോടതി മുന്‍ ജഡ്ജി), ജസ്റ്റിസ് എപി ഷാ (ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് കെ ചന്ദ്രു (മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി) ജസ്റ്റിസ് എച്ച് സുരേഷ് (ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,
സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. അതീവ ഗൗരവമുള്ള കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അപാകതയെക്കുറിച്ചുള്ളത്. ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരം, ഏകപക്ഷീയമായാണ് കേസുകള്‍ അലോക്കേറ്റ് ചെയ്യുന്നതെന്നും മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ അലോക്കേറ്റ് ചെയ്യുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നീതിനിര്‍വഹണത്തേയും നിയമവാഴ്ചയേയും അപകടത്തിലാക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് പറയുന്നത്.
ചീഫ് ജസ്റ്റിസാണ് കേസുകള്‍ അലോക്കേറ്റ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത് ഏകപക്ഷീയമായ തരത്തില്‍ തീരുമാനം എടുക്കാനും വളരെ ഗൗരവമുള്ള കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്ക് തോന്നിയ പോലെ നല്‍കാനുമുള്ള അവകാശമല്ല. ഇതിന് പരിഹാരമുണ്ടാകണം. കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കപ്പെടണം. അത് യുക്തിസഹവും നീതിപൂര്‍വവും സുതാര്യവുമാകണം. സുപ്രീംകോടതിയിലും ജുഡീഷ്യറിയിലും ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കണം. അത് വരെ എല്ലാ ഗൗരവമായ കേസുകളും ഇപ്പോള്‍ പരിഗണനയില്‍ തുടരുന്നതടക്കം എറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുടെ ഭരണഘടന ബഞ്ച് എടുക്കണം. സുപ്രീംകോടതി നിതീപൂര്‍വമായും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജസ്റ്റിസ് പിബി സാവന്ത് (സുപ്രീംകോടതി മുന്‍ ജഡ്ജി)
ജസ്റ്റിസ് എപി ഷാ (ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്)
ജസ്റ്റിസ് കെ ചന്ദ്രു (മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി)
ജസ്റ്റിസ് എച്ച് സുരേഷ് (ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി)
This post was last modified on January 14, 2018 5:41 pm
Leave a Comment