കോൺഗ്രസ്സ് രാജ്യസഭാ എംപി സഞ്ജയ് സിങ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചു. നാളെ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രസ്താവിച്ചു. കോൺഗ്രസ്സിൽ നിന്നും രാജ്യസഭാ എംപി സ്ഥാനത്തു നിന്നും താൻ രാജി വെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
കോൺഗ്രസ് ഇന്നും ഭൂതകാലത്താണ് ജിവിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു. രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്. രാജ്യം മൊദിക്കൊപ്പമാണെങ്കിൽ താനും അദ്ദേഹത്തിനൊപ്പമാണെന്ന് സിങ് കൂട്ടിച്ചേർത്തു.
ആസ്സാമിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ മെമ്പറാണ് സഞ്ജയ് സിങ്.
സഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഞ്ജയ് സിങ്ങിന്റെ രാജി സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അമേത്തി മേഖലയിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഇക്കാരണത്താൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഇദ്ദേഹത്തെ കൂടെ നിര്‍ത്താൻ മത്സരിച്ചു വന്നിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സുൽത്താൻപൂരില്‍ മത്സരിക്കുകയുണ്ടായി. ബിജെപിയുടെ മേനകാ ഗാന്ധിയോട് തോൽക്കുകയും ചെയ്തു.
സഞ്ജയ് സിങ്ങിന്റെ ഭൂതകാലം
സഞ്ജയ് ഗാന്ധി അമേത്തി മണ്ഡലത്തിൽ മത്സരിച്ച കാലത്ത് അദ്ദേഹത്തിന് പിന്തുണ നല്‍കിയാണ് സഞ്ജയ് സിങ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത്. ഇതെത്തുടർന്ന് പിൽക്കാലത്ത് രാജീവ് ഗാന്ധിയുമായും നല്ലൊരു സുഹൃദ്ബന്ധം രൂപപ്പെടുകയുമുണ്ടായി. സഞ്ജയ്ക്കു ശേഷം അമേത്തി മണ്ഡലത്തിൽ നിന്നും മത്സരിച്ചത് ഇദ്ദേഹമായിരുന്നു. ഗാന്ധി കുടുംബമാണ് ഇദ്ദേഹത്തെ രാഷ്ട്രീയത്തിൽ വളർത്തിയെടുത്തത്. എന്നാൽ 1988ൽ സഞ്ജയ് സിങ് കോൺഗ്രസ് വിടുകയും ജനതാദളിൽ ചേരുകയും ചെയ്തു. വിപി സിങ്ങിന്റെ നേതൃത്വത്തിൽ ജനതാദൾ ഭരണം പിടിക്കുന്നതിന്റെ തൊട്ടു മുമ്പായിരുന്നു ഈ നീക്കം. പക്ഷെ, വിപി സിങ്ങിന്റെ ഭരണം 1990ൽ അവസാനിച്ചു. പിന്നീട് ചന്ദ്രശേഖർ പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ സഞ്ജയ് സിങ് വിവരവിനിമയ മന്ത്രിയായി ചുമതലയേറ്റു.
പിന്നീട് സഞ്ജയ് സിങ് താവളമാക്കിയത് ബിജെപിയാണ്. 1999ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ ഇദ്ദേഹം മത്സരിക്കുകയും ചെയ്തു. എതിരാളിയായി വന്നത് സോണിയ ഗാന്ധിയായിരുന്നു. സിങ് തോറ്റു.
2003ൽ സിങ് പിന്നെയും കോൺഗ്രസ്സിൽ ചേർന്നു. സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് ലോക്സഭയിലെത്തി. 2009ൽ കോൺഗ്രസ്സിന്റെ രാജ്യസഭാംഗമായി. ഇപ്പോൾ വീണ്ടും ബിജെപിയിലേക്ക് തിരിച്ചു.
This post was last modified on July 30, 2019 6:27 pm
Leave a Comment