X

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്? സഞ്ജീവ് ഭട്ട് പറയുന്നു

അനായാസകരമായ തൊഴില്‍ അന്തരീക്ഷമാണ് മോദി വാഗ്ദാനം ചെയ്യുന്നത്. അതായത് കുറഞ്ഞ കൂലിക്ക് അധ്വാനിക്കുന്ന തൊഴിലാളികള്‍. പിന്നെ തൊഴില്‍ നിയമങ്ങളിലും തൊഴില്‍ ആനുകൂല്യങ്ങളിലും വെള്ളം ചേര്‍ക്കല്‍.

ദാവോസിലെ ലോക സാമ്പത്തിക ഫോറവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ വെറും പൊള്ളയെന്ന് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ദാവോസ് ലോക സാമ്പത്തിക ഫോറത്തിന്റെ യാഥാര്‍ത്ഥ്യം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സഞ്ജീവ് ഭട്ട് ഇക്കാര്യം പറയുന്നത്.

ലോകത്തെ ഏറ്റവും വലുതും വലിയ ചൂഷണം നടത്തുന്നതുമായ 1000 കോര്‍പ്പറേഷനുകളുടെ സിന്‍ഡിക്കേറ്റാണ് ലോക സാമ്പത്തിക ഫോറം. വാര്‍ഷിക അംഗത്വ ഫീസ് 30 ലക്ഷം രൂപ. തന്ത്രപ്രധാന പങ്കാളിയാകാന്‍ ചിലവ് വര്‍ഷത്തില്‍ നാല് കോടി രൂപ. ആയിരത്തോളം അംഗങ്ങളും നൂറോളം സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരും നിലവില്‍ സാമ്പത്തിക ഫോറത്തിലുണ്ട്.

സ്വിറ്റ്‌സര്‍ലന്റിലെ ദാവോസിലുള്ള ഒരു അവധിക്കാല റിസോര്‍ട്ടിലാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനം നടക്കുക. വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകളെ നയിക്കുന്ന നേതാക്കളെ ക്ഷണിച്ചുവരുത്തും. ഫോറം അംഗങ്ങളുടേയും സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടേയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ മാറ്റുന്നതിന് പ്രേരിപ്പിക്കും.

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ആദ്യത്തേത് എച്ച്ഡി ദേവഗൗഡ. അന്താരാഷ്ട്ര കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ കുരുക്കില്‍ പെടാനുള്ള ഒരു രാജ്യത്തിന്റെ ഉത്സാഹത്തിന്റെ പ്രതീകമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ ക്ഷണം സ്വീകരിക്കുക എന്നത്. അനായാസകരമായ തൊഴില്‍ അന്തരീക്ഷമാണ് മോദി വാഗ്ദാനം ചെയ്യുന്നത്. അതായത് കുറഞ്ഞ കൂലിക്ക് അധ്വാനിക്കുന്ന തൊഴിലാളികള്‍. പിന്നെ തൊഴില്‍ നിയമങ്ങളിലും തൊഴില്‍ ആനുകൂല്യങ്ങളിലും വെള്ളം ചേര്‍ക്കല്‍.

ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാനായി ഒരു പ്ലേറ്റിന് ഒന്നരക്കോടി രൂപ ചിലവ് വരുന്ന അത്താഴവിരുന്നാണ് ഫോറം അംഗങ്ങള്‍ക്ക് മോദി ഒരുക്കിയത്. ഈ ബഹുരാഷ്ട്ര ഭീമന്മാര്‍ ഇന്ത്യയിലൊരുക്കുന്ന തൊഴിലവസരങ്ങളുടെ കണക്ക് കൂടി നോക്കണം. നോട്ട് നിരോധനത്തിലൂടെ മോദി തകര്‍ത്ത ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി ഈ പണം ചിലവാക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇതില്‍ ചിലതിനെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യയുടെ തൊഴിലില്‍ 70 ശതമാനത്തോളവും ജിഡിപിയുടെ പകുതി പ്രദാനം ചെയ്യുന്നതും ഈ അസംഘടിത മേഖലയാണ്. എന്നാല്‍ ഭ്രാന്തമായ അധികാരോന്മാദം മുന്നോട്ട് പോവുകയാണ്. യുക്തി ദൂരെ എവിടെയോ ആണ്.

This post was last modified on January 27, 2018 1:39 pm